പത്തനംതിട്ട കലക്ടറേറ്റില്‍ പിഎസ്‌സി എല്‍ഡി ക്ലാര്‍ക്ക് നിയമന ഉത്തരവ് ചോര്‍ത്തിയ സംഭവം: ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടും നടപടിയില്ല: ജോയിന്റ് കൗണ്‍സില്‍ നേതാക്കളെ രക്ഷിക്കാന്‍ മന്ത്രി തലത്തില്‍ ഇടപെടല്‍

2 second read
Comments Off on പത്തനംതിട്ട കലക്ടറേറ്റില്‍ പിഎസ്‌സി എല്‍ഡി ക്ലാര്‍ക്ക് നിയമന ഉത്തരവ് ചോര്‍ത്തിയ സംഭവം: ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടും നടപടിയില്ല: ജോയിന്റ് കൗണ്‍സില്‍ നേതാക്കളെ രക്ഷിക്കാന്‍ മന്ത്രി തലത്തില്‍ ഇടപെടല്‍
0

പത്തനംതിട്ട: പിഎസ്‌സിയുടെ എല്‍ഡി ക്ലാര്‍ക്ക് നിയമന ഉത്തരവ് കലക്ടറേറ്റിലെ സീക്രട്ട് സെക്ഷനില്‍ നിന്ന് ചോര്‍ത്തി ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കുകയും അവര്‍ അതുമായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാരായി കണ്ട ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി അട്ടിമറിച്ചു. തിരുവല്ല സബ് കലക്ടര്‍ ആയിരുന്ന ശ്വേത നാഗര്‍കോട്ടി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ ദിവ്യ എസ്. അയ്യന്‍ നാലു പേര്‍ക്കെതിരേ നടപടിക്ക് ശിപാര്‍ശ ചെയ്ത് റവന്യൂ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് മന്ത്രിയുടെ ഓഫീസില്‍ പൂഴ്ത്തി വയ്ക്കുകയും ഉദ്യോഗസ്ഥരെ നടപടിയില്‍ നിന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു.

അടൂര്‍ താലൂക്ക് ഓഫീസിലേക്കുള്ള നിയമന ഉത്തരവ് ജില്ലാ കലക്ടര്‍ ഒപ്പിട്ടയുടന്‍ രണ്ട് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പ് വഴി അയച്ചുകൊടുക്കുകയും അവര്‍ പ്രിന്റൗട്ടുമായി താലൂക്ക് ഓഫീസില്‍ ജോലിയില്‍ പ്രവേശിക്കുകയുമായിരുന്നു. രജിസ്‌റ്റേഡ് തപാലില്‍ അയക്കേണ്ടതും അതീവ രഹസ്യസ്വഭാവത്തോടെ നടത്തേണ്ടതുമായ നടപടിയാണ് വാട്‌സാപ്പ് വഴിയാക്കിയത്. ഈ വിവരം മറുനാടനാണ് പുറത്തു വിട്ടത്. പിന്നാലെ എന്‍ജിഒ സംഘ്, എന്‍ജിഒ അസോസിയേഷന്‍ എന്നിവയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ആയിരുന്ന ഡോ.ദിവ്യ എസ്. അയ്യരുടെ നിര്‍ദേശ പ്രകാരം തിരുവല്ല സബ് കലക്ടറായിരുന്ന നാഗര്‍കോട്ടി നടത്തിയ അന്വേഷണത്തില്‍ കലക്ടറേറ്റിലെ പ്രധാന ഉദ്യോഗസ്ഥ, സീക്രട്ട് സെക്ഷനിലെ രണ്ടു ക്ലാര്‍ക്കുമാര്‍, ഭരണാനുകൂല സംഘടനയുടെ ജില്ലാ നേതാവ് എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ റവന്യു സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു. റിപ്പോര്‍ട്ട് ഇപ്പോഴും കലക്ടറേറ്റില്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

