പോലീസ് വാഹനം ഗതാഗത നിയമം ലംഘിച്ചാല്‍ പിഴ അതിലുള്ള ഉദ്യോഗസ്ഥന്‍ അടയ്ക്കണം: സര്‍ക്കാരിന് തരാന്‍ കാശില്ല: ഡിജിപിയുടെ സര്‍ക്കുലറിനെതിരേ സേനയില്‍ അമര്‍ഷം: സര്‍ക്കാര്‍ കുത്തുപാളയെടുത്തോ?

0 second read
Comments Off on പോലീസ് വാഹനം ഗതാഗത നിയമം ലംഘിച്ചാല്‍ പിഴ അതിലുള്ള ഉദ്യോഗസ്ഥന്‍ അടയ്ക്കണം: സര്‍ക്കാരിന് തരാന്‍ കാശില്ല: ഡിജിപിയുടെ സര്‍ക്കുലറിനെതിരേ സേനയില്‍ അമര്‍ഷം: സര്‍ക്കാര്‍ കുത്തുപാളയെടുത്തോ?
0

പത്തനംതിട്ട: പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ വാഹനങ്ങള്‍ ഗതാഗത നിയമം ലംഘിച്ചാല്‍ മോട്ടോര്‍ വാഹന വകുപ്പ് ചുമത്തുന്ന പിഴത്തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെ അടയ്ക്കണമെന്ന് ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി എഡിജിപി നീരജ്കുമാര്‍ ഗുപ്ത ഇന്നലെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനെതിരേ പൊലീസ് സേനയില്‍ അമര്‍ഷം ശക്തമായി.

പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നാല്‍ നിയമം നടപ്പാക്കുന്നതിന് നിയോഗിക്കപ്പെട്ട അതോറിറ്റിയാണ്. അതു കൊണ്ട് തന്നെ പൊലീസ് സേനയിലെ മുഴുവന്‍ ഉദ്യോഗസ്ഥരും ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഇതു സംബന്ധിച്ച് കര്‍ശന ഉത്തരവ് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് നേരത്തേ നല്‍കിയിരുന്നു. എന്നാല്‍ ഇത് പരക്കെ ലംഘിക്കപ്പെടുന്നു. ഗതാഗത നിയമലംഘനം ഒഴിവാക്കാന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ദിനംപ്രതി വരുന്ന ചെല്ലാനില്‍ നിന്ന് ബോധ്യപ്പെട്ടിരിക്കുന്നു.

അതിനാല്‍ ഏത് ഉദ്യോഗസ്ഥനാണോ ഗതാഗത നിയമം ലംഘിക്കുന്നത്, അതിനുള്ള പിഴ അടയ്ക്കുക എന്നുള്ളത് അയാളുടെ വ്യക്തിപരമായ ഉത്തരവാദിത്തമാണ്. അതു കൊണ്ട് തന്നെ ഔദ്യോഗിക വാഹനത്തിന് വരുന്ന ചെല്ലാനിലുള്ള പിഴത്തുക അത് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്‍ വ്യക്തിപരമായി സ്വന്തം പോക്കറ്റില്‍ നിന്ന് അടയ്ക്കണമെന്നും സര്‍ക്കാരിന് ഇതിന് വേണ്ടി കൊടുക്കാന്‍ കാശില്ലെന്നും ഉത്തരവിലുണ്ട്.

ഉത്തരവിനെതിരേ സേനയില്‍ അമര്‍ഷം ശക്തമായി. മന്ത്രിമാര്‍ക്കും മറ്റ് വിഐപിമാര്‍ക്കും പൈലറ്റും എസ്‌കോര്‍ട്ടും പോകുമ്പോഴാണ് പലപ്പോഴും അമിത വേഗത്തിന് പിഴ ലഭിക്കുന്നത്. അപകടത്തില്‍പ്പെട്ടവരുമായി പോയാലും കുറ്റവാളികളെ പിന്തുടര്‍ന്നാലും അമിത വേഗത്തിന് പിഴ കിട്ടും. ഇതൊക്കെ സ്വന്തം പോക്കറ്റില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എടുത്ത് അടയ്ക്കാനാണ് നിര്‍ദേശം വന്നിരിക്കുന്നത്. ഇതൊന്നും തന്റേതായ പിഴവായി ഉദ്യോഗസ്ഥര്‍ക്ക് കണക്കാക്കാന്‍ പറ്റില്ല.

എന്നാല്‍, സീറ്റ് ബെല്‍റ്റിടാതിരിക്കുക, വണ്‍വേ തെറ്റിക്കുക, ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളാണെങ്കില്‍ അത് ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ ഉത്തരവാദിത്തമാകും. അതിന് പിഴ അടയ്ക്കുന്നതില്‍ തെറ്റില്ല. പൈലറ്റും എസ്‌കോര്‍ട്ടും പോകുമ്പോഴുള്ള അമിത വേഗത്തിന് തങ്ങള്‍ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് പറയുന്നതാണ് സേനയില്‍ അമര്‍ഷത്തിന് കാരണമാകുന്നത്. ഇനി ഏത് വിഐപിക്ക് പൈലറ്റും എസ്‌കോര്‍ട്ടും പോയാലും കാമറ കാണുമ്പോള്‍ വേഗം കുറയ്ക്കുകയോ ചവിട്ടി നിര്‍ത്തുകയോ അല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഇവര്‍ പറയുന്നു.

 

Load More Related Articles
Load More By Veena
Load More In EXCLUSIVE
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…