പത്തനംതിട്ടയില്‍ ശബരിമല ഇടത്താവളം തീര്‍ത്ഥാടകര്‍ക്കായി തുറന്നു നല്‍കി: ഭക്തര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സംവിധാനമൊരുക്കുമെന്ന് ചെയര്‍മാന്‍: ശുദ്ധജലമെത്തിക്കാന്‍ പ്യൂരിഫയര്‍

0 second read
Comments Off on പത്തനംതിട്ടയില്‍ ശബരിമല ഇടത്താവളം തീര്‍ത്ഥാടകര്‍ക്കായി തുറന്നു നല്‍കി: ഭക്തര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സംവിധാനമൊരുക്കുമെന്ന് ചെയര്‍മാന്‍: ശുദ്ധജലമെത്തിക്കാന്‍ പ്യൂരിഫയര്‍
0

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തോടനുബന്ധിച്ച് നഗരസഭ ഇടത്താവളം തീര്‍ത്ഥാടകര്‍ക്കായി തുറന്നു നല്‍കി. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ വര്‍ഷങ്ങളിലേതു പോലെ മണ്ഡല കാലം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ തീര്‍ത്ഥാടകര്‍ക്ക് വേണ്ട ഒരുക്കങ്ങള്‍ ഇടത്താവളത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു.

ശബരിമല തീര്‍ത്ഥാടകര്‍ കൂടുതലായി ആശ്രയിക്കുന്ന ജില്ലാ കേന്ദ്രത്തിലെ പ്രധാന ഇടത്താവളമാണ് നഗരസഭയുടേത്. തീര്‍ത്ഥാടകര്‍ക്കായി പുതിയ ഭക്ഷണശാലയും 24 മണിക്കൂറും കുടിവെള്ള ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ടന്ന് നഗരസഭാധ്യക്ഷന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു.ഈ വര്‍ഷം മുതല്‍ ഇടത്താവളത്തിലെത്തുന്ന ഭക്തര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരേ സമയം 200 പേര്‍ക്കോളം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഭക്ഷണ ശാലയും തീര്‍ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനും വിരിവയ്ക്കുന്നതിനും ഡോര്‍മെറ്ററികളും ഇടത്താവളത്തിലുണ്ട്.

കിണര്‍ വൃത്തിയാക്കി വെള്ളം ശുദ്ധീകരിച്ച് ലഭ്യമാക്കാനുള്ള നടപടികളും പൂര്‍ത്തീകരിച്ചു. തീര്‍ത്ഥാടകര്‍ക്കായി പരമാവധി സൗകര്യം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഭരണസമിതിയെന്നും ചെയര്‍മാന്‍ പറഞ്ഞു. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അന്നദാന കൗണ്ടര്‍, ശൗചാലയങ്ങള്‍,പൊലീസ് എയ്ഡ് പോസ്റ്റ്, ആയുര്‍വേദ, അലോപ്പതി, ഹോമിയോ ചികിത്സാ കേന്ദ്രങ്ങള്‍, ചെറുസംഘങ്ങളായി എത്തുന്ന തീര്‍ഥാടകര്‍ക്ക് ഭക്ഷണം സ്വന്തമായി പാചകം ചെയ്യുന്നതിനുള്ള സൗകര്യം, പ്രത്യേക വിറകുപുര, വിശ്രമിക്കാന്‍ ആല്‍ത്തറ എന്നിവയും ഇടത്താവളത്തില്‍ തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഇടത്താവളത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കാന്‍ നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതലയും നല്‍കിയിട്ടുണ്ട്.

വാര്‍ഡ് കൗണ്‍സിലര്‍ ഷൈലജ എസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ആര്‍. അജിത് കുമാര്‍,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഇന്ദിരാ മണിയമ്മ, പ്രതിപക്ഷ നേതാവ് കെ ജാസിം കുട്ടി, വാര്‍ഡ് കൗണ്‍സിലര്‍മാരായ ആര്‍ സാബു, റോഷന്‍ നായര്‍, നീനു മോഹന്‍, വി ആര്‍ ജോണ്‍സണ്‍,എ സുരേഷ്‌കുമാര്‍, എം സി ഷെരീഫ്, അയ്യപ്പ സേവ സമാജം പ്രസിഡന്റ് അഡ്വ. ജയന്‍ ചെറുവള്ളില്‍, അജി അയ്യപ്പ മുനിസിപ്പല്‍ എഞ്ചിനീയര്‍ സുധീര്‍ രാജ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിനോദ് എം പി തുടങ്ങിയവര്‍ സംസാരിച്ചു.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കോഴഞ്ചേരിയില്‍ നിന്നും കഞ്ചാവ് പിടികൂടി: അതിഥി തൊഴിലാളി അറസ്റ്റില്‍

കോഴഞ്ചേരി: ഒരു കിലോയിലധികം കഞ്ചാവുമായി അതിഥി തൊഴിലാളിയെ എക്‌സൈസ് സംഘം പിടികൂടി. ബീഹാര്‍ കത…