25 പേര്‍ക്ക് നിയമനം നല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെ രണ്ടു പേര്‍ക്ക് മാത്രം നിയമന ഉത്തരവ് രഹസ്യമായി കൈമാറുകയും അവര്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തതാണ് പുറത്തു വന്നത്. എല്ലാവര്‍ക്കും ഒന്നിച്ച് നിയമന ഉത്തരവ് തപാലില്‍ അയയ്ക്കുകയാണ് വേണ്ടത്. അത് കിട്ടുന്ന മുറയ്ക്ക് വന്ന് ജോലിയില്‍ പ്രവേശിക്കണം. ഇവിടെ മറ്റുള്ളവര്‍ക്ക് നിയമന ഉത്തരവ് അയയ്ക്കാതെയാണ് രണ്ടു പേര്‍ക്ക് മാത്രം രഹസ്യമായി കൈമാറിയത്. കൊല്ലം ജില്ലയില്‍ നിന്നുള്ള ഈ ഉദ്യോഗാര്‍ഥികള്‍ അടൂര്‍ താലൂക്ക് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചു. ഈ വിവരം അറിഞ്ഞ് മറ്റ്് ഉദ്യോഗാര്‍ഥികള്‍ കലക്ടറേറ്റില്‍ അന്വേഷിച്ചപ്പോഴാണ് തങ്ങള്‍ക്കുള്ള നിയമന ഉത്തരവ് അയച്ചിട്ടില്ലെന്ന് അറിയുന്നത്.

അടിയന്തിര പ്രാധാന്യത്തോടെ രണ്ടു പേരെ നിയമിക്കേണ്ടതു കൊണ്ട് അവര്‍ക്ക് ഉത്തരവ് വാട്‌സാപ്പില്‍ കൈമാറിയെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ഇങ്ങനെ ചെയ്യാന്‍ ചട്ടം അനുവദിക്കുന്നില്ല. സര്‍ക്കാര്‍ നടപടിക്രമം മുറ പോലെയാണ് നടക്കേണ്ടത്. കലക്ടറേറ്റില്‍ നിന്ന് തപാല്‍ മുഖാന്തരം വേണം നിയമന ഉത്തരവ് അയയ്ക്കാന്‍. അത് തപാല്‍ രേഖപ്പെടുത്തുന്ന ബുക്കില്‍ എഴുതുകയും വേണം. ഇവിടെ ഈ നടപടിക്രമം ഒന്നും പാലിച്ചിട്ടില്ല.

ജോയിന്റ് കൗണ്‍സിലിന്റെ ജില്ലാ നേതാവ് ഇടപെട്ടാണ് രണ്ടു പേര്‍ക്ക് മാത്രമായി നിയമനം നല്‍കിയത്. ഇത് ജോയിന്റ് കൗണ്‍സിലില്‍ തന്നെ എതിര്‍പ്പിന് കാരണമായി. ചട്ടം മറികടന്ന് നിയമന ഉത്തരവ് നല്‍കിയ വിവരം ജില്ലാ കലക്ടര്‍ അറിഞ്ഞിരുന്നില്ല. കലക്ടറുടെ രഹസ്യ വിഭാഗത്തില്‍ നിന്നുമാണ് ഉത്തരവ് ചോര്‍ന്നത്. ജില്ലാ പി.എസ്.സി ഓഫീസറുടെ നിയമന ശിപാര്‍ശ പ്രകാരം 25 ഉദ്യോഗാര്‍ഥികളെ എല്‍ഡി ക്ലാര്‍ക്ക് തസ്തികയില്‍ ജില്ലാ റവന്യൂ ഭരണ വിഭാഗത്തില്‍ നിയമനം നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത് കഴിഞ്ഞ വര്‍ഷം നവംബര്‍ 18 നാണ്.
സീക്രട്ട് സെക്ഷനിലെ സൂപ്രണ്ട് രണ്ടു ദിവസം അവധിയായിരുന്നു. ഈ സമയം നോക്കി സൂപ്രണ്ടിന്റെ പാസ്‌വേര്‍ഡും ഐഡിയും ദുരുപയോഗം ചെയ്താണ് ഉത്തരവ് കൈക്കലാക്കിയതെന്ന് പറയുന്നു. വാട്‌സാപ്പില്‍ ലഭിച്ച ഉത്തരവിന്റെ പ്രിന്റൗട്ടുമായി എത്തിയ ഉദ്യോഗാര്‍ത്ഥികള്‍ തഹസില്‍ദാരുടെ അനുമതിയോടെയാണ് ജോലിയില്‍ പ്രവേശിച്ചത്. ഇതിനു ശേഷമാണ് തഹസില്‍ദാര്‍ക്ക് കലക്ടറേറ്റില്‍ നിന്ന് നിയമന ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചത്. കലക്ടറുടെ ശിരസ്തദാറുടെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗാര്‍ത്ഥികളെ ജോലിയില്‍ പ്രവേശിപ്പിച്ചതെന്ന് തഹസില്‍ദാര്‍ വിശദീകരിച്ചിരുന്നു.

