പത്തനംതിട്ട: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിശദീകരണവും മാപ്പപേക്ഷയുമായി കേസിലെ പ്രതി റിവ തോളൂര്‍ ഫിലിപ്പ് രംഗത്ത് വന്നു. ഫേസ് ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹം മാപ്പപേക്ഷ നടത്തിയിരിക്കുന്നത്. ഇതിനിടെ എസ്ഡിപിഐ നല്കിയ കേസുമായി ബന്ധപ്പെട്ട് റിവയെ കോഴഞ്ചേരി തെക്കേമലയിലെ വീട്ടില്‍ നിന്ന് പത്തനംതിട്ട പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്്.
പെട്ടന്നുണ്ടായ വികാര വിക്ഷോഭത്തെ തുടര്‍ന്നാണ് എസ്ഡിപിഐക്കെതിരെ പോസ്റ്റിട്ടത് എന്ന് റിവ പോസ്റ്റില്‍ പറയുന്നു. പിന്നീടാണ് സ്ഫോടനത്തിന് പിന്നില്‍ ഡൊമിനിക് മാര്‍ട്ടിനെന്നയാളാണെന്ന് അറിഞ്ഞത്. പിന്നാലെ പോസ്റ്റുകള്‍ റിമൂവ് ചെയ്തു. തന്റെ പോസ്റ്റിന് പിന്നില്‍ ഒരു മതത്തെയും അധിക്ഷേപിക്കാനാ മതസ്പര്‍ദ്ധ പരത്താനുമുള്ള ലക്ഷ്യമില്ലായിരുന്നുവെന്നും റിവ ഫിലിപ്പ് പറയുന്നു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
‘കഴിഞ്ഞ ദിവസം കളമശേരിയില്‍ നടന്ന ബോംബ് സ്ഫോടനം സംബന്ധിച്ച് തെറ്റായ ഒരു അഭിപ്രായം ഞാന്‍ ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയിരുന്നു. പെട്ടന്നുണ്ടായ ഒരു വികാരവിക്ഷോഭത്തില്‍ എസ്ഡിപിഐയെ കുറ്റപ്പെടുത്തി ആയിരുന്നു അത് ചെയ്തത്. അതിനെ തുടര്‍ന്ന് എനിക്കെതിരെ പത്തനംതിട്ട ജില്ലാ പോലീസില്‍ എസ്ഡിപിഐ പരാതി നല്കുകയുണ്ടായി.
പിന്നീട് വൈകുന്നേരം കളമശേരിയില്‍ സ്ഫോടനം നടത്തി നിരപരാധികളെ കൊന്നത് ഡൊമിനിക് മാര്ട്ടിന് എന്ന് പേരുള്ള ഒരാള്‍ ആണെന്ന് അറിയാന്‍ കഴിഞ്ഞു. അതിനെ തുടര്‍ന്ന് ഞാന്‍ ആ പോസ്റ്റുകള്‍ റിമൂവ് ചെയ്യുകയാണ് ഉണ്ടായത്.
ഞാന്‍ എഴുതിയത് ഒരു മതത്തെയും അധിക്ഷേപിക്കാനോ മതസ്പര്‍ദ്ധ പരത്തുവാനോ ഉള്ള ലക്ഷ്യം അല്ലായിരുന്നു. പെട്ടന്നുള്ള ഒരു വികാരത്തിന്റെ പുറത്തു സംഭവിച്ചതാണ്.
ഞാന്‍ എഴുതിയ തെറ്റായ പോസ്റ്റ് / അഭിപ്രായം മൂലം സഹോദര മത വിശ്വാസികള്‍ക്കോ, സംഘടനകള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ ഉണ്ടായ വിഷമങ്ങള്‍ക്കു ഞാന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. മാപ്പു അപേക്ഷിക്കുന്നു. ഇനി എന്റെ ഭാഗത്തു നിന്നും ഇത്തരം വീഴ്ചകള്‍ ആര്‍ക്കെതിരെയും ഉണ്ടാകില്ല എന്ന് അറിയിക്കുന്നു.
എസ്ഡിപിഐ എന്ന സംഘടനക്ക് ഈ ബോംബ് സ്ഫോടനവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞാന്‍ മനസിലാക്കുന്നു. മാത്രമല്ല അവര്‍ കേരളത്തിലെ പല ജില്ലകളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നുണ്ടെന്നു മനസിലാക്കുന്നു.
നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ ജനങ്ങളും, മതരാഷ്ട്രീയ വ്യത്യാസം മറന്നു ഒന്നിച്ചു നില്‍ക്കണമെന്നും മത സൗഹാര്‍ദ്ദം ഇവിടെ നിലനില്ക്കണമെന്നും ഞാന്‍ ആഗ്രിഹിക്കുന്നു.
അറിഞ്ഞോ, അറിയാതെയോ എന്റെ ഭാഗത്തു നിന്ന് വന്നു പോയ വീഴ്ചകള്‍ എന്നോട് ക്ഷമിക്കണമേ എന്ന് ഒരിക്കല്‍ കൂടി നിങ്ങളോടു അപേക്ഷിക്കുന്നു.’