അഹമ്മദാബാദ്: ആസ്ട്രേലിയക്ക് കനത്ത തിരിച്ചടിയായി ഗ്ലെൻ മാക്സ്‌വെലിന് വീണ്ടും പരിക്ക്. ഗോള്‍ഫ് കളിച്ച് മടങ്ങുന്നതിനിടെ കാല്‍തെറ്റി വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ താരത്തിന് ശനിയാഴ്ച ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മത്സരത്തില്‍ കളിക്കാനാവില്ലെന്ന് ടീം ഹെഡ് കോച്ച് ആൻഡ്രൂ മക്‌ഡൊണാള്‍ഡ് അറിയിച്ചു.
എന്നാല്‍ സ്ക്വാഡില്‍ മാറ്റമില്ലെന്നും പ്രോട്ടോക്കോള്‍ പ്രകാരം ആറു മുതല്‍ എട്ടു ദിവസം വരെ മാക്സ്‌വെലിന് വിശ്രമം അനുവദിക്കുമെന്നും കോച്ച് വ്യക്തമാക്കി.ഗോള്‍ഫ് കളിച്ച് മടങ്ങവെ ടീമിന്റെ ബസില്‍ കയറുന്നതിനായി ഗോള്‍ഫ് കാര്‍ട്ടിലേക്ക്(ചെറുവാഹനം) ഓടി കയറാൻ ശ്രമിക്കുന്നതിനിടെ കാല്‍ തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ തല നിലത്തിടിച്ചാണ് പരിക്കേറ്റത്.
ന്യൂസിലൻഡിന്റെയും ഇംഗ്ലണ്ടിന്റെയും മത്സരങ്ങള്‍ക്കിടയില്‍ ഒരാഴ്ചത്തെ ഇടവേള ലഭിച്ചതോടെയാണ് കളിക്കാര്‍ ഗോള്‍ കളിക്കാനായി ഇറങ്ങിയത്. സെമി ഫൈനല്‍ പ്രതീക്ഷയുമായി മുന്നേറുന്ന ടീമിന് മാക്സ്‌വെല്ലിന്റെ അഭാവം വൻ തിരിച്ചടിയാകും. കഴിഞ്ഞ മത്സരത്തില്‍ നെതര്‍ലാൻഡിനെതിരെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി (40 പന്തില്‍) നേടിയ മാക്സി മികച്ച ഫോമിലാണ്. മികച്ച സ്പിന്നര്‍ കൂടിയായ താരത്തിന്റെ ഒഴിവിലേക്ക് മാര്‍ക്കസ് സ്റ്റോയിനിസിനേയോ കാമറൂണ്‍ ഗ്രീനെയോ പരീക്ഷിക്കാനാണ് സാധ്യത.
ഒരു വര്‍ഷത്തിനുള്ളില്‍ മാക്‌സ്‌വെല്ലിന്റെ രണ്ടാമത്തെ പരിക്കാണിത്. മെല്‍ബണില്‍ ഒരു ജന്മദിന ആഘോഷത്തിനിടെയാണ് കാലിന് ഒടിവുണ്ടായത്. ആ തിരിച്ചടിയില്‍ നിന്ന് കരകയറുന്നതിനിടെയാണ് വീണ്ടും അപകടം സംഭവിച്ചത്.