
പത്തനംതിട്ട: നവകേരള സദസ് ഇന്നലെ നടന്ന ജില്ലയില്‍ ശരിക്കും പൊലീസിന്റെ പണിക്ക് വേണ്ടി ഇറക്കിയത് ഡിവൈഎഫ്‌ഐ സ്‌ക്വാഡുകളെ. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വരുന്നതിന് മുന്നില്‍ മൂന്നും നാലും കാറുകളിലും ജീപ്പുകളിലുമായി ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകരെ പറഞ്ഞു വിടുകയാണ് പൊലീസ് ചെയ്തത്. ഒരു ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ഗുണ്ടായിസത്തിന് വഴിയൊരുക്കിയത്. വഴിയില്‍ തടയാന്‍ നില്‍ക്കുന്നവര്‍ ആരായാലും അവരെ ആദ്യം ഡിവൈഎഫ്‌ഐ സ്‌ക്വാഡ് കൈകാര്യം ചെയ്യണം. പിന്നാലെ വരുന്ന പൊലീസ് അടി കൊള്ളുന്നവരെ ജീപ്പിലാക്കി സ്‌റ്റേഷനിലേക്ക് മാറ്റും. റാന്നിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇങ്ങനെ കൈകാര്യം ചെയ്തു സ്‌റ്റേഷനിലേക്ക് മാറ്റി. എന്നാല്‍, അടൂര്‍ ഇളമണ്ണൂരില്‍ കരിങ്കൊടിയുമായി ചാടി വീണ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ രക്ഷാപ്രവര്‍ത്തനത്തിന് വന്ന ഡിവൈഎഫ്‌ഐയും പൊലീസും കണ്ടം വഴി ഓടി.
പൊലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും കണക്കൂ കൂട്ടലുകള്‍ പാടേ തെറ്റിച്ചു കൊണ്ടാണ് യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ നിതിന്‍ ശിവയുടെ നേതൃത്വത്തില്‍ കരിങ്കൊടി പ്രയോഗത്തിന് ഇറങ്ങിയത്. കോന്നിയില്‍ നിന്ന് യോഗം കഴിഞ്ഞ് അടൂരിലേക്ക് വരുന്ന വഴി ഇളമണ്ണൂരില്‍ വച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. യൂത്ത് കോണ്‍ഗ്രസുകാരെപ്പോലെ റോഡിന്റെ വശങ്ങളില്‍ നിന്നായിരുന്നില്ല, മധ്യത്തിലേക്ക് ഇറങ്ങി നിന്നാണ് കരിങ്കൊടി വീശി മുദ്രാവാക്യം മുഴക്കിയത്. കരിങ്കൊടി പ്രയോഗക്കാരെ പൊലീസിന്റെ നിര്‍ദേശാനുസരണം നേരിടാന്‍ വന്ന ഡിവൈ്എഫ്‌ഐ സംഘം സഞ്ചരിച്ചിരുന്ന കാറിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തു. ഇതോടെ ഭയന്നു പോയ ഇവര്‍ കാറില്‍ നിന്ന് പുറത്തിറങ്ങാതെ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു.
വ്യക്തമായ പദ്ധതിയോടെയാണ് യുവമോര്‍ച്ച നിരത്തിലിറങ്ങിയത്. ആദ്യം കരിങ്കൊടി കാണിക്കാന്‍ ഉദ്ദേശിച്ച സ്ഥലം ചോര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം അവിടെ രക്ഷാപ്രവര്‍ത്തകരെ ഇറക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇളമണ്ണൂരിലേക്ക് മാറ്റിയത്. കരിങ്കൊടി കാണിക്കുന്നവരെ മര്‍ദിക്കാന്‍ വരുന്ന രക്ഷാപ്രവര്‍ത്തകര്‍ക്കും ഗണ്‍മാന്‍മാര്‍ക്കും തിരിച്ചടി കൊടുക്കാന്‍ വേണ്ടി വലിയ സംഘം പ്രവര്‍ത്തകര്‍ മാറി പലയിടത്തായി നിലയുറപ്പിച്ചിരുന്നു. പട്ടിക കഷണവും കുറുവടിയും ഇവര്‍ മാറ്റിയിടുകയും ചെയ്തു. ഇവര്‍ക്ക് നേരെ കാറുമായി പാഞ്ഞടുത്ത ആദ്യ രക്ഷാപ്രവര്‍ത്തക സംഘത്തിന് തന്നെ കാര്യം പിടികിട്ടി. ഇതോടെ യുവമോര്‍ച്ച പ്രതിഷേധം കണ്ടില്ലെന്ന് നടിച്ച് രക്ഷാപ്രവര്‍ത്തകര്‍ക്കും ഗണ്‍മാന്‍മാര്‍ക്കും കടന്നു പോകേണ്ടി വന്നു. കാറിലിരുന്ന് ലാത്തി ഉയര്‍ത്തിക്കാട്ടിയ ഗണ്‍മാന്മാര്‍ക്ക് നേരെ കുറുവടി പൊക്കിക്കാട്ടിയാണ് പ്രവര്‍ത്തകര്‍ പ്രതികരിച്ചത്.
ഇതേ റൂട്ടില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏഴംകുളത്ത് വച്ച് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി.
റാന്നിക്ക് സമീപം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രക്ഷാപ്രവര്‍ത്തകര്‍ പൊലീസ് ഒത്താശയോടെ തല്ലിച്ചതച്ചു. രക്ഷാപ്രവര്‍ത്തനത്തിന് വന്നവര്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് എം.ജി കണ്ണന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നും പരാതി ഉയരുന്നുണ്ട്. പത്തനംതിട്ടയില്‍ നിന്ന് റാന്നിയിലേക്ക് വന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം എത്തുന്നതിനു തൊട്ടുമുന്‍പായിരുന്നു സംഭവം. കമ്പില്‍ കറുത്ത തുണിചുറ്റി ബസിനു നേരെ വലിച്ചെറിയാനായി ഇരുപതോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണിക്കൂറുകളോളമായി പുനലൂര്‍- മൂവാറ്റുപുഴ പാതയില്‍ ഉതിമൂടിന് സമീപം കാത്തു നില്‍ക്കുകയായിരുന്നു. വഴിയിലെ പ്രതിഷേധം നിരീക്ഷിച്ച് കാറില്‍ വന്ന എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇവരെ തിരിച്ചറിയുകയും തുടര്‍ന്ന് സംഘര്‍ഷം ആരംഭിക്കുകയുമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് എം.ജി കണ്ണനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. നിലത്തിട്ട് ചവിട്ടുകയും ചെയ്തു. 20 മിനുറ്റോളം സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടര്‍ന്നു. ശേഷം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് വണ്ടിയില്‍ കയറ്റി പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ആക്രമണം നടത്തിയ സി.പി.എം, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരില്‍ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. പോലീസിന്റെ ഒത്താശയോടെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രമസമാധാന പാലനത്തിന് ഇറങ്ങിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തില്‍ ആറന്മുള മണ്ഡലത്തിലെ യോഗം നടക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനും സംഘവുമാണ് കറുത്തബലുണുകളില്‍ ഹൈഡ്രജന്‍ നിറച്ച് ഇവിടേക്ക് പറത്തി വിട്ടത്. യൂത്ത് കോണ്‍ഗ്രസിന്റെ പതാകയും കരിങ്കൊടിയും ബലൂണില്‍ കെട്ടിയാണ് സമീപത്തെ കെട്ടിടത്തിന് മുകളില്‍ നിന്ന് പറത്തി വിട്ടത്.
മുഖ്യമന്ത്രി സഞ്ചരിച്ച ബസിനു നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടു. നവകേരള സദസിന്റമണ്ഡലം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ചിരുന്ന ബസിനു നേരെയാണ് ഇന്നലെ വൈകിട്ട് ഈട്ടിമൂട്ടില്‍പടിയില്‍ വച്ച് 11 അംഗ സംഘം കരിങ്കൊടിയുമായി കുറുകെ ചാടിയത് .പിന്നാലെയെത്തിയ പോലീസ് ഇവരെ പിടികൂടി സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. ഗ്രാമ പഞ്ചായത്തംഗം ഫൈസലിനെയും കരുതല്‍ തടങ്കല്‍ കസ്റ്റഡിയിലെടുത്തിരുന്നു.