പത്തനംതിട്ട: വീണ്ടും റോബിന്‍ ബസ് പെര്‍മിറ്റ് ലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. ഇക്കുറി രണ്ടും കല്‍പിച്ചാണ്. വമ്പന്‍ സന്നാഹവുമായി വന്ന് പുലര്‍കാലത്ത് പിടികൂടിയ ബസ് പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക് മാറ്റുകയും ചെയ്തു. റോബിനും എംവിഡിയും തമ്മിലുള്ള ടോം ആന്‍ഡ് ജെറി കളി തുടങ്ങിയിട്ട് മാസമൊന്നു കഴിയുന്നു. കോടതി വിധികള്‍ ഇരുവരും അവരുടെ ഇഛയ്‌ക്കൊത്ത് വ്യാഖ്യാനിക്കുന്നു, അവര്‍ക്ക് ഇഷ്ടമുള്ളതു പോലെ നടപ്പാക്കുന്നു.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കോയമ്പത്തൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വന്ന റോബിന്‍ ബസ് മോട്ടോര്‍വാഹന വകുപ്പ് റാന്നിയില്‍ നിന്ന് പിന്തുടര്‍ന്ന് വന്ന് പത്തനംതിട്ട സ്വകാര്യ ബസ് സ്‌റ്റേഷന് സമീപം വച്ച് പിടിച്ചെടുത്ത് എആര്‍ ക്യാമ്പ് പരിസരത്തേക്ക് മാറ്റിയത്. വീണ്ടും കോടതിയെ സമീപിക്കുമെന്നും ബസ് ഇറക്കുമെന്നും പമ്പയിലേക്ക് സര്‍വീസ് തുടങ്ങുമെന്നും റോബിന്‍ ബസ് ഉടമ ബേബി ഗിരീഷും പറയുന്നു.
ഡ്രൈവര്‍മാരുടെ ലൈസന്‍സും വാഹനത്തിന്റെ പെര്‍മിറ്റും റദ്ദാക്കുമെന്നാണ് എംവിഡി പറയുന്നത്. നിന്നെക്കൊണ്ടൊന്നും നടക്കില്ലെന്നും ഇതേ ഡ്രൈവര്‍മാര്‍ തന്റെ ബസുമായി കോയമ്പത്തൂരിന് സര്‍വീസ് നടത്തുമെന്നുമാണ് ഗിരീഷിന്റെ വെല്ലുവിളി. മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാരുമായി ട്രിപ്പ് നടത്താനുള്ള അനുമതി മാത്രമാണ് ഹൈക്കോടതി വിധിയിലൂടെ റോബന്‍ ബസിന് ലഭിച്ചിട്ടുള്ളതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു പ്രത്യേക സ്ഥലത്ത് നിന്ന് ഒരുസംഘം ആളുകളെ കയറ്റുകയും മറ്റൊരു നിശ്ചിത സ്ഥലത്ത് ഇറക്കുകയും ചെയ്യണമെന്നാണ് ഓള്‍ ഇന്ത്യ ടൂറിസ്റ്റ്‌പെര്‍മിറ്റില്‍ നല്‍കുന്ന നിര്‍ദേശം. എന്നാല്‍, ഏത് പോയിന്റില്‍ നിന്നും ആളുകളെ കയറ്റുന്നതിലൂടെ നിയമലംഘനം ആവര്‍ത്തിക്കുന്നുവെന്നതാണ് ബസ് പിടിച്ചെടുക്കാന്‍ കാരണമായി പറയുന്നത്.
