സഞ്ചാരികളേ…അരുതേ: ഗവിയുടെ സുന്ദരഭൂമിക നശിപ്പിക്കരുതേ: പ്ലാസ്റ്റിക് കൊണ്ട് പൊറുതി മുട്ടി ജില്ലയുടെ വിനോദസഞ്ചാര മേഖല

1 second read
Comments Off on സഞ്ചാരികളേ…അരുതേ: ഗവിയുടെ സുന്ദരഭൂമിക നശിപ്പിക്കരുതേ: പ്ലാസ്റ്റിക് കൊണ്ട് പൊറുതി മുട്ടി ജില്ലയുടെ വിനോദസഞ്ചാര മേഖല
0

പത്തനംതിട്ട: സീതത്തോട് ആങ്ങമൂഴി, മൂഴിയാര്‍ വഴി ഗവിയിലേക്കുള്ള കാനന പാതയുടെ ഓരത്തു നിറയെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍. ഗവിയുടെ പ്രകൃതി ഭംഗി കണ്ട് ആസ്വദിക്കാന്‍ എത്തുന്ന സഞ്ചാരികളുടെ സംഭാവനയാണിത്. പത്തനംതിട്ടയില്‍ നിന്നും സീതത്തോടുവഴി കൊച്ചാണ്ടി ചെക്ക് പോസ്റ്റില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വനം വകുപ്പ് കൃത്യമായ നിര്‍ദ്ദേശം നല്‍കാറുണ്ടെങ്കിലും ആരും ഇത് പാലിക്കാറില്ലെന്നുള്ളതിന്റെ തെളിവാണിത്.

കൊച്ചാണ്ടി മുതല്‍ ഗവി വരെയുള്ള അറുപത് കിലോമീറ്റര്‍ പൂര്‍ണമായും ഉള്‍വനമാണ്. കക്കാട് ജലവൈദ്യുത പദ്ധതിയുടെ വേലുത്തോട്, മൂഴിയാര്‍ ഡാമുകള്‍ കൊച്ചാണ്ടിയില്‍ നിന്നും കേവലം 12 കി.മീറ്ററിനുള്ളിലാണ്. കൂടാതെ ചോരകക്കി മേഖലയില്‍ നിന്നുനോക്കിയാല്‍ മൂഴിയാര്‍ ശബരിഗിരി ജലവൈദ്യുത പദ്ധതിയിലേക്ക് മലമുകളില്‍ നിന്നും തൂക്കായി കിടക്കുന്ന പൈപ്പ് ലൈനും കാണാം. ഈ ലുക്ക് ഔട്ട് പോയിന്റുകളിലെല്ലാം സഞ്ചാരികള്‍ അലക്ഷ്യമായി പ്ലാസ്റ്റിക്ക് കുപ്പികളും പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ഭക്ഷണ പദാര്‍ഥങ്ങളുടെ അവശിഷ്ടങ്ങളും വലിച്ചെറിയുന്നത് പതിവാണ്. കാടു വളര്‍ന്നു നില്‍ക്കുന്ന ഭാഗമായതിനാല്‍ ഇവ ഒറ്റ നോട്ടത്തില്‍ കണ്ടെത്താനും പറ്റില്ല. ഈ ഭാഗത്ത് കക്കാട്ടാറില്‍ നിന്നും വെള്ളം കുടിക്കാന്‍ നിരവധി ആനത്താരകളുണ്ട്. ഈ വഴികളിലും പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കാണാം.

മൂഴിയാറില്‍ നിന്നും നാല്‍പ്പതേക്കര്‍ ഭാഗത്തേക്ക് വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴിയാണുള്ളത്. ഈ ഭാഗത്ത് വാഹനം നിര്‍ത്തി മൂഴിയാര്‍ ജലസംഭരണിയുടെയും പവര്‍ ഹൗസിന്റെയും കാഴ്ച്ച പകര്‍ത്താന്‍ എത്തുന്ന സഞ്ചാരികള്‍ വെള്ളം കുടിച്ച ശേഷം പ്ലാസ്റ്റിക്ക് കുപ്പികള്‍ വലിച്ചെറിയാറുണ്ട്. നാല്‍പ്പതേക്കറില്‍ ഉള്ള കടകളില്‍ നിന്നും കുടിവെള്ളവും ലഘുഭക്ഷണവും വാങ്ങുന്നവര്‍ ഇടയ്ക്ക് വാഹനത്തില്‍ ഇരുന്നുകൊണ്ട് അവ പാതയുടെ ഓരങ്ങളില്‍ നിക്ഷേപിക്കാറുണ്ട്. ഇടയ്ക്ക് പെന്‍ സ്‌റ്റോക്ക് പൈപ്പുകളില്‍ അറ്റകുറ്റപണികള്‍ നടത്താനായി വൈദ്യുതി ബോര്‍ഡ് നിര്‍മ്മിച്ചിട്ടുള്ള കാട്ടുപാതകള്‍ പല സഞ്ചാരികളുടെയും ഇടത്താവളമാണ്. മരങ്ങള്‍ ഇടതൂര്‍ന്നുവളരുന്ന ഈ ഭാഗത്ത് തണുപ്പ് ഏറെയായതിനാല്‍ വാഹനം നിര്‍ത്തി മദ്യ സേവ നടത്തുന്ന സംഘങ്ങളും നിരവധി. ഇവരുടെ ശല്യം വര്‍ദ്ധിച്ചതിനാല്‍ വനം വകുപ്പും കെ.എസ്.ഇ.ബിയും സംയുക്തമായി ഈ വഴികളില്‍ വേലി തീര്‍ത്ത് സഞ്ചാരം തടസപ്പെടുത്തിയിരിക്കുകയാണിപ്പോള്‍.

