പത്തനംതിട്ട: ആറന്മുള സര്‍വീസ് സഹകരണ സംഘത്തിന്റെ ഭരണം പിടിച്ചെടുക്കാനുള്ള സിപിഎം നീക്കം പാളി. വര്‍ഷങ്ങളായി യുഡിഎഫ് ഭരിക്കുന്ന സംഘം പിടിച്ചെടുക്കാന്‍ അരയും തലയും മുറുക്കിയെങ്കിലും നാല് പേരെ മാത്രമാണ് എല്‍ഡിഎഫിന് വിജയിപ്പിക്കാന്‍ കഴിഞ്ഞത്. പത്തനംതിട്ട, കൈപ്പട്ടൂര്‍ എന്നീ സഹകരണ സംഘങ്ങളില്‍ സര്‍വ സന്നാഹങ്ങളും ഒരുക്കിയെങ്കിലും തിരിച്ചടി നേരിട്ടപ്പോഴാണ് ആറന്മുളയില്‍ ആവോളം മുന്‍കരുതല്‍ എടുത്തത്. കട്ട സിപിഎമ്മുകാരായ ഉദ്യോഗസ്ഥരെ മാത്രം പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചു. സംരക്ഷണം ഒരുക്കാന്‍ വന്‍ പൊലീസ് സേനയെയും ഒരുക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പാര്‍ട്ടി സഖാക്കളെ കള്ളവോട്ട് ചെയ്യാനും എത്തിച്ചു. ഒടുക്കം ഫലം വന്നപ്പോള്‍ 13 ല്‍ ഒമ്പത് സീറ്റും നേടി യുഡിഎഫ് ഭരണം നിലനിര്‍ത്തി.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെ എല്‍.ഡി.എഫിന് നാലു സീറ്റ് കിട്ടുന്നത്. മത്സര രംഗത്തുണ്ടായിരുന്ന ബി.ജെ.പിയുടെ മൂന്നാം മുന്നണി ഉച്ചക്ക് രണ്ടു മണിയോടെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് കളം വിട്ടു. ഇന്നലെ രാവിലെ വോട്ടിങ് ആരംഭിച്ചപ്പോള്‍ മുതല്‍ എല്‍.ഡി.എഫും യു.ഡി.എഫും പരസ്പരം കള്ള വോട്ട് ആരോപണം ഉന്നയിച്ചു. ഉച്ചയോടെ ചേരി തിരിഞ്ഞ് വാക്കേറ്റം തുടങ്ങിയത് സംഘര്‍ഷത്തിന്റെ വക്കോളമെത്തി. ഏറ്റുമുട്ടാന്‍ ഇരു വിഭാഗവും തയാറെടുത്തതോടെ പോലീസും സജീവമായി. ഒരു തരത്തിലും സംഘര്‍ഷം അനുവദിക്കില്ലെന്ന്
സ്ഥലത്തുണ്ടായിരുന്ന ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍ രണ്ടു കൂട്ടരെയും
അറിയിച്ചു. ഇതിനിടെ എല്‍.ഡി.എഫ് റോഡ് ഉപരോധവും നടത്തി. വാഹനങ്ങളില്‍ വ്യാജ വോട്ടര്‍മാരെ എത്തിക്കുന്നെന്ന് ആരോപിച്ചായിരുന്നു ഇത്. എന്നാല്‍ റോഡില്‍
കുത്തിയിരുന്നവരോട് കര്‍ശനമായ നിലപാട് എടുക്കേണ്ടി വരുമെന്ന് പോലീസ്
മുന്നറിയിപ്പ് നല്‍കി. ഇതോടെ ഇവര്‍ പിന്നാക്കം പോയി.
കളളവോട്ട് ആരോപിച്ച് ഇരുപക്ഷവും വാക്കേറ്റം നടത്തുന്നതിനിടെ ബി.ജെ.പി ബഹിഷ്‌കരണവും പ്രഖ്യാപിച്ചു. ജില്ലയിലെ മറ്റ് പല സ്ഥലത്തും നടത്തിയതു പോലെ ആറന്മുളയിലും സി.പി.എം കളളവോട്ട് ചെയ്തുവെന്നാണ് യു.ഡി.എഫ് ആരോപണം. സഹകരണ വകുപ്പിലെ സി.പി.എം അനുകൂലികളായ ഉദ്യോഗസ്ഥരെ മാത്രമാണ് ഡ്യുട്ടിക്ക് നിയോഗിച്ചതെന്നും പോലീസും ഇവര്‍ക്ക് ഒത്താശ ചെയ്തുവെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. പി.എം.ജേക്കബ്, ജേക്കബ് സ്‌കറിയ, തോമസ് ഫിലിപ്പ്, ജി. പ്രദീപ്, ഷാജന്‍ തോമസ്, രമാ സുരേന്ദ്രന്‍, ലീന പ്രഭാകരന്‍, പി.എം ശിവന്‍, കെ.ശിവപ്രസാദ് എന്നിവരാണ് യു.ഡി.എഫ് പാനലില്‍ നിന്നും വിജയിച്ചത്. ഇടതു മുന്നണിയില്‍ എസ്. ബാലകൃഷ്ണന്‍ നായര്‍, ചന്ദ്രബാബു, അരുണ്‍ കെ.ബി, അര്‍ച്ചന മനീഷ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കിടങ്ങന്നൂരില്‍ പ്രകടനവും പൊതുയോഗവും
നടത്തി. ബാങ്ക് മുന്‍ പ്രസിഡന്റ് വി.ആര്‍.ഉണ്ണികൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വിനീത അനില്‍ എന്നിവര്‍ പ്രസംഗിച്ചു. ഇടതു മുന്നണിയും പ്രകടനം നടത്തി.
സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണി പാനലുകളില്‍
മത്സരിക്കുന്നവര്‍ക്കു വേണ്ടി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തയ്യാറാക്കി കള്ള
വോട്ടുകള്‍ ചെയ്യുന്നതായി പരാതി ഉയര്‍ന്നു. എല്‍.ഡി.എഫ് -യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രദേശത്തിന് പുറത്തു നിന്നുള്ള പ്രവര്‍ത്തകരെ വാഹനങ്ങളില്‍ എത്തിക്കുകയായിരുന്നുവെന്നും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. തുടര്‍ന്ന് ബി. ജെ.പി നേതൃത്വം നല്കിയ സഹകരണ സംരക്ഷണ മുന്നണി തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. പ്രകടനത്തിന് ശേഷം കിടങ്ങന്നൂരില്‍ നടന്ന യോഗം ആറന്മുള മണ്ഡലം പ്രസിഡന്റ് ദീപ ജി. നായര്‍ ഉദ്ഘാടനം
ചെയ്തു.
യു.ഡി.എഫ് വിജയം സിപിഎമ്മിന്റെ ഗുണ്ടാ രാഷ്ര്ടീയത്തിനെതിരായ
വിധിയെഴുത്ത്: സതീഷ് കൊച്ചുപറമ്പില്‍
പത്തനംതിട്ട: ആറന്മുള സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം ഭരണ സംവിധാനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന അധാര്‍മ്മിക ഗുണ്ടാ രാഷ്ര്ടീയത്തിനേറ്റ കനത്ത പ്രഹരവും മുന്നറിയിപ്പും ആണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി കോടതി ഉത്തരവുകള്‍ പോലും കാറ്റില്‍പ്പറത്തി ജനാധിപത്യം അട്ടിമറിച്ച് സി.പി.എം ജില്ലാ സെക്രട്ടറിയുടേയും സെക്രട്ടറിയേറ്റ് അംഗങ്ങളുടേയും നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നിരവധി സഹകരണ സംഘങ്ങളാണ് പിടിച്ചെടുത്തത്. ഇത്തരത്തില്‍ സി.പി.എം ഭരണം കൈയ്യാളുന്ന നിരവധി സഹകരണ ബാങ്കുകള്‍ നിക്ഷേപ തട്ടിപ്പുകളുടേയും കൊള്ളയുടേയും കൂത്തരങ്ങായി മാറിയിരിക്കുകയും അന്വേഷണം നേരിടുകയുമാണ്.
ജില്ലയിലെ സഹകരണ സ്ഥാപനങ്ങള്‍ സി.പി.എമ്മിന്റെ കറവപ്പശുക്കളായി മാറ്റുവാനുള്ള വ്യഗ്രതയില്‍ എല്ലാ ജനാധിപത്യ മര്യാധകളും ലംഘിച്ച് നടത്തുന്ന പിടിച്ചടക്കല്‍ എല്ലാ കാലത്തും എല്ലാ സ്ഥലങ്ങളിലും വിലപ്പോവില്ല. ജനാധിപത്യ വിശ്വാസികളായ സഹകാരികള്‍ തിരിച്ചടി നല്‍കുമെന്നതിന് ഉദാഹരണങ്ങളാണ് സി.പി.എം മുപ്പത് വര്‍ഷമായി ഭരിച്ചു കൊണ്ടിരുന്ന കൈപ്പട്ടൂര്‍ സഹകരണ ബാങ്കിലെ നാല് യു.ഡി.എഫ് സ്ഥാനാര്‍ഥികളുടേയും ആറന്മുളയിലെ വന്‍ ഭൂരിപക്ഷത്തോടെയുമുള്ള വിജയവും എന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ഇന്ന് നടക്കുന്ന തിരുവല്ല സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ കോടതി ഉത്തരവ് മറികടന്ന് അക്രമത്തിനും കള്ള വോട്ടിനും ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്നും അതിന് കൂട്ടുനില്ക്കുന്ന സഹകരണ വകുപ്പ്, പോലീസ് ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടിവരുമെന്നും ഡി.സി.സി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.