കലക്ടര്‍ ഒപ്പിട്ട് രജിസ്‌റ്റേഡ് തപാലില്‍ ലഭിക്കുന്ന നിയമന ഉത്തരവുമായാണ് ഉദ്യോഗാര്‍ത്ഥികള്‍ ജോലിയില്‍ പ്രവേശിക്കേണ്ടതെന്നാണ് ചട്ടം. വാട്‌സ് ആപ്പില്‍ ലഭിച്ച ഉത്തരവിന്റെ പ്രിന്റൗട്ടുമായി ഉദ്യോഗാര്‍ത്ഥികള്‍ ജോലിക്ക് എത്തിയപ്പോള്‍ തഹസില്‍ദാര്‍ ശിരസ്തദാറെ ഫോണില്‍ വിളിച്ചു. ഉത്തരവുമായി എത്തിയവര്‍ക്ക് നിയമനം നല്‍കാമെന്ന് ശിരസ്തദാര്‍ പറഞ്ഞു. പിന്നാലെ നിയമന ഉത്തരവ് ഇ മെയിലായി തഹസില്‍ദാസര്‍ക്ക് കലക്ടറേറ്റില്‍ നിന്ന് അയച്ചുകൊടുത്തു.

മാധ്യമങ്ങള്‍ വാര്‍ത്തയുമായി സജീവമാവുകയും സമരങ്ങള്‍ തുടരുകയും ചെയ്തതോടെ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാവുകയായിരുന്നു. എന്നാല്‍, പിന്നീട് ഇത് വിസ്മൃതിയിലായി. ഈ തക്കം നോക്കിയാണ് ഇവര്‍ക്കെതിരായ നടപടിക്കുള്ള നിര്‍ദേശം പൂഴ്ത്തിയത്.

 

സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ നേതാക്കള്‍ ഉള്‍പ്പെട്ട നിയമന മാഫിയ ആണ് കലക്ടറേറ്റില്‍ നിന്ന് പി.എസ്.സി നിയമന ഉത്തരവ് ചോര്‍ത്തി സ്വന്തക്കാര്‍ക്ക് നല്‍കിയത്. പ്രത്യക്ഷത്തില്‍ നിസാരമെന്ന് തോന്നുമെങ്കിലും രേഖ ചോര്‍ന്നത് കലക്ടറേറ്റിലെ രഹസ്യ വിഭാഗത്തില്‍ നിന്നാണെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചു. ജോയിന്റ് കൗണ്‍സിലുകാരുടെ കുത്തകയാണ് ഈ വിഭാഗം. ഇവിടെ ജോയിന്റ് കൗണ്‍സിലിന്റെ നേതാക്കള്‍ മാത്രമാണ് ജോലി ചെയ്യുന്നത്. നിയമനവും സ്ഥലംമാറ്റവും വര്‍ക്കിങ് അറേജ്‌മെന്റുമെല്ലാം തീരുമാനിക്കുന്നത് ഇവരാണ്.

കഴിഞ്ഞ നവംബര്‍ 18 ന് 25 പേരെ റവന്യൂ വകുപ്പില്‍ എല്‍.ഡി.ക്ലാര്‍ക്കുമാരായി നിയമിച്ചു കൊണ്ട് കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവാണ് ചോര്‍ന്നത്. ഇത് കൈയില്‍ കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലയില്‍ നിന്നുള്ള രണ്ട് ഉദ്യോഗാര്‍ഥികള്‍ അടൂര്‍ താലൂക്ക് ഓഫീസില്‍ നവംബര്‍ 21 ന് ജോലിക്ക് ചേര്‍ന്നിരുന്നു. മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും നിയമന ഉത്തരവ് ലഭിക്കുന്നതിന് മുന്‍പ് രണ്ടു പേര്‍ ജോലിയില്‍ പ്രവേശിച്ചതും അതീവ രഹസ്യ സ്വഭാവമുള്ള രേഖ കലക്ടറുടെ രഹസ്യ വിഭാഗത്തില്‍ നിന്ന് ചോര്‍ന്നതും വിവാദമായി.