റോബിന്‍ ബസിന് പൊതുസമൂഹത്തില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. വ്‌ളോഗര്‍മാരും ചാനല്‍ പ്രവര്‍ത്തകരും പൊതുജനങ്ങളും സ്ഥിരമായി റോബിന്‍ ബസില്‍ യാത്ര ചെയ്യുകയാണ്. റോബിന്റെ ഭാഗത്ത് നിന്ന് നിയമലംഘനം ഉണ്ടെന്നത് വ്യക്തമാണെന്നാണ് ഇതേപ്പറ്റി പ്രാവീണ്യമുള്ളവര്‍ പറയുന്നത്. നേരത്തേ പൊതുസമൂഹം കെഎസ്ആര്‍ടിസിക്ക് വേണ്ടി വാദിച്ചിരുന്നവരാണ്. സ്വകാര്യ ബസുകാരുടെ നെഞ്ചത്ത് കയറാന്‍ നിന്നവരാണ്. പക്ഷേ, ഇപ്പോള്‍ എന്തു കൊണ്ട് അതേ പൊതുസമൂഹം കെഎസ്ആര്‍ടിസിക്കും സര്‍ക്കാരിനുമെതിരേ തിരിഞ്ഞു നില്‍ക്കുന്നു. അതിന് ഒറ്റക്കാരണമാണുള്ളത്.
സര്‍ക്കാരിനോടും അവരുടെ നിര്‍ദേശം അനുസരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടുമുള്ള എതിര്‍പ്പാണ് റോബിന് ഇത്രയേറെ പിന്തുണ ലഭിക്കാനുള്ള കാരണം. കക്ഷി-രാഷ്ട്രീയ വ്യത്യാസമില്ലാതെയുള്ള പിന്തുണയാണ് റോബിന് ലഭിക്കുന്നത്. അവരുടെ ഭാഗത്ത് വീഴ്ചയുണ്ടാകാം. എന്നിരുന്നാല്‍പ്പോലും ഒരു സാധാരണക്കാരനെ സര്‍ക്കാര്‍ പിന്തുടര്‍ന്ന് വേട്ടയാടുന്നു. ഇവിടെ കൈകാര്യം ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ തമിഴ്‌നാട്ടില്‍ വിളിച്ചു പറഞ്ഞ് അവിടെ വണ്ടി പിടിപ്പിക്കുന്നു. സുപ്രീം കോടതി പരാമര്‍ശം വന്ന് ഒരു ദിവസം മൗനം പാലിച്ചപ്പോള്‍ എല്ലാം കഴിഞ്ഞ് എംവിഡി കരയ്ക്ക് കയറിയെന്ന് കരുതി. പക്ഷേ, അത് തെറ്റായ നിഗമനമായിരുന്നുവെന്ന് ഇന്നലെ മനസിലായി.
സുപ്രീം കോടതി പരാമര്‍ശം വന്നതിന്റെ പിറ്റേന്ന് എംവിഡി വിശ്രമിക്കുകയായിരുന്നില്ല. പകരം, എങ്ങനെ റോബിനെ നിയമപരമായി പൂട്ടാം എന്നുളളതിന്റെ നിയമവശം പരിശോധിക്കുകയായിരുന്നു. അവര്‍ക്ക് കിട്ടിയ നിയമോപദേശം അനുസരിച്ച് ഇന്നലെ പുലര്‍ച്ചെ ബസ് തടഞ്ഞ് വാണിങ് കൊടുത്തു. രണ്ട് ചെല്ലാനുള്ള പിഴയും ഈടാക്കി. നോട്ടീസും നല്‍കി. ഇന്ന് പുലര്‍ച്ചെ നിരന്തരമായ നിയമലംഘനത്തിന്റെ പേരില്‍ ബസ് പിടിച്ച് അകത്തിടുകയും ചെയ്തു.
സര്‍ക്കാരിനെതിരേ പ്രതികരിക്കുന്നവരെ ജനം തോളിലേറ്റുന്ന കാഴ്ചയാണ് അടുത്തിടെയായിട്ടുള്ളത്. മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ വേട്ടയാടിയപ്പോഴാണ് പൊതു സമൂഹം ഈ രീതിയില്‍ പ്രതികരിച്ചത്. കള്ളക്കേസുകള്‍ ഒന്നിന് പിറകേ ഒന്നായി എടുത്ത് ഷാജനെ വേട്ടയാടാനുള്ള നീക്കത്തിനെതിരേ ആയിരങ്ങള്‍ രംഗത്തു വന്നു. കോടതികള്‍ എല്ലാ കേസിലും ഷാജന് ജാമ്യം കൊടുത്തു. എന്നിട്ടും പക തുടര്‍ന്ന് പുതിയ കേസുകള്‍ എടുത്തു കൊണ്ടേയിരിക്കുന്നു.
