തേനി: കൂടല്ലൂരിന് സമീപം വനമേഖലയില്‍ നായാട്ടിനെത്തിയ ആളെ വനപാലകര്‍ വെടിവച്ച് കൊന്നു.തേനി ജില്ലയിലെ കൂടല്ലൂരിനടുത്തുള്ള കുള്ളപ്പകുണ്ടന്‍പെട്ടി സ്വദേശി ഈശ്വരന്‍ (55) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മേഘമല കടുവാ സങ്കേതത്തിന് കീഴിലുള്ള സുരുളിയാര്‍ പവര്‍ സ്‌റ്റേഷന് സമീപമുള്ള നിരോധിത വനമേഖലയില്‍ നായാട്ടിന് എത്തിയതാണ് ഇയാള്‍. വനപാലകരെ കണ്ടയുടന്‍ ആയുധങ്ങളുമായി ആക്രമിക്കാന്‍ ഈശ്വരന്‍ ശ്രമിച്ചതോടെയാണ് വെടിയുതിര്‍ത്തതെന്ന് വനപാലകര്‍ പറയുന്നു.
വെടിയേറ്റ ഈശ്വരന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇക്കാര്യം വനപാലകര്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. തേനി ജില്ലാ പൊലീസ് സൂപ്രണ്ട് പ്രവീണ്‍ ഉമേഷ് ഡോംഗരെ, ഉത്തമപാളയം ഉത്‌കോട്ട പൊലീസ് അഡീഷണല്‍ സൂപ്രണ്ട് മധുകുമാരി, ഉത്തമപാളയം ആര്‍.ഡി.ഒ ചന്ദ്രശേഖരന്‍ എന്നിവര്‍ സ്ഥലത്ത് എത്തി. ഉത്തമപാളയം മജിസ്‌ട്രേറ്റ് എത്തി മൃതദേഹപരിശോധന നടത്തി കമ്പം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് ഈശ്വരന്റെ ബന്ധുക്കള്‍ കമ്പം സര്‍ക്കാര്‍ ആശുപത്രി ഉപരോധിച്ചു. മൃതദേഹം കമ്പം ആശുപത്രിയില്‍ നിന്നും തേനിയിലേക്ക് മാറ്റിയതിനെതിരെയാണ് പ്രതിഷേധം. അതെ സമയം മരിച്ച ഈശ്വരന്‍ വര്‍ഷങ്ങളായി കാട്ടില്‍ വന്യമൃഗങ്ങളെ വേട്ടയാടുന്ന ആളാണെന്ന് വനപാലകര്‍ പറഞ്ഞു. വനമേഖലയില്‍ ബയോ പ്രഷര്‍ ഇലക്ട്രിക് വയറുകള്‍ ഉപയോഗിച്ച് കമ്പികള്‍ സ്ഥാപിച്ച് ഇതിലൂടെ വൈദ്യുതി കടത്തിവിട്ട് വേട്ട നടത്തുകയായിരുന്നു.
ഇങ്ങനെ ലഭിക്കുന്ന മൃഗങ്ങളുടെ മാംസം ഇയാള്‍ വില്പന നടത്തിയിരുന്നതായി വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2016 ല്‍ ഈശ്വരനും സഹായിയും ഇത്തരത്തില്‍ വേട്ട നടത്തുന്നതിനിടയില്‍ വൈദ്യുതാഘാതമേറ്റ് ഒപ്പമുണ്ടായിരുന്നയാള്‍ കൊല്ലപ്പെട്ടിരുന്നു.വന്യമൃഗങ്ങളെ വേട്ടയാടല്‍, കള്ളക്കടത്ത് തുടങ്ങി നിരവധി കേസുകളില്‍ ഈശ്വരന്‍ പ്രതിയാണെന്ന് അധികൃതര്‍ പറഞ്ഞു.