ശബരിമല: തീര്‍ഥാടകര്‍ക്ക് നേരെയുളള പൊലീസ് അതിക്രമം തുടരുന്നു. പതിനെട്ടാംപടിയില്‍ ഇന്നും തീര്‍ഥാടകന് മര്‍ദനമേറ്റു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഭക്തന്‍ സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ടു ദിവസം മുന്‍പ് ഇതേ പോലെ മറ്റൊരു തീര്‍ഥാടകന് മര്‍ദനത്തില്‍ കാലിന് സാരമായ പരുക്കേറ്റിരുന്നു. എന്നാല്‍, അദ്ദേഹം പരാതി നല്‍കാതിരുന്നത് പൊലീസിന് തുണയായി. മര്‍ദനമേറ്റ ഭക്തനെ സ്വാധീനിച്ച് പരാതിയില്ലെന്ന് ആക്കുകയായിരുന്നുവെന്ന് പറയുന്നു.
ബംഗളൂരു 26 കസ്തൂരി വൈ നഗര്‍ മൈസൂര്‍ റോഡ് ടോള്‍ ഗേറ്റ് എസ്. രാജേഷി(30)നാണ് ഇന്ന് മര്‍ദനമേറ്റത്. ഇദ്ദേഹത്തിന്റെ പുറത്ത് കൈ കൊണ്ട് ആഞ്ഞടിക്കുകയായിരുന്നു. പുറം പൂര്‍ണമായും ചുവന്ന് തടിച്ചിട്ടുണ്ട്. വേദന സഹിക്കാന്‍ കഴിയാതെ ഇദ്ദേഹം ആശുപത്രിയില്‍ ചികില്‍സ തേടി. വൈകിട്ട് അഞ്ചിനാണ് സംഭവം. ബംഗളൂരുവില്‍ നിന്നും 22 അംഗ തീര്‍ത്ഥാടക സംഘത്തോടൊപ്പമാണ് രാജേഷ് വന്നത്. കൂട്ടത്തിലുണ്ടായിരുന്ന പിഞ്ചു കുഞ്ഞിനെ പടി കയറ്റുന്നതിനിടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ മര്‍ദിച്ചത്.
മണിക്കൂറുകള്‍ ക്യൂ നിന്ന് വലഞ്ഞ് വന്നപ്പോഴുള്ള പൊലീസ് മര്‍ദനം ഇരട്ടി വിഷമമാണ് രാജേഷിന് സമ്മാനിച്ചത്. കുഞ്ഞ് വേഗം പടി കയറാത്തതിനെ തുടര്‍ന്ന ആണ് തന്റെ പുറത്ത് അടിച്ചതെന്ന് രാജേഷ് പറഞ്ഞു. തീര്‍ഥാടകനു നേരെ പോലീസ് അതിക്രമം ഉണ്ടായ സംഭവം അന്വേഷിക്കുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. സന്നിധാനം എഡിഎമ്മിനോട് മന്ത്രി വിവരങ്ങള്‍ ആരാഞ്ഞു. പോലീസ് മര്‍ദ്ദനം സംബന്ധി ച്ചുള്ള പരാതിയില്‍ സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫീസറോട് സന്നിധാനത്തുണ്ടായിരുന്ന ദേവസ്വം ബോര്‍ഡംഗം അജികുമാര്‍ നേരിട്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
കഴിഞ്ഞ നാലിനും പതിനെട്ടാംപടിയില്‍ തീര്‍ഥാടകനെ പൊലീസ് മര്‍ദിച്ചിരുന്നു. തമിഴ്‌നാട് തഞ്ചാവൂരില്‍ നിന്ന് ദര്‍ശനത്തിന് വന്ന ദയാനന്ദ നീലകണ്ഠ(24)നാണ് മര്‍ദനമേറ്റത്. ഉച്ചയ്ക്ക് 12 നാണ് സംഭവം. ദയാനന്ദ പതിനെട്ടാം പടി കയറുമ്പോള്‍ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്നാണ് പരാതി. കാലിന് പരുക്കേറ്റെന്ന് ഭക്തന്‍ പറഞ്ഞതിനെ തുടര്‍ന്ന് സന്നിധാനം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി. എക്‌സ്‌റേ പരിശോധനയില്‍ ഇദ്ദേഹത്തിന്റെ കാലിന്റെ ലിഗമെന്റിന് ക്ഷതമേറ്റുവെന്ന് കണ്ടെത്തി. ഇദ്ദേഹത്തിന് പരാതിയില്ലെന്ന് പറഞ്ഞതിനാല്‍ കേസ് എടുത്തില്ല. ആദ്യം മാധ്യമങ്ങളോട് തീര്‍ഥാടകന്‍ പരാതി അറിയിച്ചിരുന്നു. വാര്‍ത്ത ആയാല്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുമെന്ന് കണ്ട് സ്വാധീനിച്ച് പരാതി ഒഴിവാക്കിയെന്നാണ് പറയുന്നത്.