കോഴഞ്ചേരി: അണുബോംബിന്റെ മാരക പ്രഹരശേഷിയെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം? ഹിരോഷിമയിലും നാഗസാക്കിയിലും വീണ ബോംബ് അവശേഷിപ്പിച്ച ഞെട്ടിക്കുന്ന സത്യങ്ങള്‍ പങ്കു വയ്ക്കുകയാണ് ജപ്പാനില്‍ നിന്നുള്ള ഗവേഷകയും മാധ്യമ പ്രവര്‍ത്തകയുമായ തമാമി കവകാമി.
യുദ്ധവും തീവ്രവാദവും ഒന്നിനും ഒരു പരിഹാരമല്ലെന്നും ഇത് കൊണ്ട് പ്രകൃതിയെയും മനുഷ്യരാശിയെയും ഒരു പോലെ ഉന്മൂലനം ചെയ്യാന്‍ മാത്രമേ സാധിക്കുകയുള്ളൂവെന്നും അവര്‍ പറഞ്ഞു. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടക്കൊലയാണ് രണ്ടാം ലോകമഹാ യുദ്ധത്തില്‍ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണു ബോംബാക്രമണത്തിലൂടെ അമേരിക്ക നടത്തിയത്.
ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴും അനുഭവിക്കാനാണ് ഇവരുടെവിധി. നാഗസാക്കിയില്‍ ജീവിച്ച തന്റെ പിതാവും ബന്ധുക്കളും ആ ദുരന്തം കണ്‍മുന്‍പില്‍ കണ്ടവരാണ്. ആ നാടും നാട്ടുകാരും ഓര്‍മ്മ മാത്രമായി. ദുരന്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട പിതാവ് അതിന്റെ ദുരന്തവും പേറി പിന്നീട് ടോക്കിയോവിലേക്ക് മാറി. അണു ബോംബാക്രമണത്തിന് ഇരയായവരുടെ ഭൗതിക
അവശിഷ്ടങ്ങളില്‍ നടത്തിയ പഠനത്തില്‍ റേഡിയേഷന്റെ അളവ് ചിന്തിക്കുന്നതിലും അപ്പുറത്താണ്.
കൊല്ലപ്പെട്ടവരുടെ താടിയെല്ല് പരിശോധിച്ചപ്പോള്‍ 9.46 ഗ്രേ എന്നാണ് ലഭിച്ചത്. ഇതിന്റെ പകുതിയോളം ഉണ്ടെങ്കില്‍ തന്നെ ഒരു മനുഷ്യ ശരീരം മാരകമായ റേഡിയേഷന് വിധേയമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. ജപ്പാനിലെയും ഇന്്ത്യയിലെയും ഗ്രാമങ്ങളെയും ഗ്രാമീണ ആളുകളുടെ ജീവിത രീതി, കുടുംബ ബന്ധങ്ങള്‍, സ്ത്രീ ശാക്തീകരണം എന്നിവയെ
കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായിട്ടാണ് തമാമി കവകാമി കേരളത്തില്‍ എത്തിയത്. നിയമ വിദഗ്ധനായ വര്‍ഗീസ് മാമ്മന്‍, സാമൂഹിക ശാസ്ത്ര ഗവേഷകനായ കെ.എന്‍. തോമസ് കുറ്റിയില്‍, വിദ്യാഭ്യാസ വിദഗ്ധനും ആഫ്രിക്കയിലും നൈജീരിയിലും അധ്യാപകനുമായ ജോണ്‍ കെ. കോശി, ഇരവിപേരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോണ്‍, പൊതു പ്രവര്‍ത്തകനായ സുബിന്‍ നീറുംപ്ലാക്കല്‍, സിവില്‍ എന്‍ജിനീയറായ തോമസ് ജോണ്‍ വാഴുവേലില്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ഇരവിപേരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബിന്റെ സഹായത്തോടെ തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ നേരില്‍ സന്ദര്‍ശിച്ചു. കേരളത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ ലഭിക്കുന്നതിനു വേണ്ടി സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ചു പഠിക്കാനായി കുമ്പനാട് അക്ഷയ കേന്ദ്രവും ഇവര്‍ സന്ദര്‍ശിച്ചു. പ്രദേശിക തലത്തില്‍ സര്‍ക്കാര്‍ സഹകരണത്തോടെയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാത്യകയാണ്. പൊതു പ്രവര്‍ത്തകനും സുഹൃത്തുമായ സുബിന്‍ നീറുംപ്ലാക്കല്‍ കോവിഡ് കാലത്ത് അഞ്ച് ദിവസം പ്രായമുള്ള കുട്ടിയുടെ അടിയന്തര ശസ്ത്രക്രിയക്ക് വേണ്ടി നടത്തിയ മാനുഷികമായ ഇടപെടല്‍ ജപ്പാനിലെ ചില പ്രാദേശിക സോഷ്യല്‍ മീഡിയലേക്ക് തമാമി തര്‍ജമ ചെയ്തിട്ടുണ്ട്.