ജണ്ടയ്ക്ക് പുറത്തുള്ള ഭൂമിക്ക് വനംവകുപ്പിന് അവകാശമില്ല: പട്ടയത്തിന് വേണ്ടി കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതീക്ഷയേറി

0 second read
Comments Off on ജണ്ടയ്ക്ക് പുറത്തുള്ള ഭൂമിക്ക് വനംവകുപ്പിന് അവകാശമില്ല: പട്ടയത്തിന് വേണ്ടി കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതീക്ഷയേറി
0

പത്തനംതിട്ട: ജണ്ടയ്ക്കു പുറത്തുള്ള ഭൂമിക്ക് വനംവകുപ്പിന് അവകാശമില്ലെന്നു വ്യക്തമാക്കിക്കൊണ്ട് വനംഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതോടെ ജില്ലയില്‍ പട്ടയത്തിനു വേണ്ടി കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതീക്ഷയേറി. നിയമ ഭേദഗതി നിലവില്‍ വന്നതിനു പിന്നാലെയാണ് സംസ്ഥാന റവന്യു, വനംവകുപ്പുകള്‍ യോഗം ചേര്‍ന്ന് തീരുമാനങ്ങളെടുത്തിരിക്കുന്നത്. ഇതോടെ വനം അല്ലാത്ത മുഴുവന്‍ പ്രദേശങ്ങളും റവന്യു ഭൂമിയായി മാറും.

ജില്ലയില്‍ കാലങ്ങളായി പട്ടയം നല്‍കുന്നതിനു വനംവകുപ്പ് ഉന്നയിച്ചിട്ടുള്ള തടസവാദങ്ങള്‍ പൂര്‍ണമായി ഇല്ലാതാകുന്നതാണ് നിയമഭേദഗതി. യഥാര്‍ഥ വനഭൂമി മാത്രം അതേ നിലയില്‍ നിലനില്‍ക്കുകയും കൈവശത്തിലുള്ള ഭൂമികളുടെ മേല്‍ ഉടമസ്ഥരേഖ ലഭിക്കുന്നതിനും നിയമഭേദഗതി സഹായകമാകും.

കൈവശ ഭൂമിക്ക് യഥാര്‍ഥ മൂല്യം ലഭിക്കുന്നതിനും പുരോഗമനപരമായ ഇതര പ്രവൃത്തികള്‍ക്ക് ഉപയുക്തം ആക്കുന്നതിനും തടസമായി നിന്നിരുന്ന രേഖപ്രകാരം ഉള്ള വനം എന്ന മരണക്കുരുക്കാണ് ഒഴിവാക്കപ്പെടുന്നത്. കൈവശ ഭൂമിയുടെ ഭൂമിയുടെ മേലുള്ള വനംവകുപ്പിന്റെ അന്യായ അവകാശവാദങ്ങള്‍ ഇല്ലാതെ ആകുന്നുവെന്നത് പതിറ്റാണ്ടുകളായി പട്ടയത്തിനു കാത്തിരിക്കുന്ന കര്‍ഷകര്‍ക്ക് വലിയ ഒരു ആശ്വാസമാണ്.
കേരളത്തിലെ കര്‍ഷകരുടെ കൈവശം കൃഷിക്കും മറ്റ് ഇതര ആവശ്യങ്ങള്‍ക്കുമായി വിട്ടു നല്‍കിയിട്ടുള്ള ഭൂമി 1977 ജനുവരി ഒന്നിനു മുന്‍പ് കൈവശം ലഭിച്ചിട്ടുള്ളതാണെങ്കില്‍ ആയത് കൈവശക്കാരന് പതിച്ചു നല്‍കുന്നതിന് സംസ്ഥാന ഗവണ്‍മെന്റ് മുന്‍പെടുത്ത തീരുമാനം ചുവപ്പുനാടയില്‍ കുടുങ്ങി നടപ്പാക്കാനായിട്ടില്ല.

