
അടൂര്‍: പത്തു വര്‍ഷത്തോളമായുളള തീരാവേദനയുമായിട്ടാണ് ഓച്ചിറ സ്വദേശി അബ്ദുല്‍ റഹ്മാന്‍ കുഞ്ഞ് (65) ലൈഫ് ലൈന്‍ ആശുപത്രിയിലെ ഡോക്ടറെ സമീപിച്ചത്. പരിശോധനയില്‍ ഇദ്ദേഹത്തിന്റെ മൂത്രസഞ്ചിയില്‍ കണ്ടത് വലിയ രണ്ടു കല്ലുകള്‍. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ നീക്കം ചെയ്ത കല്ലുകള്‍ കണ്ട് ഞെട്ടി. രണ്ടും കൂടി അരക്കിലോയോളം വരും. 15 സെന്റിമീറ്റര്‍ വലിപ്പം.
പതിനാലാംമൈലിലെ ലൈഫ് ലൈന്‍ ആശുപത്രി യൂറോളജി വിഭാഗത്തില്‍ നടത്തിയ ഒരു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് അബ്ദുല്‍ റഹ്മാന്‍ കുഞ്ഞിന്റെ മൂത്രസഞ്ചിയില്‍ നിന്ന് കല്ലുകള്‍ നീക്കം ചെയ്തത്. സംസ്ഥാനത്ത് ഇത് വരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും വലുതാണ് ഈ മൂത്രാശയ കല്ലെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. ദീപു ബാബു പറഞ്ഞു. മൂത്രത്തില്‍ ഇടവിട്ട് പഴുപ്പ്, രക്തമയം, അടിവയറ്റില്‍ നിരന്തരമായ വേദന എന്നീ ലക്ഷണങ്ങളുമായിട്ടാണ് അബ്ദുല്‍ റഹ്മാന്‍ കുഞ്ഞ് യൂറോളജി വിഭാഗം തലവന്‍ ഡോ. ദീപു ബാബുവിനെ രണ്ടാഴ്ച്ചയ്ക്ക് മുന്‍പ് സമീപിച്ചത്. പത്തു വര്‍ഷത്തോളമായി ഈ വിഷമതകളുമായി നടക്കുകയായിരുന്നു അദ്ദേഹം. സി.ടി.സ്‌കാന്‍ നടത്തിയപ്പോള്‍ മൂത്രസഞ്ചിയിലെ കല്ല് കണ്ട ഡോ. ദീപു ഉടന്‍ തന്നെ സര്‍ജറി നടത്തുന്നതിന് നിര്‍ദ്ദേശം നല്കി. ഡോ. ദീപുവിന്റെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയയില്‍ ലൈഫ് ലൈന്‍ സര്‍ജറി വിഭാഗം തലവന്‍ ഡോ. മാത്യൂസ് ജോണ്‍ പിന്തുണ നല്കി. അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. അജോ എം. അച്ചന്‍കുഞ്ഞ്, നഴ്‌സുമാരായ സാംസി, സില്ല എന്നിവരും ടീമില്‍ ഉണ്ടായിരുന്നു.