ആലുവ: മംഗലപ്പുഴ സെമിനാരിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച പന്നിഫാമിന് ചുറ്റുമുളള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിതമായും പത്തുകിലോമീറ്റര്‍ ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. മറിയമ്മ തോമസിന്റെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ച് ഉത്തരവായി ഫാമിലുള്ള അഞ്ചു പന്നികളേയും ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. മിനിയുടെ
നേതൃത്വത്തില്‍ നശിപ്പിച്ചു. ഡോ എഡിസണ്‍ മാത്യു, ഡോ. ജോമോന്‍ ചെറിയാന്‍ ഡോ. നിഷ സെബാസ്റ്റിയന്‍, ഡോ. നന്ദന എന്നിവരോടൊപ്പം അസി. ഫീല്‍ഡ് ഓഫീസറായ പ്രഭാകരന്‍, രാജു, ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടറായ മനു അറ്റന്‍ഡര്‍മാരായ ഷീല, അജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
അണുനശീകരണം നടത്തി.
രോഗബാധിത പ്രദേശങ്ങളില്‍ നിന്നും പന്നിമാംസത്തിന്റെ വിതരണം, വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനം എന്നിവ നിര്‍ത്തി വച്ചു. ഇവിടെ നിന്ന് പന്നികള്‍, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റിടങ്ങളില്‍ നിന്നും രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിര്‍ത്തി വയ്ക്കും.
രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളില്‍ നിന്നും മറ്റ് ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസത്തിനുളളില്‍ പന്നികളെ കൊണ്ട് പോയിട്ടുണ്ടോ എന്ന് അന്വേഷിക്കും. 10 കിലോമീറ്റര്‍ ചുറ്റളവ് നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ആഫിക്കന്‍ പന്നിപ്പനി മനുഷ്യരിലോ മൃഗങ്ങളിലോ പക്ഷികളിലോ രോഗബാധ ഉണ്ടാക്കില്ലെന്നും വളര്‍ത്ത് പന്നികളേയും കാട്ടുപന്നികളേയും മാത്രമാണ് ഈ വൈറസ് ബാധിക്കുകയെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. മറിയമ്മ തോമസ് അറിയിച്ചു.