പിന്നെ വേട്ടയാടിയത് മാത്യു കുഴല്‍നാടനെയാണ്. മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദം സജീവമാക്കി നിര്‍ത്തിയതിനാണ് അദ്ദേഹത്തിന് എതിരേ സര്‍ക്കാര്‍ വകുപ്പുകളെ ഉപയോഗിച്ച് പക പോക്കലിന് ശ്രമിച്ചത്. ഉമ്മാക്കി കണ്ട് ഭയപ്പെടാതിരുന്ന കുഴല്‍നാടന്‍ ശക്തമായി തിരിച്ചടിച്ചതോടെ സര്‍ക്കാര്‍ ഒതുങ്ങി. പിന്നിലൂടെയുള്ള പണി തുടരുന്നു.
സുരേഷ് ഗോപിയെ പെണ്ണുകേസില്‍ കുടുക്കാനും അടിമാലിയിലെ മറിയക്കുട്ടിയെ കോടീശ്വരിയാക്കാനുമുള്ള ശ്രമവും സര്‍ക്കാരിന് തിരിച്ചടിയായി. അതിനിടെയാണ് റോബിന്‍ ഗിരീഷ് വെല്ലുവിളിയുമായി രംഗത്ത് വന്നത്. നിസാരന്മാരായ എതിരാളികളെ ഒതുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നടങ്കം കിണഞ്ഞു പരിശ്രമിച്ചിട്ടും നടക്കാതെ വരുന്നത് പൊതുജനങ്ങളുടെ പിന്തുണ ഉള്ളതു കൊണ്ടാണ്്. സര്‍ക്കാരിന്റെ ഏതു നടപടിക്കുമെതിരേ മുമ്പൊന്നും ഇല്ലാത്ത വിധം ജനരോഷം ശക്തമാണ്. ഇത് മനസിലാക്കാതെ എതിര്‍ക്കുന്നവരെ കള്ളക്കേസില്‍ കുടുക്കിയും തലയ്ക്ക് ചെടിച്ചട്ടി കൊണ്ട് അടിച്ച് ജീവന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയും ഒതുക്കാമെന്ന വ്യാമോഹമാണ് സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കുമുള്ളത്.
ഒരു ചെറിയ ഫേസ്ബുക്ക് പോസ്റ്റ് കൊണ്ടാണെങ്കില്‍പ്പോലും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്ക് പൂച്ചെണ്ടുമായി നില്‍ക്കുകയാണ് നാട്ടുകാര്‍. ഇത് പതിവില്ലാത്തതാണ്. ഈ അപകടം തിരിച്ചറിയാതെ ജനങ്ങളുടെ ക്ഷമ പരീക്ഷിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. നവകേരള സദസിലെ ധൂര്‍ത്തും വെല്ലുവിളിയും അഹന്ത നിറഞ്ഞ വാക്കുകളും ജനങ്ങളെ കൂടുതല്‍ പ്രകോപിപ്പിക്കുന്നു. ബഹുനിലമന്ദിരങ്ങള്‍ക്ക് പൈലിങ് നടത്തി അടിത്തറയുടെ ബലം പരിശോധിക്കുന്നതു പോലെ സര്‍ക്കാര്‍ പൊതുജനങ്ങളുടെ പുറത്ത് പൈലിങ് നടത്തുകയാണ്. എത്രത്തോളം ഇവരെ ഇടിച്ചു താഴ്ത്താം. ഏതു ഘട്ടത്തില്‍ ഇവര്‍ പ്രതികരിക്കുമെന്നുള്ള പരിശോധനയാണ് നടക്കുന്നത്.