പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ സീലിങ് ഇളകി വീണു. ഓ.പി ബ്ലോക്കിന് സമീപം രോഗികള്‍ കാത്തിരിക്കുന്ന ഭാഗത്തെ സീലിങാണ് ഇളകി വീണത്. രോഗികള്‍ ഓടി മാറിയതിനാല്‍ അപകടം ഒഴിവായി. സദാസമയവും രോഗികളും കൂട്ടിരിപ്പുകാരും ഇരിക്കുന്ന ഭാഗം കൂടിയാണിത്. കനംകുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുള്ള സീലിങാണ്.
ഗുണമേന്മ ഇല്ലാത്ത സാമഗ്രികളാണ് ഉപയോഗിച്ചിട്ടുള്ളത്. എലിയും മരപ്പട്ടിയുംമറ്റും ഇതിനുള്ളില്‍ കഴിയുന്നുണ്ട്. ഇവ ഉള്ളില്‍ കൂടി ചാടി നടക്കുമ്പോള്‍ സീലിങ് ഇളകി വീഴുന്നുണ്ട്. നേരത്തെയും ഇളകി വീണിട്ടുണ്ട്. ബാക്കി ഭാഗങ്ങളും ഏതു നിമിഷവും താഴെ വീഴുന്ന നിലയിലാണ്. തട്ടിക്കൂട്ടി സീലിങ് സ്ഥാപിച്ചപ്പോള്‍ തന്നെ ആളുകള്‍ പരാതി പറഞ്ഞിരുന്നതാണ്. അഞ്ചു വര്‍ഷം മുമ്പാണ് ഇത് സ്ഥാപിച്ചത്. ഇതില്‍ വലിയ അഴിമതി ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സീലിങിന്റെ നല്ലൊരു ഭാഗവും ഇളകി പോയിട്ടുണ്ട്. മറ്റ് ഭാഗങ്ങള്‍ ഏത് സമയത്തും താഴെ വീഴുന്ന നിലയില്‍ ഇളകി തൂങ്ങിക്കിടക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് യു. ഡി.എഫ് ആശുപത്രി അഡ്മിനിസ്ടേറ്റീവ് ഓഫീസിന് മുന്നില്‍ ഉപരോധ സമരം നടത്തി. ബി.ജെ.പിയുടെ പ്രതിഷേധവും നടന്നു. ആശുപത്രി സൂപ്രണ്ട് സ്ഥലത്ത് ഉണ്ടായിരുന്നില്ല.
വിശ്രമകേന്ദ്രത്തിന്റെ റൂഫിങ് തകര്‍ന്ന് വീണത് അറിഞ്ഞയുടന്‍ തന്നെ നഗരസഭയിലെ യു.ഡി.എഫ് കൗണ്‍സിലര്‍മാരും മറ്റ് നേതാക്കളും സ്ഥലത്തെത്തി. സംഭവം നടന്നിട്ട് ഉത്തരവാദിത്തപ്പെട്ടവരാരും സ്ഥലം പരിശോധിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആശുപത്രി അഡ്മിനിസ്ട്രേഷന് ബ്ലോക്കിന് മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധ സമരം യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെ ജാസിം കുട്ടി ഉദ്ഘാടനം ചെയ്തു. :ോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റനീസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ റോഷന് നായര്‍, സിന്ധു അനില്‍, രജനി പ്രദീപ്, എന്‍.എ.നൈസാം, ദീപു ഉമ്മന്‍, നാസര്‍ തോണ്ടമണ്ണില്‍, വിജയ് ഇന്ദുചൂഢന്, അജിത് മണ്ണില്‍, അഖില്‍ അഴൂര്‍, സി.കെ.അര്ജുനന്, അംബിക വേണു, ആന്‍സി തോമസ്, ഷാനവാസ് പെരിങ്ങമല, ബിബിന്‍ ബേബി, സിറാജ് പത്തനംതിട്ട ,അശോകന് പത്തനംതിട്ട എന്നിവര്‍ പ്രസംഗിച്ചു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ കൊണ്ടുപോവുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു.