
റാന്നി: വെച്ചൂച്ചിറയില്‍ റബര്‍ തോട്ടത്തില്‍ നിന്ന് നവജാത ആനക്കുട്ടിയെ അവശ നിലയില്‍ കണ്ടെത്തി. വനമേഖലയോട് ചേര്‍ന്ന പ്രദേശത്താണ് ജനിച്ച് മണിക്കൂറുകള്‍ മാത്രമായ ആനക്കുട്ടിയെ കണ്ടെത്തിയത്. കുന്നിന്‍ ചരിവില്‍ ആന പ്രസവിച്ചപ്പോള്‍ കുട്ടി ഉരുണ്ട് റബര്‍ തോട്ടത്തില്‍ എത്തിയതാകാമെന്നാണ് കരുതുന്നത്. കുട്ടിയുടെ അടുത്ത് എത്താന്‍ കഴിയാതെ ആനക്കൂട്ടം ഉപേക്ഷിച്ച് പോയിരിക്കാമെന്നാണ് നിഗമനം.
സമീപത്ത് തന്നെ ആനക്കൂട്ടത്തിന്റെ സാന്നിധ്യമുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരും വെറ്റിനറി ഡോക്ടറും അടക്കമുള്ളവര്‍ സ്ഥലത്തെത്തി കുട്ടിയാനക്ക് പ്രാഥമിക ചികിത്സ നല്‍കി. കൂടുതല്‍ വിദഗ്ധ ചികിത്സയും പരിപാലനവും നല്‍കുന്നതിനായി കോന്നി ആനക്കുട്ടിലേക്ക് മാറ്റും.