
കോന്നി: തണ്ണിത്തോട് പറക്കുളം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ബി ഡിവിഷനില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് 70 കിലോ മ്ലാവിറച്ചിയും ആയുധങ്ങളുമായി നായാട്ട് സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളെ വനപാലക സംഘം പിടികൂടി. റാന്നി ഡിവിഷനില്‍ വടശേരിക്കര റേഞ്ചില്‍ തണ്ണിത്തോട് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ പടക്കം പൊട്ടി ആന ചരിഞ്ഞതിനെ തുടര്‍ന്ന് നടത്തി വന്ന പരിശോധനകളുമായി ബന്ധപ്പെട്ട് പറക്കുളം പ്ലാന്റഷന്‍ ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തുമ്പോഴാണ് വനാതിര്‍ത്തിയോട് ചേര്‍ന്ന് 70 കിലോ മ്ലാവിറച്ചിയും ആയുധങ്ങളുമായി നായാട്ട് സംഘത്തില്‍ ഉള്‍പ്പെട്ട തണ്ണിത്തോട് വി.കെ. പാറ ഈട്ടിമൂട്ടില്‍ സോമരാജനെ വനപാലക സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ച ശേഷം കോടതിയില്‍ ഹാജരാക്കും. പന്നിപ്പടക്കം ഉപയോഗിച്ചാണ് മ്ലാവിനെ വേട്ടയാടിയത്.
പന്നിപ്പടക്കം നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനും മുഖ്യ സൂത്രധാരനുമായ തണ്ണിത്തോട് വി.കെ പാറ പുറമല പുത്തന്‍ വീട്ടില്‍ മാത്തുക്കുട്ടിയും സഹായി രതീഷ്ഭവനില്‍ ഹരീഷും ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ഉര്‍ജിതമാക്കി.പടക്കം പൊട്ടി ആന ചരിഞ്ഞതുമായി ബന്ധപ്പെട്ടു ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തണ്ണിത്തോട് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്. റെജികുമാര്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ് ) എം.കെ. ഗോപകുമാര്‍, എസ്.എഫ്.ഒ എസ് അജയന്‍, ബി.എഫ്.ഒ മാരായ വി. ഗോപകുമാര്‍, ബി ഷിബുരാജ്, ബി. ഡാലിയ, ഐശ്വര്യ സൈഗാള്‍, ആദിത്യ സദാനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.