അട്ടത്തോട്ടിലെ അനീഷ് ഔട്ട്: പമ്പ ത്രിവേണിയില്‍ ആദിവാസി വിഭാഗത്തിനുള്ള ബലിത്തറ സിപിഎമ്മുകാരന് പതിച്ചു നല്‍കി: നോട്ടീസ് അയച്ച് ഹൈക്കോടതി

0 second read
Comments Off on അട്ടത്തോട്ടിലെ അനീഷ് ഔട്ട്: പമ്പ ത്രിവേണിയില്‍ ആദിവാസി വിഭാഗത്തിനുള്ള ബലിത്തറ സിപിഎമ്മുകാരന് പതിച്ചു നല്‍കി: നോട്ടീസ് അയച്ച് ഹൈക്കോടതി
0

ശബരിമല: സിപിഎം അംഗത്തിന് പമ്പയിലെ ബലിത്തറ നല്‍കുന്നതിന് വേണ്ടി അര്‍ഹതപ്പെട്ട ആദിവാസി യുവാവിനെ പുറത്താക്കി ദേവസ്വം ബോര്‍ഡ്. 20 ബലിത്തറകളില്‍ ഒരെണ്ണം ആദിവാസി വിഭാഗത്തിന്  നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശം ലംഘിച്ചാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി. അഞ്ചു പുരോഹിതര്‍ ചേര്‍ന്ന്  നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ദേവസ്വം ബോര്‍ഡിന് നോട്ടീസ് അയച്ചു.  ഹര്‍ജി വീണ്ടും  തിങ്കളാഴ്ച പരിഗണിക്കും.

മണ്ഡല-മകര വിളക്ക് കാലത്ത് പമ്പയില്‍ തീര്‍ഥാടകര്‍ക്ക് ബലി തര്‍പ്പണം നടത്തുന്നതിന്  വേണ്ടിയാണ് ബലിത്തറകള്‍ അനുവദിച്ചിരിക്കുന്നത്. ശബരിമല തീര്‍ഥാടനത്തില്‍ ബലിയിടല്‍ ഒരു ആചാരവും അനുഷ്ഠാനവുമാണ്. വനവാസ കാലത്ത് ശ്രീരാമന്‍ പിതാവിന്റെ മരണവാര്‍ത്തയറിഞ്ഞ്  പമ്പ ത്രിവേണിയില്‍ മോക്ഷത്തിനായി ബലിയിട്ടതാണ് ഇത്തരമൊരു ആചാരത്തിന് പിന്നിലെന്ന് ഐതിഹ്യമുണ്ട്. അയ്യപ്പന്റെ പഴമ്പാട്ടുകളില്‍ പറയുന്നത് കൊളളക്കാരനായ ഉദയനെയും സംഘത്തെയും  വധിച്ച അയ്യപ്പനും കൂട്ടരും ഇവിടെയെത്തി തങ്ങളുടെ കൂട്ടത്തില്‍ കൊല്ലപ്പെട്ടവരുടെ മോക്ഷത്തിനായി ബലിതര്‍പ്പണം നടത്തിയെന്നുമാണ്. ഉദയനെതിരായ പോരാട്ടത്തില്‍ അയ്യപ്പനെ സഹായിച്ചത് ആദിവാസികളാണ്. അതു കൊണ്ടു തന്നെ അവര്‍ക്ക് പമ്പയില്‍ ബലിതര്‍പ്പണ കര്‍മം നടത്താനുള്ള അവകാശമുണ്ട്.

ഇക്കുറി പിതൃതര്‍പ്പണത്തിനുള്ള ബലിത്തറകള്‍ അനുവദിച്ചപ്പോള്‍ ശബരിമല വനത്തിലെ ആദിവാസികളെ പട്ടികയ്ക്ക് പുറത്താക്കുകയാണ് ദേവസ്വം ബോര്‍ഡ് ചെയ്തത്. അട്ടത്തോട്  ആദിവാസി കോളനിയിലെ അനന്തു അനീഷ് ആദിവാസി വിഭാഗത്തിലെ അപേക്ഷകനായിരുന്നു. തിരുവനന്തപുരത്ത് നടന്ന അഭിമുഖത്തില്‍ പങ്കെടുത്തു. പിതൃതര്‍പ്പണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്  കൃത്യമായ ഉത്തരം നല്‍കുകയും ചെയ്തു.  ആദിവാസി വിഭാഗത്തിന്റെ പട്ടികയില്‍ ഒന്നാമതെത്തിയിട്ടും അനന്തുവിനെ പരിഗണിച്ചില്ല. പകരം ആദിവാസി ബലിത്തറ ചിറ്റാറിലുള്ള സിപിഎം അംഗത്തിന്  കൊടുക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷവും ആദിവാസി ബലിത്തറ ചിറ്റാര്‍ സ്വദേശിക്കാണ് കൊടുത്തത്.

ആകെയുള്ള 20 ബലിത്തറകളില്‍ ഒന്നു മാത്രമാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം ആദിവാസികള്‍ക്കായി മാറ്റി വച്ചിട്ടുള്ളത്. മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇഷ്ടക്കാര്‍ക്ക് മാത്രം ബലിത്തറകള്‍ അനുവദിച്ചതിനെതിരേ അഞ്ചു പുരോഹിതര്‍ നല്‍കിയ പരാതി ഇന്നലെയാണ് ഹൈക്കോടതി പരിഗണിച്ചത്. ബലിത്തറയിലെ പുരോഹിതന്മാര്‍ കേസുകളില്‍ പ്രതിയാകരുതെന്നും സ്വഭാവശുദ്ധിയുണ്ടാകണമെന്നും അപേക്ഷാ സമയത്തെ മാനദണ്ഡങ്ങളില്‍ ഉണ്ടായിരുന്നു. ഇതിന് വിരുദ്ധമായി ആലപ്പുഴ ജില്ലയില്‍ രണ്ട് അബ്കാരി കേസിലെ പ്രതിക്കും ബലിത്തറ അനുവദിച്ചതായി ഇവര്‍ കോടതിയെ അറിയിച്ചു.

തുടര്‍ന്നാണ് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റിക്കൊണ്ട് ഹൈക്കോടതി ദേവസ്വം ബോര്‍ഡിന് നോട്ടീസ്  അയച്ചത്.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…