അടൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. ഇടിച്ചു വീഴ്ത്തിയ ബൈക്കിലുണ്ടായിരുന്ന രണ്ടു യുവാക്കള്‍ക്ക് പരുക്കേറ്റു. ബൈക്ക് ഇവര്‍ മോഷ്ടിച്ചു കൊണ്ടു വരും വഴിയാണ് അപകടമുണ്ടാക്കിയതെന്ന തിരിച്ചറവില്‍ പൊലീസ് എത്തി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ പ്രതികളെ അറസ്റ്റ് ചെയ്തു.
എഴംകുളം പട്ടാഴിമുക്കില്‍ വ്യാഴാഴ്ച വൈകിട്ട് ആറിനാണ് ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് നെടുമണ്‍ കക്കുഴി പുരയിടത്തില്‍ നസീര്‍ അബ്ദുല്‍ ഖാദര്‍ (52) മരിച്ചത്. സാരമായി പരുക്കേറ്റ നസീറിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പരുക്കേറ്റ് ചായലോട് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പുനലൂര്‍ കരവാളൂര്‍ കലയനാട് പന്നിക്കോണം ചരുവിള പുത്തന്‍വീട്ടില്‍ പി. മുകേഷ്(32), പത്തനാപുരം പുന്നല ചാച്ചിപുന്ന ഇഞ്ചൂര്‍ തെക്കേക്കര ലക്ഷംവീട് കോളനിയില്‍ ശ്രീജിത്ത്(20) എന്നിവരുടെ അറസ്റ്റ് അവിടെ എത്തി പോലീസ് രേഖപ്പെടുത്തി.
ശ്രീജിത്തിന്റെ സഹോദരി ഭര്‍ത്താവാണ് മുകേഷ്. ഇരുപതിലധികം മോഷണം, പോക്‌സോ എന്നിവയുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. കടമ്പനാട് ലക്ഷ്മി നിവാസില്‍ അര്‍ജുന്റെ ടി.വി.എസ്.ബൈക്കാണ് ഇവര്‍ മോഷ്ടിച്ച് കടന്നത്. ബൈക്കുമായി പത്തനാപുരം ഭാഗത്തേക്ക് ചീറിപ്പായുമ്പോഴാണ് കെ.പി. റോഡില്‍ പട്ടാഴിമുക്കില്‍ അപകടം ഉണ്ടായത്.
അടൂര്‍ ഫെഡറല്‍ ബാങ്കിനു സമീപം പി.എസ്.സി. കോച്ചിങ് ക്ലാസിന് എത്തിയതായിരുന്നു അര്‍ജുന്‍. കെട്ടിടത്തിനു മുമ്പില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത് ക്ലാസില്‍ കയറി. തുടര്‍ന്ന് രാത്രി ഏഴിന് ക്ലാസ് കഴിഞ്ഞ് തിരികെ വന്നു നോക്കുമ്പോള്‍ ബൈക്ക് ഇല്ലായിരുന്നു. ഉടന്‍ തന്നെ സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സി.സി.ടി.വി.ദൃശ്യം പരിശോധിച്ചപ്പോള്‍ രണ്ട് യുവാക്കള്‍ ബൈക്കുമായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. പൊലീസില്‍ പരാതി നല്‍കിയ അര്‍ജുന്‍ ബൈക്ക് മോഷണം പോയ വിവരം സാമൂഹിക മാധ്യമങ്ങളില്‍ കൂടിയും പ്രചരിപ്പിച്ചു. പൊലീസ് ബൈക്ക് മോഷണത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരവെയാണ്, അപകടമുണ്ടാക്കിയത് മോഷ്ടിക്കപ്പെട്ട വണ്ടിയാണെന്ന് അറിയുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രതികള്‍ക്ക് പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി.
ഒന്നാം പ്രതി മുകേഷിന് ഗുരുതരമായ പരുക്കുള്ളതിനാല്‍ മജിസ്‌ട്രേറ്റ് ആശുപത്രിയലെത്തി തുടര്‍ നടപടികള്‍; സ്വീകരിച്ചു. മുകേഷ് സ്ഥിരം ബൈക്ക് മോഷണ കേസുകളില്‍ പ്രതിയാണ്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.
അപകടത്തില്‍ മരിച്ച നസീറിന്റെ മൃതദേഹം വെള്ളിയാഴ്ച ഏഴംകുളം ജുംആ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു. അടൂര്‍ പോലീസ് ഇന്‍സ് പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.