അടൂര്‍: തെലങ്കാനയില്‍ മോഷണവും പോക്കറ്റടിയും പിടിച്ചു പറിയും പതിവാക്കിയ സംഘത്തിലെ ദമ്പതികളെ അവിടെ നിന്നുള്ള പൊലീസുകാര്‍ അടൂര്‍ പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. മേലൂടുള്ള കന്നുകാലി ഫാമില്‍ ജോലി നോക്കിയിരുന്ന തമിഴ്നാട് സ്വദേശികളായ അജിത്ത്, ഭാര്യ ഭവാനി എന്നിവരെയാണ് ഇന്ന് രാവിലെ അടൂര്‍ പൊലീസ് പിടികൂടി തെലങ്കാന പൊലീസിന് കൈമാറിയത്. ഇവര്‍ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നുള്ളവരാണെന്നാണ് സംശയിക്കുന്നത്.
ഏഴംഗ മോഷണ സംഘത്തെ തെലങ്കാന പൊലീസ് അവിടെ അറസ്റ്റ് ചെയ്തിരുന്നു. സംഘത്തില്‍ നിന്ന് പിടികിട്ടാതെ പോയവരാണ് ദമ്പതികള്‍. ബസില്‍ കയറി ബാഗ് കീറിയും ധരിച്ചിരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ പൊട്ടിച്ചുമാണ് മോഷണം നടത്തിയിരുന്നത്. രണ്ടു മാസമായി ദമ്പതികള്‍ ഇവിടെ താമസിച്ചു വരുന്നു. അടൂരില്‍ വന്ന ശേഷം ആധാര്‍ കാര്‍ഡിലെ വിലാസത്തില്‍ മാറ്റം വരുത്തിയായിരുന്നു താമസം. മേലൂടുള്ള പശു വളര്‍ത്തല്‍ ഫാമിലായിരുന്നു ജോലി. അമ്മകണ്ടകരയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഭവാനി മോഷ്ടിച്ചു കൊണ്ടു വരുന്ന സാധനങ്ങള്‍ അജിത്തിന് കൈമാറുന്നതാണ് രീതി. ഇത് ഇയാള്‍ അടൂരില്‍ എത്തിച്ച് വില്ക്കുകയോ പണയം വയ്ക്കുകയോ ചെയ്യും. രണ്ടു ലക്ഷം രൂപ ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. നിലവില്‍ താമസിക്കുന്ന വാടക വീട് വാങ്ങുന്നതിന് വേണ്ടി ആറു ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്.
അടൂര്‍ പ്രദേശത്ത് ഇവര്‍ മോഷണം നടത്തിയതായി അറിവില്ലെന്ന് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാര്‍ പറഞ്ഞു. നേരത്തേയുള്ള തെളിയാത്ത കേസുകള്‍ വല്ലതും ഉേേണ്ടായെന്ന് പരിശോധിച്ച് വരുന്നതായും ഇന്‍സ്പെക്ടര്‍ പറഞ്ഞു.