
തിരുവല്ല: കണ്ണൂര്‍ സര്‍വകലാശാല വിസിയായി പ്രഫ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ച നടപടി സുപ്രീം കോടതി റദ്ദാക്കിയത് മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ചട്ടങ്ങള്‍ ലംഘിച്ച് യുജിസി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വിസിയെ പുനര്‍നിയമിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്നും തിരുവല്ലയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നടത്തിയത് സ്വജനപക്ഷപാതവും അഴിമതിയുമാണ്.
ഇത് സാധൂകരിക്കുന്നതാണ് സുപ്രീംകോടതി വിധി. ഈ കാര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ഗവര്‍ണര്‍ തന്നെ വ്യക്തമാക്കിയത്. ഭരണഘടന തൊട്ട് സത്യം ചെയ്ത മുഖ്യമന്ത്രി ഭരണഘടനാ ലംഘനമാണ് നടത്തിയിരിക്കുന്നത്. പിണറായി വിജയന്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യത്തില്‍ അമിതാധികാര പ്രയോഗമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. രാഷ്ട്രീയ ലാഭത്തിനും സ്വാര്‍ത്ഥ താത്പര്യത്തിനും വേണ്ടി സത്യപ്രതിജ്ഞാലംഘനം നടത്തിയ വ്യക്തിക്ക് മുഖ്യമന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.