കൊച്ചി: മരണപ്പെട്ട വ്യവസായിയുടെ സ്വത്ത് വ്യാജരേഖ ചമച്ച് കൈക്കലാക്കുകയും കോടികള്‍ കൈപ്പറ്റി മറിച്ചു വില്‍ക്കുകയും ചെയ്തുവെന്ന പരാതിയില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. പ്രതികളുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്. കേസിന്റെ അന്വേഷണം കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഉടനടി പൂര്‍ത്തിയാക്കി ആറു മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
കോട്ടയം യൂണിയന്‍ ക്ലബ് റോഡ് മാതൃസന്ധ്യയില്‍ ബീനാ രാധാകൃഷ്ണന്റെ പരാതിയില്‍ 2015 ല്‍ രജിസ്റ്റര്‍ ചെയ്ത് നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരുന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ തോമസ് ചെറിയാന്‍, മുരളീധരന്‍ നമ്പൂതിരി, തോമസ് ചെറിയാന്റെ ഭാര്യ അനു തോമസ്് എന്നിവര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ ഈ മൂന്നു പേര്‍ക്കും പുറമേ തോമസ് ചെറിയാന്റെ മകള്‍ ട്രീസ തോമസ്, മരുമകന്‍ ആന്‍ജോ ജോസ്, ദിവാകരന്‍ എന്നിവര്‍ അടക്കം ആറു പ്രതികളാണുള്ളത്. കോട്ടയത്തെ രാജധാനി ബാര്‍ ഹോട്ടലിന്റെ ഉടമയായിരുന്ന പി.ജി. രാധാകൃഷ്ണന്റെ ഭാര്യയാണ് പരാതിക്കാരിയായ ബീന. അന്യാധീനപ്പെട്ടു പോയ സ്വത്തിന് വേണ്ടി 2015 ലാണ് ബീന നിയമപോരാട്ടം തുടങ്ങിയത്.
രാധാകൃഷ്ണന്‍ തുടങ്ങി വച്ച രോഷ്‌നി സീഫുഡ്‌സ്് കമ്പനിയുടെ പേരില്‍ പയ്യന്നൂരില്‍ ഉണ്ടായിരുന്ന 75 ഏക്കര്‍ ചെമ്മീന്‍ കെട്ട് വ്യാജരേഖ ചമച്ച് ഇവരുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന തോമസ് ചെറിയാന്‍ തട്ടിയെടുത്ത് 12.90 കോടി രൂപയ്ക്ക് മറിച്ചു വിറ്റുവെന്നായിരുന്നു പരാതി. 1998 ല്‍ രാധാകൃഷ്ണന്‍ മരിച്ചു. ചെമ്മീന്‍ കെട്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൈവശപ്പെടുത്തി മറിച്ചു വിറ്റുവെന്ന വിവരം ബീന അറിയുന്നത് 2015 ലാണ്. ബീന കോട്ടയം വെസ്റ്റ് പോലീസില്‍ നല്‍കിയ പരാതി പ്രകാരം കേസെടുത്തുവെങ്കിലും അന്വേഷണം മുന്നോട്ടു നീങ്ങിയില്ല. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് 2018 മേയ് മാസം ബീന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 2019 നവംബര്‍ 18 ന് കേസിന്റെ അന്വേഷണം കോട്ടയം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് കോടതി ഉത്തരവിട്ടു.
ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചെറിയാന്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് അഞ്ചു വര്‍ഷത്തിന് ശേഷമാണ് തോമസ് ചെറിയാന്‍ ഹര്‍ജിയുമായി ഹൈക്കോടതിയിലേക്ക് പോയത്. 2021 സെപ്റ്റംബറില്‍ അന്വേഷണം പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എസ്. ഷെരീഫ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നതിനിടെ ഹൈക്കോടതി തോമസ് ചെറിയാന്റെ ഹര്‍ജി പരിഗണിച്ചു. കുറ്റപത്രം സമര്‍പ്പിക്കുന്നത് താല്‍ക്കാലികമായി തടഞ്ഞു കൊണ്ട് ഹൈക്കോടതി ഉത്തരവ് വന്നു. ബീന നിയമപോരാട്ടം തുടര്‍ന്നു. തോമസ് ചെറിയാന്റെ ഹര്‍ജിയിലുള്ള സ്‌റ്റേ നീക്കാന്‍ വേണ്ടി ഹര്‍ജി നല്‍കി. 25 തവണയാണ് ഈ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി വച്ചത്. ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 22 ന് ബീന ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. ഒടുക്കം സെപ്റ്റംബര്‍ 28 ന് കേസ് വിധി പറയാന്‍ മാറ്റി വച്ചു. ആകെ 31 തവണ മാറ്റി വച്ച കേസിന്റെ വിധിയാണ് ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 28 ന് പ്രസ്താവിച്ചത്.
കേസ് അന്വേഷണത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് കോടതി
കേസ് റദ്ദാക്കണമെന്ന ഹര്‍ജി തളളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് നടത്തിയിരിക്കുന്നത്. അന്വേഷണത്തില്‍ ഇടപെടുന്നതില്‍ കോടതിക്ക് പരിമിതികളുണ്ട്. പരാതിക്കാരിയുടേത് തെറ്റായ ആരോപണമാണോ അവര്‍ക്ക് ലഭിച്ചിരിക്കുന്ന തെളിവുകള്‍ യാഥാര്‍ഥ്യമാണോ എന്നൊക്കെ പരിശോധിച്ച് വിലയിരുത്തേണ്ടത് അന്വേഷണ സംഘമാണ്. കുറ്റപത്രം കൊടുക്കണമോ വേണ്ടയോ എന്നൊക്കെ അവര്‍ തീരുമാനിക്കും. 2015 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിനെതിരേ പ്രതിയായിട്ടുള്ളയാള്‍ 2020 ലാണ് കോടതിയെ സമീപിക്കുന്നതെന്ന കാര്യം ശ്രദ്ധിക്കണം. അതു കൊണ്ടു തന്നെ അന്വേഷണത്തില്‍ ഇടപെടാന്‍ കോടതിക്ക് സാധിക്കില്ല. 2015 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നുള്ള പരാതിക്കാരിയുടെ ആശങ്ക പരിഗണിക്കേണ്ടതാണ്. അവര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമീപിച്ചപ്പോള്‍ ഈ കോടതി തന്നെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. 2019 ലാണ് ഇതു സംബന്ധിച്ച് ഉത്തരവുണ്ടായത്. അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പ്രതികള്‍ നിയമംലംഘിച്ച് നടത്തിയ ക്രയവിക്രയങ്ങള്‍ പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടുവെന്നാണ് പറഞ്ഞിരിക്കുന്നത്. അതു കണക്കിലെടുത്ത് കൊണ്ട് പ്രതികളുടെ ഹര്‍ജി തള്ളുന്നു. വിധി വന്ന ദിവസം മുതല്‍ ആറുമാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവില്‍ പറയുന്നു.
എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള തോമസ് ചെറിയാന്റെയും മറ്റ് രണ്ട് പ്രതികളുടെയും ഹര്‍ജിയും ഈ ഹര്‍ജിയില്‍ അനുവദിച്ച താല്‍ക്കാലിക സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ടുള്ള ബീന രാധാകൃഷ്ണന്റെ ഹര്‍ജിയും ഒരുമിച്ച് പരിഗണിച്ചാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വാര്‍ധക്യത്തിന്റെ അവശതകളിലാണ് ബീന ഇപ്പോഴുള്ളത്. പ്രമേഹം മൂര്‍ഛിച്ച് ഒരു കാല്‍ മുറിച്ചു കളഞ്ഞു. താന്‍ മരിക്കുന്നതിന് മുന്‍പെങ്കിലും നീതി ലഭിക്കുമോ എന്നാണ് ഇവരുടെ ചോദ്യം.