
ശബരിമല: സന്നിധാനത്ത് പൊലീസിന്റെ മണ്ടന്‍ പരിഷ്കാരം മൂലം കനത്ത തിരക്ക്. ഒരു കാരണവുമില്ലാതെ ഇന്നലെ രാത്രി നട അടച്ചതു മുതല്‍ ഇന്ന് പുലര്‍ച്ചെ തുറക്കുന്നതു വരെ വലിയ നടപ്പന്തല്‍ ഒഴിച്ചിട്ടതാണ് തിക്കിനും തിരക്കിനും ഇടയാക്കിയത്. ഒമ്പതു മണിക്കൂറോളം ക്യൂവില്‍ നിന്നവര്‍ പലരും കുഴഞ്ഞു വീണു. വെള്ളിയാഴ്ച രാത്രിയിലെ മണ്ടന്‍ പരിഷ്കാരം ഇന്നും നിയന്ത്രിക്കാനാവാത്ത തിരക്കിന് കാരണമായി. ബാരിക്കേഡിനുള്ളില്‍ നിന്ന് മടുത്തവര്‍ വനത്തിലേക്ക് ചാടി അതു വഴി നിലവിലുള്ള ക്യൂവിലേക്ക് വീണ്ടും തള്ളിക്കയറാന്‍ ശ്രമിച്ചത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചു.
വെള്ളിയാഴ്ച രാത്രിയില്‍ തുടക്കമിട്ട പ്രശ്നങ്ങള്‍ വഷളായത് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ്. പമ്പയില്‍ വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്കെത്തിയ തീര്‍ഥാടകര്‍ സന്നിധാനത്ത് എത്തിച്ചേര്‍ന്നപ്പോള്‍ ഒമ്പത് മണിക്കൂറോളം വൈകിയിരുന്നു. തീര്‍ഥാടകരുടെ നീണ്ട നിര ശരംകുത്തിയും പിന്നീട്ട് നീങ്ങിയിട്ടും വലിയ നടപ്പന്തലിലേക്ക് ആളെ കടത്തി വിട്ടില്ല. ഇതോടെ പെട്ടു പോയത് കുത്തനെ കയറ്റവും ഇറക്കവുമുള്ള ഭാഗത്ത് ക്യൂ നിന്നവരാണ്. പ്രായഭേദമന്യേ ഇവിടെ നിന്നവര്‍ ദുരിതത്തിലായി. ഒരിഞ്ചു പോലും ക്യൂ അനങ്ങിയില്ല. തീര്‍ഥാടകര്‍ ക്ഷീണിതരായി. ഇതോടെ ബാരിക്കേഡില്‍ നിന്ന് പുറത്തിറങ്ങിയവര്‍ യു ടേണ്‍ മുതല്‍ കെഎസ്ഇ ബി വരെ തടിച്ചു കൂടി നിന്നു. ദര്‍ശനം കഴിഞ്ഞ് തീര്‍ഥാടകര്‍ മടങ്ങുന്ന പാതയിലായിരുന്നു ഇവരുടെ നില്‍പ്പ്. ഇത് തിക്കും തിരക്കമുണ്ടാകാന്‍ കാരണമായി. തിരക്ക് അധികരിച്ചിട്ടും ഈ ഭാഗത്തേക്ക് ഉന്നത പൊലീസുദ്യോഗസ്ഥരൊന്നും തന്നെ തിരിഞ്ഞു നോക്കിയില്ല. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ ഇവിടെ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് നോക്കി നില്‍ക്കേണ്ടി വന്നു.
ഇന്ന് ഉച്ചയ്ക്കും തിരക്ക് നിയന്ത്രണം പാളി. ശരംകുത്തിയിലെ ബാരിക്കേഡില്‍ ക്യൂ നിന്ന് മടുത്തവര്‍ ഊര്‍ന്നിറങ്ങി വനത്തിനുള്ളിലൂടെ ചന്ദ്രാനന്ദന്‍ റോഡിലെത്തി. ഇവിടെ ക്യൂ നില്ക്കുന്നവരുടെ ഇടയിലേക്ക് ഇവര്‍ തള്ളിക്കയറാ ന് ശ്രമിച്ചത് തിക്കും തിരക്കിനുമിടയാക്കി. വളരെക്കുറച്ച് പോലീസുകാര്‍ മാത്രമാണ് ഇവിടെ തിരക്ക് നിയന്ത്രണത്തിന് ഉണ്ടായിരുന്നത്. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി വലിയ നടപ്പന്തല്‍ കാലിയാക്കിയിട്ടത് ആരുടെ പരിഷ്കാരമാണെന്നത് മാത്രം വ്യക്തമല്ല. ക്യൂവിനുള്ളിലെ തിക്കും തിരക്കും കാരണം ദുരന്തം ഉണ്ടാകാതിരുന്നത് ഭാഗ്യമാണെന്ന് വേണം കരുതാന്‍.