തിരുവല്ല: കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം. എംപിയെ ബൂത്തിലേക്ക പ്രവേശിപ്പിച്ചില്ലെന്നും കളളവോട്ട് നടന്നുവെന്നും ആരോപിച്ച് ഇരുപക്ഷവും ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. കല്ലേറില്‍ പൊലീസുകാര്‍ അടക്കം 10 പേര്‍ക്ക് പരുക്കേറ്റു. 13 സീറ്റിലും വിജയിച്ച് എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു. കള്ള വോട്ടിലൂടെയാണ് എല്‍ഡിഎഫ് വിജയമെന്ന് ഡിസിസി പ്രസിഡന്റ് ആരോപിച്ചു.
എം.ജി.എം. സ്‌കൂളില്‍ രാവിലെ എട്ടുമണിക്കാണ് പോളിങ്ങ് തുടങ്ങിയത്. ഉച്ചയ്ക്ക് ഒന്നരയോടെ സംഘര്‍ഷമുണ്ടായി. യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കാണ് ആദ്യം അടികിട്ടിയത്. രണ്ടുമണിയോടെ ആന്റോ ആന്റണി എം.പി. സ്ഥലത്തെത്തി. ഇദ്ദേഹത്തെ ബൂത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഹൈക്കോടതി ഉത്തരവുപ്രകാരം കര്‍ശന സുരക്ഷയോടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. വോട്ടര്‍മാരുടെ ബാങ്ക് തിരിച്ചറിയല്‍ കാര്‍ഡിന് പുറമേ പൊതു തെരഞ്ഞെടുപ്പുകളില്‍ അനുവദിക്കപ്പെട്ടിട്ടുളള തിരിച്ചറിയല്‍ രേഖകളില്‍ ഒന്നും പരിശോധിച്ച ശേഷമേ അകത്തേക്ക് കടത്തി വിടാവൂയെന്ന് കോടതി ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ചില ഘട്ടങ്ങളില്‍ ഇത് ലംഘിക്കപ്പെടുന്നുവെന്ന് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ആക്ഷേപം ഉന്നയിച്ചു. ഇതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. എം.പി.യെ തടയാനുളള എല്‍.ഡി.എഫ്. നീക്കം പോലീസ് തടഞ്ഞതോടെ ലാത്തിച്ചാര്‍ജായി. ഇതോടെ എല്‍.ഡി.എഫ്. പോലീസിന് നേരെ തിരിഞ്ഞു. നാലു മണിയോടെയാണ് പോലീസിന് നേര്‍ക്ക് കല്ലേറ് അടക്കം ഉണ്ടായത്. ഇതിനിടയിലാണ് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്.
തിരുവല്ല എസ്‌ഐ. അനീഷ് ഏബ്രഹാം, ഡി.സി.ആര്‍.ബിയിലെ പോലീസ് ഉദ്യോഗസ്ഥന്‍ ഹരികൃഷ്ണന്‍, നെടുമ്പ്രം പഞ്ചായത്ത് ആറാം വാര്‍ഡ് അംഗം വൈശാഖ്, യൂത്ത് കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം ഭാരവാഹി നെജോ മെഴുവേലി, യു.ഡി.എഫിന്റെ സ്ഥാനാര്‍ഥികളായ ബിജി മോന്‍ ചാലാക്കേരില്‍, കെ.പി. രഘുകുമാര്‍, ടൗണ്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് കുമാര്‍, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ ടോണി ഇട്ടി, സോണി മുണ്ടത്താനത്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറിലാണ് പോലീസുകാരന്‍ ഹരികൃഷ്ണന് തലയ്ക്ക് പരുക്കേറ്റത്. നെജോയുടെ തലയില്‍ പൊട്ടലുണ്ട്. മൂന്ന് തുന്നലിട്ടു. ബിജിമോന്റെ കണ്ണിനാണ് പരുക്ക്. പോലീസ് പലവട്ടം ലാത്തി വീശി.
വൈശാഖ് സി.പി.എം. പ്രതിനിധിയാണ്. പോലീസിന്റെ ലാത്തിയടിയില്‍ വൈശാഖിന്റെ തല പൊട്ടി. ഏഴ് തുന്നലിട്ടു. നിരവധി എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ക്ക് പോലീസിന്റെ ലാത്തിയടിയേറ്റു. കാലങ്ങളായി യു.ഡി.എഫ്. ഭരിച്ചിരുന്ന ബാങ്കാണിത്. പി.ജി. അജയ കുമാര്‍, കെ. പ്രകാശ് ബാബു, പ്രസാദ് എം. ചെറിയാന്‍, മനു സോമന്‍, ഷിബു വര്‍ഗീസ്, സോമന്‍ താമരച്ചാലില്‍, റെജി കുരുവിള, വി. പുരുഷോത്തമന്‍ പിളള, അന്നമ്മ ദാനിയേല്‍, ആന്‍സി സജി, പൊന്നമ്മ, സി.ജെ. കുട്ടപ്പന്‍, വി.കെ. കുര്യന്‍ എന്നിവരാണ് വിജയിച്ചത്. ഫലപ്രഖ്യാപനത്തിനു ശേഷം വിജയിച്ച സ്ഥാനാര്‍ഥികളുമായി എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തിരുവല്ല നഗരത്തില്‍ പ്രകടനം നടത്തി.
തിരുവല്ല കാര്‍ഷിക വികസന ബാങ്കിലെ സി.പി.എം വിജയം കള്ളവോട്ടിലൂടെ: പ്രഫ.സതീഷ് കൊച്ചുപറമ്പില്‍
തിരുവല്ല: സഹകരണ കാര്‍ഷിക വികസന ബാങ്കില്‍ സി.പി.എം നേടിയ വിജയം വ്യാപകമായി നടത്തിയ കള്ള വോട്ടിലൂടെയും അക്രമത്തിലൂടെയുമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. സി.പി.എം അക്രമണം ഭയന്ന് ജനാധിപത്യ വിശ്വാസികളായ യു.ഡി എഫ് വോട്ടര്‍മാര്‍ വോട്ടുചെയ്യുവാന്‍ മടിച്ചതും യു.ഡി.എഫി.ന്റെ പരാജയത്തിന് കാരണമായതായി ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
ജില്ലയിലെ സഹകരണ ബാങ്കുകള്‍ എന്തു മാര്‍ണ്മവും ഉപയോഗിച്ച് പിടച്ചടക്കുവാനുള്ള സി.പി.എം ജില്ലാ നേതൃത്വത്തിന്റെ അജണ്ടയുടെ ഭാഗമായി നടത്തിയ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഫലമാണ് സി.പി.എം നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് വിജയമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. സി.പി.എം അക്രമത്തില്‍ പരുക്കേറ്റ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.