അതിഥി തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു: നാട്ടുകാര്‍ തടഞ്ഞു വച്ച് പോലീസിന് കൈമാറിയ മൂന്നു യുവാക്കള്‍ അറസ്റ്റില്‍

0 second read
Comments Off on അതിഥി തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു: നാട്ടുകാര്‍ തടഞ്ഞു വച്ച് പോലീസിന് കൈമാറിയ മൂന്നു യുവാക്കള്‍ അറസ്റ്റില്‍
0

ആറന്മുള: പശ്ചിമ ബംഗാളില്‍ നിന്നുള്ള തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ആര്യങ്കാവ് കഴുതുരുട്ടി ഈട്ടിവിള വീട്ടില്‍ നിന്നും കോഴഞ്ചേരി ഈസ്റ്റ് പനച്ചക്കുഴി സജി വിലാസത്തില്‍ വാടകക്ക് താമസിക്കുന്ന ബിബിന്‍ കുമാര്‍ (18), പുല്ലാട് തെറ്റുപാറ ബിജു ഭവനില്‍ ബിജിത്ത് (18), നാരങ്ങാനം വലിയകുളം നെടിയ മഞ്ഞപ്ര വീട്ടില്‍ അജു അജയന്‍ (18)എന്നിവരാണ് പിടിയിലായത്.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ തൊഴിലാളികളുടെ താല്‍ക്കാലിക താമസ സ്ഥലത്താണ് മോഷണം നടന്നത്. കീഴുകര സെന്റ് മേരീസ് സ്‌കൂളിന് സമീപം പുതുതായി പണിയുന്ന വീടിന്റെ താഴത്തെ നിലയില്‍ ഏണി വച്ചു കയറിയാണ് പശ്ചിമ ബംഗാള്‍ ജയ്പ്പാല്‍ ഗുഡി ജാര്‍സാല്‍വരി സ്വദേശി റഷീദുല്‍ ഇസ്‌ലാമിന്റെയും സുഹൃത്ത് അനാമുല്‍ ഹക്കിന്റെയും ഫോണുകള്‍ മോഷ്ടിച്ചത്.

റഷീദിന്റെ ഫോണിന് 13000 രൂപയും അനാമുലിന്റേതിന് 18000 രൂപയും വില വരും. റഷീദിന്റെ 600 രൂപയും നഷ്ടമായി. ഇവരുടെ പരാതിപ്രകാരം കേസെടുത്ത പോലീസ് നാട്ടുകാര്‍ തടഞ്ഞു വച്ച മോഷ്ടാക്കളെ പുലര്‍ച്ചെ അഞ്ചു മണിയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍ സൈക്കിളും പിടിച്ചെടുത്തു. പണി നടക്കുന്ന വീടിന്റെ പുരയിടത്തില്‍ നിന്നും ഫോണുകള്‍ പോലീസ് പിന്നീട് കണ്ടെടുത്തു.

രണ്ടാം പ്രതിയുടേതാണ് ബൈക്ക്, ഇതിലാണ് മൂവരും സ്ഥലത്തെത്തിയത്. രണ്ടും മൂന്നും പ്രതികളായ അജു, ബിജിത്ത് എന്നിവരെ പുറത്ത് കാവല്‍ നിര്‍ത്തിയ ശേഷം ബിബിന്‍ വീട്ടിനുള്ളില്‍ കടന്ന് ഫോണുകള്‍ മോഷ്ടിക്കുകയായിരുന്നു. ഈ സമയം പുറത്തു നിന്ന യുവാക്കളെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞു നിര്‍ത്തിയെന്ന് മനസിലാക്കിയ ബിബിന്‍ പിടിക്കപ്പെടുമെന്ന് ഭയന്ന് അവിടെ ഒളിച്ചുനിന്നു. കുറെ കഴിഞ്ഞിട്ടും ആളുകള്‍ പോകാത്തതിനാല്‍ മോഷ്ടിച്ച ഫോണുകള്‍ ഒളിച്ചു വച്ച ശേഷം മറ്റൊരു വഴിയിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.

പ്രതികള്‍ക്കെതിരെ മറ്റു മൂന്ന് മോഷണക്കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെട്ട മോഷണവസ്തുക്കള്‍ കണ്ടെടുക്കുന്നതിനും വേറെയും കേസുകള്‍ ഉണ്ടോ എന്നറിയുന്നതിനും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. എസ്.ഐ.അലോഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എ.എസ്.ഐമാരായ അജി, വിനോദ്, എസ്.സി.പി.ഓമാരായ നാസര്‍, സലിം, പ്രദീപ്, സഞ്ജയന്‍, ബിനു കെ. ഡാനിയേല്‍, സി.പി.ഓമാരായ സൈഫുദീന്‍, രാജഗോപാല്‍, ഹരികൃഷ്ണ എന്നിവരാണ് ഉണ്ടായിരുന്നത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…