വിലാസം മാറിയതിനാല്‍ കൊല്ലം സ്വദേശിയായ ഉദ്യോഗാര്‍ഥി അപേക്ഷ നല്‍കിയ ശേഷം നേരിട്ടു വന്ന് ഉത്തരവ് കൈപ്പറ്റുകയായിരുന്നുവെന്നാണ് സംഭവത്തില്‍ ആരോപണ വിധേയരായ ജോയിന്റ് കൗണ്‍സില്‍ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇയാള്‍ കൈപ്പറ്റിയ ഉത്തരവുമായി കൊല്ലം ജില്ലയില്‍ തന്നെയുള്ള മറ്റൊരു ഉദ്യോഗാര്‍ഥിയും നവംബര്‍ 21 ന് ഉച്ചയ്ക്ക് ശേഷം ജോലിയില്‍ പ്രവേശിച്ചിരുന്നു. 2018 ലെ നിയമനത്തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ നിയമനങ്ങളെല്ലാം കര്‍ശന സുരക്ഷയിലാണ് നടന്നു പോരുന്നത്. കലക്ടറുടെ രഹസ്യ വിഭാഗത്തില്‍ നിന്ന് അതിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഉത്തരവ് അയയ്‌ക്കേണ്ടത്. ഉദ്യോഗാര്‍ഥി അപേക്ഷ നല്‍കി നേരിട്ടെത്തിയാല്‍ ഉത്തരവ് നല്‍കാനുള്ള ചട്ടം
കെഎസ്ആറിലുണ്ട്. എന്നാല്‍, ഇതിന് ചില നടപടി ക്രമങ്ങളുണ്ട്. ഉദ്യോഗാര്‍ഥി നേരിട്ടെത്തി അപേക്ഷ നല്‍കിയതിന് ശേഷം കലക്ടര്‍ വേരിഫിക്കേഷന്‍ നടത്തി വേണം ഉത്തരവ് നല്‍കാന്‍. ഉത്തരവ് ഉദ്യോഗാര്‍ഥിക്ക് നല്‍കേണ്ടതാകട്ടെ ഡെസ്പാച്ച് സെക്ഷന്‍ വഴി തപാല്‍ ബുക്കില്‍ രേഖപ്പെടുത്തിയും വേണം.

ഇവിടെ സംഭവം വിവാദമായപ്പോഴാണ് ഉദ്യോഗാര്‍ഥിയുടെ കൈയില്‍ നിന്ന് അപേക്ഷ പോലും വാങ്ങിച്ചത് എന്നാണ് വിവരം. കലക്ടറേറ്റിലെ രഹസ്യ വിഭാഗം മുഴുവന്‍ ജോയിന്റ് കൗണ്‍സിലുകാരുടെ കൈപ്പിടിയിലാണ്.

