
പത്തനംതിട്ട: രോഗം ബാധിച്ച് ചികില്‍സയിലുള്ള അയല്‍ക്കാരനെ ആശുപത്രിയിലെത്തിക്കാനെത്തി സ്വര്‍ണമാല മോഷ്ടിച്ച് വിറ്റ് യുവാവ് അറസ്റ്റില്‍. ഇലവുംതിട്ട പൂപ്പന്‍കാല ദീപുസദനം ദീപു (38)വിനെയാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.കെ. വിനോദ് കൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തതത്. അയല്‍വാസിയായ മേലുത്തേമുക്ക് അജിഭവനില്‍ കല ഭാസ്‌കറിന്റെ പരാതിയിലാണ് അറസ്റ്റ്. കലയുടെസഹോദരി ഭര്‍ത്താവ് ജ്ഞാനദാസിന്റെ മാലയാണ് മോഷ്ടിച്ചത്. ശനിയാഴ്ചയാണ് സംഭവം. നെഞ്ചുവേദന വന്ന ജ്ഞാനദാസിനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ സഹായത്തിന് വന്നതാണ് ദീപു.
ഈ സമയം ജ്ഞാനദാസ് തന്റെ 2.5 പവന്‍ സ്വര്‍ണമാല ഊരി കട്ടിലിന്റെ പടിയില്‍ വച്ചിരുന്നു. ആശുപത്രിയില്‍ കാണിച്ച ശേഷം തിരികെ വന്ന ദീപു കാറിന്റെ താക്കോല്‍ നല്‍കുന്നതിന് വീട്ടില്‍ കയറിയിരുന്നു. ഈ വീട്ടില്‍ ദീപുവിന് സ്വാതന്ത്ര്യമുള്ളയാളാണ്. ഞായറാഴ്ച ജ്ഞാനദാസിന്റെ രോഗാവസ്ഥയ്ക്ക് മാറ്റം വന്നപ്പോഴാണ് താന്‍ മാലയൂരി കട്ടിലില്‍ വച്ചിരുന്നുവെന്ന് ബന്ധുക്കളോട് പറഞ്ഞത്. വിവരം സഹോദരി കലയെ അറിയിച്ചു. അവര്‍ വീട്ടില്‍ പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതിനിടെ തനിക്ക് ലോട്ടറിയടിച്ചുവെന്ന് പറഞ്ഞ് ദീപു നാട്ടില്‍ കൈ നിറയെ പണവുമായി എത്തിയത്. സുഹൃത്തുക്കള്‍ക്ക് ചെലവും ചെയ്തു. സംശയം തോന്നി ദീപുവിനെ ചോദ്യം ചെയ്തപ്പോഴാണ് മാല പത്തനംതിട്ടയിലെ ജൂവലറിയില്‍ 1.27 ലക്ഷം രൂപയ്ക്ക് വിറ്റുവെന്ന് പറഞ്ഞത്. ഇവിടെ നിന്ന് മാല കസ്റ്റഡിയില്‍ എടുത്തു. സുഹൃത്തുക്കള്‍ക്ക് ചെലവ് ചെയ്തതിന്റെ ബാക്കി 96000 രൂപ ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ദീപുവിനെ നാളെ കോടതിയില്‍ ഹാജരാക്കും. എസ്.ഐമാരായ അനില്‍, വിനോദ്, സി.പി.ഓമാരായ രാജേഷ്, അനില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.