1980 ലെ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ടില്‍ ഭേദഗതി വരുത്തി യഥാര്‍ഥ വനം കൃത്യമായി നിര്‍വചിച്ചത് നിലവിലുള്ള എല്ലാ തടസവാദങ്ങളും ലഘൂകരിക്കുന്നതാണ്. പട്ടയം ലഭിച്ചിട്ടില്ലാത്ത ഭൂമികളില്‍ നല്‍കിയിട്ടുള്ള കൈവശ രേഖകള്‍, നിര്‍മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നമ്പറുകള്‍, റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ളവ വനേതര ഭൂമിയുടെ തെളിവായി ഉപയോഗിക്കാന്‍ കഴിയുമെന്ന തരത്തിലുള്ള പുതിയ വനനിയമ ഭേദഗതി മലയോര ജനതയ്ക്ക് വലിയ ആശ്വാസമാകുകയാണ്.

ജില്ലയിലെ 6362 കര്‍ഷകരുടെ പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉന്നയിച്ചിരുന്ന തടസവാദങ്ങള്‍ പുതിയ ഭേദഗതിയോടെ ഇല്ലാതാകുകയാണ്. റാന്നി, കോന്നി താലൂക്കുകളില്‍ ഉള്‍പ്പെട്ട ഭൂപ്രദേശങ്ങളിലെ അര്‍ഹരായ കൈവശ കര്‍ഷകരുടെ ഭൂമിക്കാണ് പട്ടയം തേടി കേന്ദ്രത്തിലേക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്. രണ്ടു വര്‍ഷത്തോളമായ നടപടികളില്‍ ഇതേവരെയും കേന്ദ്ര തീരുമാനം വന്നിരുന്നില്ല. പല തവണ കേന്ദ്രം അപേക്ഷ മടക്കി അയച്ചിരുന്നു. വിശദീകരണക്കുറിപ്പോടെ സംസ്ഥാനം അയച്ച മറുപടികള്‍ സ്വീകാര്യവുമായിരുന്നില്ല. എന്നാല്‍ പുതിയ നിയമഭേദഗതി തടസങ്ങള്‍ മാറ്റുമെന്നാണ് പ്രതീക്ഷ.

പെരുമ്പെട്ടി വില്ലേജിലെ 414 കര്‍ഷകരുടെ ഭൂമി കൂടി ഉള്‍പ്പെടുത്തിയാണ് കേന്ദ്രത്തിന് അപേക്ഷ നല്‍കിയത്. ഈ കര്‍ഷകരുടെ ഭൂമി വനപരിധിയില്‍ വരുന്നില്ലെന്ന് 2019 ല്‍ സര്‍വേ നടത്തി കണ്ടെത്തിയതിനു ശേഷവും അവരുടെ സ്ഥലങ്ങളും കേന്ദ്രത്തിനു സമര്‍പ്പിച്ച പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയിരുന്നില്ല. പൊന്തന്‍പുഴ വലിയകാവ് വനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈവശ കര്‍ഷകരുടെ ഭൂമിക്കുമേല്‍ കൊണ്ടുവന്നത്. റാന്നി ഡിവിഷന് കീഴിലുള്ള വലിയകാവ് വനം സംബന്ധിച്ച അവകാശത്തര്‍ക്കം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

വലിയകാവ് വനത്തില്‍പ്പെട്ട ഭൂമിയാണ് പെരുമ്പെട്ടിയിലെ കര്‍ഷകരുടെ കൈവശത്തിലുള്ളതെന്ന് തെറ്റായി വാദിച്ച ഉദ്യോഗസ്ഥര്‍ സുപ്രീംകോടതിയുടെ കേസില്‍ നിലവിലുള്ള തല്‍സ്ഥിതി ഉത്തരവ് മുഴുവന്‍ അപേക്ഷയ്ക്കും ക്ഷണിച്ചു വരുത്തുകയായിരുന്നു. പിഴവു തിരുത്തി അപേക്ഷ നല്‍കാനും റവന്യുവകുപ്പ് തയാറായിരുന്നില്ല.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…