ദേശീയ നേതൃത്വത്തെ സമീപിക്കാന്‍ സിപിഐ മുന്‍ജില്ലാ സെക്രട്ടറി എപി ജയന്‍: ബിഡിജെഎസിലേക്ക് പോകുമെന്നും അഭ്യൂഹം

0 second read
Comments Off on ദേശീയ നേതൃത്വത്തെ സമീപിക്കാന്‍ സിപിഐ മുന്‍ജില്ലാ സെക്രട്ടറി എപി ജയന്‍: ബിഡിജെഎസിലേക്ക് പോകുമെന്നും അഭ്യൂഹം
0

പത്തനംതിട്ട: സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് നടപടി ക്രമങ്ങള്‍ പാലിക്കാതെയെന്ന് എപി ജയന്‍. ഇതു സംബന്ധിച്ച് ദേശീയ നേതൃത്വത്തിന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണത്തിന്റെയും പരാതിയുടെയും പേരില്‍ അന്വേഷണ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം സംസ്ഥാന എക്‌സിക്യൂട്ടീവ് ജയനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്. ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരം താഴ്ത്തുകയും ചെയ്തു.

തനിക്ക് പറയാനുള്ളത് കേള്‍ക്കാതെയാണ് തന്നെ ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയത്. സംസ്ഥാന എക്‌സിക്യൂട്ടീവ് ഈ തീരുമാനം എടുത്ത വിവരം മാധ്യമങ്ങളിലൂടെയാണ്  അറിഞ്ഞത്. ഇക്കാര്യമെല്ലാം പരാതിയിലൂടെ ചൂണ്ടിക്കാട്ടും. ഒരു ദിവസം പിന്നിട്ടിട്ടും തന്നെ ഒന്നും അറിയിച്ചിട്ടില്ല. ഫോണ്‍ വിളിച്ച് പറഞ്ഞതു പോലുമില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന് പരാതി നല്‍കിയിട്ടു കാര്യമില്ല. അതുകൊണ്ടാണ് ദേശീയ നേതൃത്വത്തെ സമീപിക്കുന്നത്. താന്‍ കൂടി ഉള്‍പ്പെട്ട സംസ്ഥാന കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനം എടുക്കേണ്ടത്. സംസ്ഥാന കൗണ്‍സില്‍ യോഗം ചേര്‍ന്നിട്ടില്ല.

സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് തനിക്കെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാന രഹിതമാണ്. പശു ഫാം തുടങ്ങിയത് മരുമകനും കൂട്ടുകാരും ചേര്‍ന്നാണ്. അതിലെ നോമിനല്‍ പാര്‍ട്ണര്‍ മാത്രമാണ് താന്‍. കമ്മ്യൂണിസ്റ്റുകാരന് പശു ഫാം നടത്താന്‍ പാടില്ലേ? 62 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പശുഫാമിന്റെ കണക്കുകള്‍ പാര്‍ട്ടിയുടെ അന്വേഷണ കമ്മിഷന് സമര്‍പ്പിച്ചിരുന്നു. അനധികൃതമായി ഒന്നും സമ്പാദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എ.പി ജയനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് അദ്ദേഹം ഉള്‍പ്പെടുന്ന അടൂര്‍ പെരിങ്ങനാട് വടക്ക് ലോക്കല്‍ കമ്മറ്റിയംഗങ്ങള്‍ ഒന്നടങ്കം രാജിവച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയെ തുടര്‍ന്നാണ് ജയനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്.

അതിനിടെ എപി ജയന്‍ ബിഡിജെഎസ് വഴി എന്‍ഡിഎയിലേക്ക് പോകുമെന്ന പ്രചാരണം ശക്തമാണ്. ജയനുമായി എസ്എന്‍ഡിപി നേതാക്കള്‍ ചര്‍ച്ച നടത്തിയെന്നാണ് പ്രചരിക്കുന്നത്. ഇതു സംബന്ധിച്ച് ജയനോ ബിഡിജെഎസ് നേതൃത്വമോ ഇതു വരെ പ്രതികരിച്ചിട്ടില്ല.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കോഴഞ്ചേരിയില്‍ നിന്നും കഞ്ചാവ് പിടികൂടി: അതിഥി തൊഴിലാളി അറസ്റ്റില്‍

കോഴഞ്ചേരി: ഒരു കിലോയിലധികം കഞ്ചാവുമായി അതിഥി തൊഴിലാളിയെ എക്‌സൈസ് സംഘം പിടികൂടി. ബീഹാര്‍ കത…