റാന്നി: കാട്ടാന ശല്യം കാരണം പൊറുതിമുട്ടിയ പെരുന്തേനരുവി പ്രദേശവാസികളുടെ ഉറക്കം കെടുത്തി മറ്റു കാട്ടുമൃഗങ്ങളും നാട്ടിലേക്ക്. കാട്ടാനക്കും കാട്ടുപോത്തിനുമൊപ്പം ഇപ്പോള്‍ പുലി ഭീതിയിലാണ് ആളുകള്‍ . പെരുന്തേനരുവിക്ക് സമീപം മണ്ണില്‍ പതിഞ്ഞ പുലിയുടെ കാല്പാടുകളാണ് നാട്ടുകാരെയും വനപാലകരെയും ഉറക്കം കെടുത്തിയിരിക്കുന്നത്.
പുലിയുടേതെന്ന് സംശയിക്കുന്ന കാല്പാടുകള് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ചു. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.നാളുകളായി ഈ പ്രദേശം കാട്ടാന ഭീഷണിയുടെ നിഴലിലാണ്.ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന ആനകള്‍ രാത്രികാലങ്ങളിലാണ് ജനവാസ മേഖലയിലെത്തുന്നത് ജനങ്ങള്‍ക്ക് പരിഭ്രാന്തി സൃഷ്ടിക്കുമ്പോഴാണ് പുലിയുടെ രംഗപ്രവേശം. ശബരിമല വനത്തില്‍ നിന്നും ആനകള്‍ പമ്പാ നദി കടന്നെത്തുന്നത് പതിവാണ്.
വന്യജീവികള്‍ പെരുന്തേനരുവിയിലെ പ്രദേശവാസികളുടെ ഉറക്കം കളഞ്ഞിട്ട് മാസങ്ങളായി. മിക്കവാറും ദിവസങ്ങളില്‍ ഏറെ വൈകിയാവും ആനകള്‍ പമ്പാ നദിയിറങ്ങി മറുകരയിലേക്ക് നീങ്ങുക. ഇതിനിടയില്‍ കര്‍ഷക പുരയിടങ്ങളിലെ കൃഷി വിളകള്‍ തിന്നും നാശം വിതച്ചും വനത്തിലേക്ക് മടങ്ങുന്ന കരിവീരന്മാരെയും കാട്ടുപോത്തുകളെയും നോക്കി നില്‍ക്കാനേ കര്ഷകന് കഴിയുന്നുള്ളു. ഇരുളിന്റെ മറവില്‍ നിലകൊള്ളുന്ന ആനയുടെ അടുത്തേക്ക് പോകാതെ തങ്ങളുടെ വീടുകള്‍ കാക്കുക മാത്രമേ കര്‍ഷകര്‍ക്ക് പോംവഴിയുള്ളൂ.
തികച്ചും കാര്‍ഷികമേഖലയായ വെച്ചൂച്ചിറ, പെരുന്തേനരുവി, കുടമുരുട്ടി, ചണ്ണ, അത്തിക്കയം പ്രദേശങ്ങളില്‍ കൃഷി ചെയ്ത് ഉപജീവനം നടത്തുക എന്നത് സ്വപ്നം മാത്രമായി കര്‍ഷകര്‍ക്ക്. പുലി കൂടി ഇറങ്ങിയതോടെ തങ്ങളുടെ അരുമ മൃഗങ്ങളെയും കൂടി നഷ്ടപ്പെടുമോ എന്ന അങ്കലാപ്പിലാണ് കര്‍ഷകര്‍. ഇപ്പോഴിതാ ജനവാസ മേഖലക്കും സഞ്ചാരികളെത്തുന്ന പെരുന്തേനരുവിക്കും ഭീഷണിയായി കാണപ്പെട്ട പുലി സാന്നിധ്യമാണ് നാട്ടുകാരെ കൂടുതല്‍ ഭയപ്പെടുത്തുന്നത്. എന്നാല്‍ മ്യഗങ്ങള്‍ സ്ഥിരമായി വെള്ളം കുടിക്കാന്‍ ഇറങ്ങുന്ന ഇടമാണെന്നും ജനങ്ങള്‍ക്ക് ആശങ്ക വേണ്ട എന്നുമാണ് വനം വകുപ്പിപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.