പാള്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയുടെ വിധി നിര്‍ണയിക്കുന്ന അവസാന ഏകദിന മത്സരത്തില്‍ സഞ്ജു ഷോ. രണ്ടാം ഏകദിനത്തിലേത് പോലെ ബാറ്റിങ് നിര തകര്‍ന്നടിയുമായിരുന്ന ഇന്ത്യയെ മധ്യഓവറുകളില്‍ തിലക് വര്‍മയ്‌ക്കൊപ്പം ചേര്‍ന്ന് സഞ്ജു സാംസണ്‍ ചുമലിലേറ്റി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏകദിന സെഞ്ച്വറി നേടുന്ന ആദ്യ പൂര്‍ണമലയാളി എന്ന ബഹുമതി സഞ്ജു സ്വന്തമാക്കി.
ശ്രേയസ് അയ്യര്‍, അജയ് ജഡേജ തുടങ്ങിയ പാതിമലയാളികള്‍ ഇതിന് മുന്‍പ് ഏകദിന സെഞ്ച്വറി നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ സെഞ്ച്വറി നേടുന്ന മലയാളി പക്ഷേ സഞ്ജുവല്ല. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള കര്‍ണാടക താരം കരുണ്‍ നായരാണ് അത്.
പതിയെ തുടങ്ങിയ സഞ്ജു വളരെ ശ്രദ്ധിച്ചാണ് കളിച്ചത്. അലസമായി കളിച്ച് വിക്കറ്റ് കളയുന്നവര്‍, കിട്ടുന്ന അവസരം തുലയ്ക്കുന്നവര്‍ തുടങ്ങിയ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടായിരുന്നു സഞ്ജുവിന്റെ പോക്ക്. ക്യാപ്ടന്‍ രാഹുലിനൊപ്പം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും തിലക് വര്‍മയ്‌ക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയര്‍ത്തിയ സഞ്ജു 110 ബോളില്‍ നിന്നാണ് കന്നി സെഞ്ച്വറി തികച്ചത്. 114 പന്തില്‍ നിന്ന് ആറു ഫോറും മൂന്നു സിക്‌സും സഹിതം 108 റണ്‍സ് നേടിയ സഞ്ജുവിനെ വില്യംസിന്റെ പന്തില്‍ റീസ ഹെന്‍ട്രിക്‌സ് പിടിച്ചു പുറത്താക്കി. സഞ്ചുവിന്റെയും തിലക് വര്‍മയുടെയും (52), റിങ്കു സിങ്ങിന്റെയും (38) മികച്ച ബാറ്റിങ് പ്രകടനത്തില്‍ ഇന്ത്യ 8 വിക്കറ്റിന് 296 റണ്‍സ് നേടി.
അരങ്ങേറ്റം കുറിച്ച രജത് പട്ടിദാര്‍ ആദ്യ അന്താരാഷ്ട്ര മല്‍സരത്തിന്റെ ടെന്‍ഷനൊന്നുമില്ലാതെയാണ് കളിച്ചത്. 16 പന്തില്‍ 22 റണ്‍സ് അടിച്ച് പട്ടിദാര്‍ മൂന്നു ഫോറും ഒരു സിക്‌സുമടിച്ചു.