സര്‍ക്കാര്‍ ജീവനക്കാരുടെ നിയമന രീതി നിലവില്‍ അതീവ രഹസ്യ സ്വഭാവമുള്ളതാണ്. പി.എസ്.സി ഓഫീസില്‍ നിന്ന് ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍ കഴിഞ്ഞ് ഇവിടെ നിന്ന് ഫയല്‍ കലക്ടര്‍ക്ക് കൈമാറും. കലക്ടര്‍ ഇത് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം ഉദ്യോഗാര്‍ഥികളെ നിയമിച്ചു കൊണ്ട് ഉത്തരവിടും. ഈ ഉത്തരവിന്റെ പകര്‍പ്പ് അതാത് വകുപ്പ് മേധാവിമാര്‍ക്ക് അയച്ചു കൊടുക്കും. ഇത് അവര്‍ക്ക് ലഭിക്കുന്നതിന് പിന്നാലെയാണ് ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവ് നല്‍കുക. ഇത് ലഭിക്കുന്ന ഉദ്യോഗാര്‍ഥികള്‍ യഥാര്‍ഥ രേഖകളുമായി വകുപ്പ് മേധാവിക്ക് മുന്നില്‍ ഹാജരാകണം. മേധാവി ആളിനെയും രേഖകളും പരിശോധിച്ച് ഉറപ്പു വരുത്തണം. കലക്ടര്‍ അയച്ചു കൊടുത്ത നിയമന ഉത്തരവ് രേഖയുമായി ഒത്തു നോക്കണം. ഇവിടെ അതൊന്നും നടന്നിട്ടില്ല. രണ്ട് ഉദ്യോഗാര്‍ഥികള്‍ ഉത്തരവുമായി ഹാജരായപ്പോള്‍ അടൂര്‍ തഹസില്‍ദാര്‍ കലക്ടറേറ്റിലേക്ക് വിളിച്ചു ചോദിച്ചാണ് നിയമനം നല്‍കിയത്. ഇത് ഒരിക്കലും നിയമപരമല്ല. ഇതു സംബന്ധിച്ച രേഖ കലക്ടറേറ്റില്‍ നിന്ന് തഹസില്‍ദാര്‍ക്ക് ഇമെയില്‍ അയച്ചിരുന്നുവെന്നാണ് ജോയിന്റ് കൗണ്‍സില്‍ നേതാക്കള്‍ പറഞ്ഞത്. ഇതിന്റെ വസ്തുത അടക്കം പരിശോധിക്കേണ്ടി വരും. അതേ പോലെ ജോലിയില്‍ പ്രവേശിച്ച ഉദ്യോഗാര്‍ഥി നല്‍കിയ അപേക്ഷയും അതിന്മേലുണ്ടായ തുടര്‍നടപടിയും പരിശോധനാ വിധേയമാക്കണം.

രണ്ടു പേര്‍ക്ക് നേരത്തേ നിയമനം നല്‍കുന്നത് കൊണ്ട് ആര്‍ക്കും പ്രത്യേകിച്ച് പ്രയോജനമില്ല. പക്ഷേ, ഇവിടെ സര്‍വീസ് സംഘടനയ്ക്ക് അംഗബലം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് രണ്ടു പേര്‍ക്ക് മാത്രമായി നിയമന ഉത്തരവ് നല്‍കിയതെന്നാണ് പറയുന്നു.അടുത്ത കാലത്ത് റവന്യൂ വകുപ്പില്‍ ജോലി കിട്ടിയവരെ മുഴുവന്‍ ജോയിന്റ് കൗണ്‍സില്‍ അംഗങ്ങളാക്കി മാറ്റി. സൗകര്യപ്രദമായ സ്ഥലത്ത് നിയമനം ലഭിക്കാന്‍ വേണ്ടി കോഴ വാങ്ങുമെന്ന ആരോപണവും പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ഉന്നയിക്കുന്നു. ഇങ്ങനെ കോഴ കൊടുത്തവര്‍ക്ക് വിശ്വാസ്യത കൈവരാന്‍ വേണ്ടി പല കുറുക്കുവഴികളും സ്വീകരിക്കാറുണ്ടത്രേ.

കൊല്ലം ജില്ലയില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക അവര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്ത് ഇവര്‍ നിയമനം തരപ്പെടുത്തി കൊടുക്കും. അടൂര്‍ അല്ലെങ്കില്‍ തിരുവല്ല ആണ് അവര്‍ക്ക് സൗകര്യപ്രദം. അടൂരാണെങ്കില്‍ എളുപ്പം ബസിന് എത്താം. തിരുവല്ലയില്‍ ട്രെയിനില്‍ വന്നിറങ്ങാം. അതേ സമയം, ജോയിന്റ് കൗണ്‍സിലില്‍ ചേരാന്‍ തയാറാകാത്ത തിരുവനന്തപുരത്ത് നിന്നുള്ളവരെയൊക്കെ റാന്നി, മല്ലപ്പള്ളി താലൂക്കുകളിലേക്ക് പറപ്പിക്കുകയും ചെയ്യും. ഇതിന് പിന്നിലെ സാമ്പത്തിക ഇടപാടും അന്വേഷണത്തിന്റെ പരിധിയില്‍ വരണമെന്നായിരുന്നു സര്‍വീസ് സംഘടനകളുടെ ആവശ്യം.

 

 

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…