അജോ കുറ്റിക്കന്‍
കോട്ടയം: നീണ്ട ഇടവേളകള്‍ക്ക് ശേഷം വീണ്ടും സാത്താന്‍ ആരാധകര്‍ തല പൊക്കുന്നു. കേരളത്തില്‍ സാത്താന്‍ സേവ വിശ്വാസികളെ ഒന്നിച്ചു ചേര്‍ത്ത് കൂട്ട ആരാധന നടത്തവനാണ് നീക്കം. തമിഴ്‌നാട്ടിലെ മേഘമലയിലെ ഫാം ഹൗസില്‍ രഹസ്യമായി സാത്താന്‍ ആരാധകര്‍ സംഘടിക്കുമെന്നാണ് വിവരം.
ഇവരെ ബന്ധിപ്പിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളും നിലവിലുണ്ട്. കൊച്ചി കേന്ദ്രികരിച്ചുള്ള പ്രധാന സംഘമാണ് സാത്താന്‍ സേവ വിശ്വാസികളെ ഒരുമിച്ച് ചേര്‍ത്ത് പ്രാര്‍ത്ഥന നടത്തുന്നതിന് നീക്കം നടത്തുന്നതെന്നാണ് അറിയുന്നത്.
ഡിസംബര്‍ 25 നാണ് സംഗമം നടത്താന്‍ ഇവര്‍ ഉദ്ദേശിക്കുന്നത്. കേരളത്തില്‍ മുമ്പ് സംഗമം നടത്താന്‍ ഇവര്‍ ശ്രമിച്ചിരുന്നു. അന്ന് രഹസ്യാന്വേഷണ വിഭാഗം പൊളിച്ചു. ഇതോടെയാണ് ഇടുക്കി ജില്ലയ്ക്ക് സമീപത്തെ മേഘമലയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്ന് സംഘാടകനായ ഒരാള്‍ പറയുന്നു. ആരാധനയ്ക്ക് കേരളത്തില്‍ നിന്ന് 150 പേര്‍ പങ്കെടുക്കുമെന്നാണ് അവകാശ വാദം.ഇതിനായി വോളണ്ടിയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ഗ്രൂപ്പിലെ അംഗങ്ങളിലെ അഞ്ചു പേരെയാണ് വോളണ്ടിയര്‍മാരായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവരുടെ നിര്‍ദ്ദേശങ്ങള്‍ മറ്റ് അംഗങ്ങള്‍ അനുസരിക്കണമെന്നാണ് പ്രധാന വ്യവസ്ഥ.
24 ന് 11 മണിക്ക് വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തുന്നവര്‍ കമ്പം നോര്‍ത്ത് പൊലീസ് സ്‌റ്റേഷന് സമീപത്തെ ചുരുളിപ്പെട്ടി മൈതാനത്ത് ഒത്തുചേരും. സ്വന്തം വാഹനങ്ങളില്‍ എത്തുന്നവര്‍ ഗാന്ധി ശിലൈയ്ക്ക് അടുത്തുള്ള സ്വകാര്യ പാര്‍ക്കിങ് പോയിന്റില്‍ നിര്‍ത്തിയിട്ടതിന് ശേഷം സംഘാടകര്‍ ഒരുക്കിയിരിക്കുന്ന ടാക്‌സി വാഹനങ്ങളില്‍ കയറണം. വാഹനങ്ങള്‍ തിരിച്ചറിയാന്‍ പ്രത്യേക കോഡും അടുത്ത ദിവസങ്ങളില്‍ കൈമാറുമെന്ന് ഗ്രൂപ്പിലെ സന്ദേശത്തില്‍ പറയുന്നു.
പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമായ മേഘമലയിലേക്ക് രാവിലെ എട്ടു മുതല്‍ വൈകിട്ട് നാലു വരെയാണ് പ്രവേശനം അനുവദിക്കൂ. പിന്നീട് റോഡ് അടയ്ക്കും. ഇതിനാല്‍ തന്നെ പുറത്തു നിന്നുള്ള ശല്യവുമുണ്ടാകില്ലെന്നതാണ് ഇവിടം തെരഞ്ഞെടുക്കാനുള്ള കാരണമെന്നും അറിയുന്നു. അതെ സമയം കേരളത്തില്‍ നിന്നും എത്തുന്ന സാത്താന്‍ ആരാധകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നത് തമിഴ്‌നാട്ടിലെ സംഘമാണെന്നും തേനി ജില്ലയിലെ മറ്റ് ചില പ്രദേശങ്ങളിലും ഇവര്‍ക്ക് സ്വാധീനമുണ്ടെന്നും പറയപ്പെടുന്നു.