
പത്തനംതിട്ട: വിദേശത്ത് അപകടത്തില്‍ മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് അര്‍ഹതയുണ്ടായിട്ടും ഇന്‍ഷുറന്‍സ് തുക നല്‍കാതിരുന്ന ഇഫ്കോ ടോക്കിയോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരേ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന് വിധി. പരാതിക്കാരിക്ക് 10 ലക്ഷവും കോടതി ചെലവും നഷ്ടപരിഹാരം നല്കാന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന് വിധിച്ചു.
തിരുവല്ല കുറ്റൂര്‍ കരിയിരിക്കുംതറ പരേതനായ കെ.ആര് ബാബുവിന്റെ ഭാര്യയും അനന്തരാവകാശികളും ചേര്‍ന്ന് കമ്മിഷനില്‍ നല്കിയ ഹര്‍ജിയിലാണ് വിധിയുണ്ടായത്. ബാബു 2017 ല്‍ ഒമാനില്‍ ജോലിയ്ക്കു പോയ സമയത്ത് പ്രവാസി ഭാരതീയ ബീമയോജന പോളിസി (പി.ബി.ബി.വൈ) എടുത്തിരുന്നു. 10ാം ക്ലാസില്‍ തോറ്റവര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്ക് പോകുമ്പോള്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടണമെങ്കില്‍ ഈ പോളിസി എടുത്തിരിക്കണം. എമിഗ്രന്റ് തൊഴിലാളികളുടെ സുരക്ഷക്കായി ഇന്ത്യാ ഗവണ്മെന്റ് ഏര്‍പ്പടുത്തിയ പോളിസിയാണ് ഇത്. ഇതു പ്രകാരം തൊഴിലാളി വിദേശ രാജ്യത്ത് വച്ച് മരിച്ചാല്‍ 10 ലക്ഷം രൂപ ആശ്രിതര്‍ക്ക് കൊടുക്കണമെന്നാണ് വ്യവസ്ഥ.
തൊഴിലാളിയായ ബാബു ഒമാനില്‍ 2017 ല്‍ അപകടത്തില്‍ മരിക്കുകയും തുടര്‍ന്ന് അവകാശപ്പെട്ട ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ചോദിച്ചപ്പോള്‍ കമ്പനി നിഷേധിക്കുകയുമാണ് ചെയ്തത്. ഒമാനില്‍ വെച്ച് മറ്റൊരു സ്പോണ്‍സറുടെ കൂടെ ജോലിയ്ക്ക് പോയി എന്ന ബാലിശമായ കാര്യം പറഞ്ഞാണ് ആനുകൂല്യം നിഷേധിച്ചത്. ഏതു സ്പോണ്‍സറിന്റെ കൂടെ ജോലി ചെയ്താലും ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ പാടില്ലായെന്ന് ഇന്ത്യാ ഗവണ്മെന്റിന്റെ ഉത്തരവില്‍ വ്യക്തമായിട്ടും ഇന്‍ഷുറന്‍സ് കമ്പനി ആനുകൂല്യങ്ങള്‍ കൊടുക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് കമ്മിഷന് കണ്ടെത്തി.
വാദിയുടെയും പ്രതിയുടേയും തെളിവുകളും വാദങ്ങളും കേട്ട കമ്മിഷന് ഇന്‍ഷുറന്‍സ് കമ്പനി 10 ലക്ഷം രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവായി 10,000 രൂപയും ഹര്‍ജികക്ഷിക്ക് കൊടുക്കാന്‍ വിധിക്കുകയാണുണ്ടായത്.ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന് പ്രസിഡന്റ് ബേബിച്ചന് വെച്ചൂച്ചിറ, മെമ്പര്‍മാരായ എന്‍. ഷാജിതാ ബീവി, നിഷാദ് തങ്കപ്പന് എന്നിവര്‍ ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.