അരണമുടിക്ക് സമീപം പെന്‍ സ്‌റ്റോക്ക് പൈപ്പുകള്‍ വരുന്ന ഭാഗത്ത് വാഹനം നിര്‍ത്തി ഭക്ഷണം കഴിക്കുന്നവര്‍ പുല്‍മേടുകളിലേക്ക് കുപ്പികള്‍ വലിച്ചെറിയുന്നത് പതിവാണ്. കൂടാതെ കക്കി അണക്കെട്ട് പണിയുന്നതിനായി വനത്തില്‍ നിന്നും പാറ പൊട്ടിച്ച് മാറ്റിയ സ്ഥലം സഞ്ചാരികളുടെ മറ്റൊരു താവളമായി അടുത്തിടെ മാറിയിട്ടുണ്ട്. ഉറക്കെ വിളിച്ചുപറഞ്ഞാല്‍ പാറമടയില്‍ നിന്നും പ്രതിധ്വനി ഇരട്ടി ശബ്ദത്തില്‍ തിരികെ എത്തുന്നത് കേള്‍ക്കാനായിട്ടാണ് ഇവിടെ വാഹനം നിര്‍ത്തുന്നത്്. ഈ ഭാഗത്ത് റോഡ് അരികു നിറയെ പ്ലാസ്റ്റിക്ക് കുപ്പികളാണ്. ഇവിടെ മദ്യ കുപ്പികളും കുറവല്ല.

കക്കി, ആനത്തോട് അണക്കെട്ടുകളുടെ മേഖലയെല്ലാം പ്രകൃതി രമണീയമായ പുല്‍മേടുകളാണ്. ആനകള്‍ കൂട്ടമായി എത്തി പുല്ലുതിന്നുന്നത് പതിവു കാഴ്ച്ചയാണ്. മിക്ക സഞ്ചാരികളും ആനകൂട്ടത്തെ കാണാനായി വാഹനം ഈ ഭാഗത്ത് നിര്‍ത്താറുണ്ട്. ഇവിടെയും പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ ചിതറി കിടക്കുന്നതു കാണാം. കൂടാതെ ഈ ഭാഗത്ത് ജലസംഭരണി വ്യാപിച്ചു കിടക്കുന്നതിനാല്‍ സഞ്ചാരികള്‍ പാതയില്‍ നിന്നും ജലസംഭരണിയുടെ തീരത്ത് എത്താറുണ്ട്. ചിലര്‍ ഇവിടെ പതി ഇരുന്ന് വെള്ളം കുടിക്കുന്നതും മദ്യപിക്കുന്നതും സാധാരണമാണ്. ഇവിടെ ചിതറി കിടക്കുന്ന മദ്യകുപ്പികളും വെള്ളകുപ്പികളും ഇതിന് തെളിവാണ്.

പുല്‍മേടുകളില്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ പലതും ആന, മ്ലാവ് എന്നിവ അകത്താക്കാനുള്ള സാധ്യതയുണ്ട്. ആനകൂട്ടം വെള്ളം കുടിക്കാനായി ജലസംഭരണികളുടെ തീരത്തെത്തുന്നതും പതിവാണ്. പാതി കഴിച്ചിട്ട് ഉപേക്ഷിക്കുന്ന പഴച്ചാര്‍ അടങ്ങിയ കുപ്പികളും പ്ലാസ്റ്റിക്ക് കവറുകളും ആനകള്‍ അകത്താക്കാറുണ്ട്.
ഇടയ്ക്ക് ഇതുവഴി എത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുല്‍ മേടുകള്‍ക്കിടയില്‍ നിന്നും പ്ലാസ്റ്റിക്കുകള്‍ എടുത്തു മാറ്റാറുണ്ട്. പക്ഷേ അവരുടെ ദൃഷ്ടിയില്‍പ്പെടുന്ന പ്ലാസ്റ്റിക്കുകള്‍ മാത്രമെ ഇത്തരത്തില്‍ മാറ്റാറുള്ളൂ.

ജനകീയ ബോധവത്കരണം മാത്രമാണ് ഇതിന് പ്രതിവിധി. ഇടയ്ക്ക് പ്ലാസ്റ്റിക്ക് നിക്ഷേപിക്കാനുള്ള കൂടകള്‍ സ്ഥാപിച്ചാല്‍ ഒരു പരിധിവരെ പരിസര മലിനീകരണവും വനം-വന്യജീവി സംരക്ഷണവും പ്രാവര്‍ത്തീകമാക്കാന്‍ പറ്റും.

 

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…