ഫാത്തിമ ബീവിയുടെ സംസ്‌കാര ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് പങ്കെടുക്കാതിരുന്നത് ഒരു കുറവു തന്നെ: പ്രതികരണവുമായി പത്തനംതിട്ട മുസ്ലിം ജമാഅത്ത്

0 second read
Comments Off on ഫാത്തിമ ബീവിയുടെ സംസ്‌കാര ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് പങ്കെടുക്കാതിരുന്നത് ഒരു കുറവു തന്നെ: പ്രതികരണവുമായി പത്തനംതിട്ട മുസ്ലിം ജമാഅത്ത്
0

പത്തനംതിട്ട: ജസ്റ്റിസ് എം. ഫാത്തിമ ബീവിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാതിരുന്ന സ്ഥലം എം.എല്‍.എയും ആരോഗ്യമന്ത്രിയുമായ വീണാ ജോര്‍ജിനെതിരേ പത്തനംതിട്ട മുസ്‌ലിം ജമാഅത്ത് കമ്മറ്റി. സംസ്‌കാര ചടങ്ങിനും അനുസ്മരണത്തിനും ശേഷം മാധ്യമങ്ങളോടാണ് ഉതേപ്പറ്റി ജമാ അത്ത് ഭാരവാഹികള്‍ പ്രതികരിച്ചത്. മന്ത്രി പങ്കെടുക്കാതെ പോയത് ഒരു വലിയ കുറവ് തന്നെയാണ്. വരും ദിവസങ്ങളില്‍ ഇത് പൊതുസമൂഹം ചര്‍ച്ച ചെയ്യട്ടെയെന്നും അവര്‍ പറഞ്ഞു. മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എച്ച്.ഷാജഹാന്‍, ചീഫ് ഇമാം അബ്ദുല്‍ ഷുക്കൂര്‍ മൗലവി എന്നിവരാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

സര്‍ക്കാരിന്റെ പ്രതിനിധികളായി എസ്പിയും ജില്ലാ കലക്ടറുമൊക്കെയുണ്ടായിരുന്നു. ജില്ലയില്‍ നിന്നുള്ള ഏക മന്ത്രിയാണ്. പോരെങ്കില്‍ ഇവിടുത്തെ എംഎല്‍എയാണ്. അവര്‍ സര്‍ക്കാരിന്റെ തന്നെ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുകയാണ്. അതും അറിയാം. എന്നിരുന്നാല്‍പ്പോലും രാജ്യം ആദരിക്കുന്ന ഒരു വ്യക്തിത്വമാണ് മരണപ്പെട്ടത്. ഇവിടെ വരെ വരാതിരുന്നത് വലിയ കുറവ് തന്നെയാണ്. ഇക്കാര്യം മുസ്‌ലിം ജമാ അത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. രാജ്യത്തെ സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്ജ്, മനുഷ്യാവകാശ കമ്മിഷന്റെ അധ്യക്ഷ, തമിഴ്‌നാട് മുന്‍ ഗവര്‍ണര്‍ എന്നിങ്ങനെ ഈ നാടിന് അഭിമാനിക്കാനുള്ള ഒരു പാട് പദവികള്‍ വഹിച്ചിരുന്നയാളാണ് ഫാത്തിമ ബീവി. അവരോടുള്ള ആദരം പ്രകടിപ്പിച്ച് ഈ ജില്ലയിലെങ്കിലും പൊതു അവധി പ്രഖ്യാപിക്കാമായിരുന്നു. വേണ്ട, പത്തനംതിട്ട മുനിസിപ്പല്‍ അതിര്‍ത്തിയിലെ സ്‌കൂളുകള്‍ക്കെങ്കിലും അവധി കൊടുക്കാമായിരുന്നു.

അതുണ്ടായില്ല. ജമാ അത്തിന്റെ കീഴിലുള്ള സ്‌കൂളുകള്‍ക്കും മദ്രസകള്‍ക്കുംഅവധി കൊടുത്തുവെന്നും അവര്‍ പറഞ്ഞു. ഫാത്തിമാ ബീവിയുടെ സംസ്‌കാര ചടങ്ങിനോട് സംസ്ഥാന സര്‍ക്കാര്‍ അവഗണന കാട്ടിയെന്നാണ് ജമാഅത്ത് ഭാരവാഹികള്‍ പറഞ്ഞത്. സംസ്ഥാന ബഹുമതിയോടെയാണ് സംസ്‌കാരം നടന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ കെയു ജനീഷ് കുമാര്‍, പ്രമോദ് നാരായണന്‍, ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള എന്നിവരൊക്കെ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.

 

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…