അപകട സ്ഥലത്ത് സഹായിയായി വന്നു: ഡ്രൈവറുടെ പഴ്‌സ് പോക്കറ്റടിച്ചു: മറ്റൊരു ഡ്രൈവര്‍ അറസ്റ്റില്‍: സംഭവം തീര്‍ഥാടന പാതയില്‍

0 second read
Comments Off on അപകട സ്ഥലത്ത് സഹായിയായി വന്നു: ഡ്രൈവറുടെ പഴ്‌സ് പോക്കറ്റടിച്ചു: മറ്റൊരു ഡ്രൈവര്‍ അറസ്റ്റില്‍: സംഭവം തീര്‍ഥാടന പാതയില്‍
0

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് പോയവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു, രക്ഷിക്കാനെന്ന വ്യാജേനയെത്തിയയാള്‍ ഡ്രൈവറുടെ പണവും രേഖകളുമടങ്ങിയ  പഴ്‌സ് മോഷ്ടിച്ചു. സ്ഥലത്തെത്തിയ വടശ്ശേരിക്കര പോലീസ് പ്രതിയെ ഉടനടി പിടികൂടി. തിരുവനന്തപുരം അരുവിക്കര ഇടമണ്‍ മുകള്‍ മുക്കുവിള വീട്ടില്‍ ഗിരീഷ് കുമാറാ(44)ണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ 5.30 ന് ശേഷമാണ് തിരുവനന്തപുരം മലയന്‍കീഴ് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ളാഹ വിളക്കുവഞ്ചി വളവിന് സമീപം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്.

അപകടം നടന്നപ്പോള്‍ തന്നെ നിലയ്ക്കല്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും വടശേരിക്കര പോലീസിനെ അറിയിച്ചു. തുടര്‍ന്ന്  എസ്.എച്ച്.ഓ എസ്.ഐ കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. വിളക്കു വഞ്ചിയിലുള്ള പോലീസ് എയ്ഡ് പോസ്റ്റിന് 500 മീറ്റര്‍ അകലെ റോഡിനു ഇടതു വശം താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരായിരുന്നു കാറിലുണ്ടായിരുന്നത്. ഇരുവര്‍ക്കും പരുക്കൊന്നും പറ്റിയിരുന്നില്ല.

കാര്‍ ഓടിച്ച മലയന്‍കീഴ് മച്ചനാട് വിജയസദനം വീട്ടില്‍ വിജയ(58)ന്റെ പണമടങ്ങിയ പഴ്‌സ് ആണ് മോഷ്ടിക്കപ്പെട്ടത്. പഴ്‌സില്‍ 4540 രൂപയാണ് ഉണ്ടായിരുന്നത്.
അപകടത്തിനുശേഷം കാറില്‍ നിന്നും  ഇരുവരും പുറത്തിറങ്ങി നിന്നപ്പോള്‍ പമ്പയില്‍ നിന്നും വന്ന കുടിവെള്ള ടാങ്കര്‍ നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി ഇവര്‍ക്കരികിലേക്കെത്തി. തുടര്‍ന്ന്, ഇയാള്‍ സഹായിക്കാനെന്ന വ്യാജേനെ കാര്‍ ഡ്രൈവറുടെ ശരീരത്തില്‍ തപ്പുകയും ചെയ്തു. പിന്നീടാണ് പണമടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ട വിവരമറിഞ്ഞത്.  ടാങ്കര്‍ പെട്ടെന്ന് ഓടിച്ചു പോകാന്‍ ശ്രമിച്ചെങ്കിലും കാര്‍ ഡ്രൈവര്‍ ബഹളം വച്ചതിനാല്‍ അപകടം അറിഞ്ഞ് ഓടിക്കൂടിയവര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു.

അപകട വിവരമറിഞ്ഞെത്തിയ പൊലീസിനോട് കാര്‍ ഡ്രൈവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ടാങ്കര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും പേഴ്‌സ് ഇയാളില്‍ നിന്നും കണ്ടെത്തുകയും ചെയ്തു. ഗിരീഷിനെതിരെ മോഷണക്കുറ്റത്തിന് വടശേരിക്കര പോലീസ് കേസെടുത്തു.

ഇന്നലെ സന്ധ്യയോടെയാണ് വിജയന്‍ അയല്‍വാസി രവിയുമായി ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടത്. ഉറക്കക്ഷീണം കാരണമാവാം വണ്ടി നിയന്ത്രണം വിട്ട് റോഡില്‍ നിന്നും താഴ്ചയിലേക്ക് മറിഞ്ഞതെന്ന് കരുതുന്നു. മോഷണക്കേസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി. റാന്നി ഡിവൈ.എസ്.പി ആര്‍. ബിനുവിന്റെ നിര്‍ദേശപ്രകാരമാണ് പോലീസ് നടപടികള്‍ കൈക്കൊണ്ടത്. പോലീസ് സംഘത്തില്‍ എസ് ഐക്കൊപ്പം സി പി ഓമാരായ ഉമേഷ് ടി നായര്‍ , ജിബിന്‍ ജോസഫ് എന്നിവരാണുണ്ടായിരുന്നത്.  അപകടത്തില്‍ കേടുപാട് സംഭവിച്ച കാര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്തു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…