ചിറ്റാര്‍: തമിഴ്നാട് പോലീസ് ഒന്നരവര്‍ഷമായി തെരഞ്ഞു കൊണ്ടിരുന്ന നിരവധി മോഷണ കേസുകളിലെ പ്രതിയെ നീലിപിലാവില്‍ നിന്നും ചിറ്റാര്‍ പോലീസ് പിടികൂടി. പിന്നീട് തമിഴ്നാട് പോലീസിന് കൈമാറി. തിരുനെല്‍വേലി മുന്നീര്‍പള്ളം മേലകരുണ്‍കുളം സുഭാഷ് ചന്ദ്രബോസ് സ്ട്രീറ്റില്‍ മൈദീന് പിച്ചയാണ് അറസ്റ്റിലായത്.
എസ്.ഐ രവീന്ദ്രന് നായര്‍, സിപിഓമാരായ മിഥുന്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് ഒളിവില്‍ കഴിഞ്ഞുവന്ന മോഷ്ടാവിനെ പിടികൂടിയത്. തിരുനെല്‍വേലി കല്ലിടിക്കുറിച്ചി എസ്.ഐ അല്‍വറും സംഘവും ഇയാളെ ഏറ്റു വാങ്ങി. വാഹനമോഷണം ശീലമാക്കിയ മൈദീന് പിച്ച കഴിഞ്ഞ 30 ന് കല്ലിടിക്കുറിച്ചിയില്‍ നിന്നും ബജാജ് പ്ലാറ്റിന മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചു കടക്കുകയായിരുന്നു. അതിര്‍ത്തി കടന്ന് സീതത്തോട് എത്തിയ മോഷ്ടാവ് ടൈല്‍സ് പണിയും മേസ്തിരി പണിയുമൊക്കെയായി പലര്‍ക്കൊപ്പം കൂടി. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ലൊക്കേഷന്‍ ഇവിടെ കാണിച്ചതിനെ തുടര്‍ന്ന് ചിറ്റാര്‍ പോലീസിനെ വിവരം ധരിപ്പിച്ചു.
അങ്ങനെയാണ് എസ്.ഐ രവീന്ദ്രന്റെ നേതൃത്വത്തില്‍ മോഷ്ടാവിനെ കുടുക്കാന്‍ പോലീസ് മലകയറിയത്. തമിഴ്നാട് പോലീസ് അയച്ച ഇയാളുടെ ഫോട്ടോ കാട്ടി തദ്ദേശവാസികളില്‍ ചിലരോട് അന്വേഷണം നടത്തി. ഇന്നലെ രാത്രി ഒമ്പതോടെ ഇയാളുടെ താമസസ്ഥലം കണ്ടെത്തി തിരിച്ചറിഞ്ഞു പിടികൂടുകയായിരുന്നു. തമിഴ്നാട് പോലീസ് സംഘവും ഒപ്പമുണ്ടായിരുന്നു. ശ്രമകരമായ ദൗത്യത്തിലൂടെ കസ്റ്റഡിയിലെടുത്ത മോഷ്ടാവിനെ താഴെ റോഡില്‍ എത്തിച്ചപ്പോള്‍ അവിടെ ഒളിച്ചു വച്ചിരുന്ന മോഷണ ബൈക്ക് പ്രതി കാട്ടിക്കൊടുത്തു. ഇതും കസ്റ്റഡിയില്‍ എടുത്തു.