
പത്തനംതിട്ട: ന്യൂ ഇന്‍ഡ്യാ ഇന്‍ഷുറന്‍സ് കമ്പനി 15 ലക്ഷവും പലിശയും നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ വിധി. കടമ്മനിട്ട നെടുമണ്ണില്‍ സിന്ധു വിജയനും രണ്ടു മക്കളും ചേര്‍ന്ന് ന്യൂ ഇന്‍ഡ്യ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരായി ഫയല്‍ ചെയ്ത കേസ്സിലാണ് വിധി. സിന്ധുവിജയന്റെ ഭര്‍ത്താവ് എന്‍.കെ. പ്രസാദ് 2020 ല്‍ കോഴഞ്ചേരി കടമ്മനിട്ട റോഡില്‍ മോട്ടോര്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. പ്രസാദിന് 15 ലക്ഷം രൂപയുടെ പേഴ്‌സണല്‍ ആക്‌സിഡന്റ് ക്ലെയിം ഇന്‍ഷുറന്‍സ് ഉണ്ടായിട്ടും കമ്പനി പല കാരണങ്ങള്‍ പറഞ്ഞ് അര്‍ഹതപ്പെട്ട തുക നിഷേധിച്ചു. തുടര്‍ന്ന്
കോടതി നോട്ടീസ് അയച്ച് രണ്ട് കക്ഷികളും കമ്മിഷനില്‍ ഹാജരാകുകയും തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു. എന്നാല്‍ മരണപ്പെട്ട ആളിന്റെ അവകാശിക്ക് ഇന്‍ഷുറന്‍സ് തുക കൊടുക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് കമ്മിഷന്‍ കണ്ടെത്തുകയും കമ്മിഷനില്‍ കേസ്സ് ഫയല്‍ ചെയ്ത അന്നു മുതല്‍ 10% പലിശയോടുകൂടി 15 ലക്ഷം രൂപയും 10,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചിലവും ചേര്‍ത്ത് ഹര്‍ജികക്ഷിക്ക് കൊടുക്കാന്‍ ഉത്തരവിടുകയായിരുന്നു.
ഉപഭോക്തൃ തര്‍ക്കപരിഹാരഫോറം പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, മെമ്പര്‍മാരായ എന്‍. ഷാജിതാ ബീവി, നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.