കൊടുമണ്‍: ചെയ്ത പണിയുടെ കൂലിചോദിച്ചതിന് യുവാവിനെ കല്ലുകൊണ്ട് ഇടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസിലെ പ്രതികളെ പോലീസ് പിടികൂടി. പന്തളം തെക്കേക്കര പറന്തല്‍ കുറവഞ്ചിറ മറ്റക്കാട്ടു മുരുപ്പേല്‍ തമ്പിക്കുട്ടനാ(38)ണ് പരുക്കേറ്റത്. പന്തളം തെക്കേക്കര തട്ടയില്‍ പറപ്പെട്ടി കുറ്റിയില്‍ വീട്ടില്‍ ബിനു (34), മാമൂട് പൊങ്ങലടി മലയുടെ കിഴക്കേതില്‍ അനന്തു (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടുമണിക്കാണ് മാമൂട് കനാല്‍ പാലത്തില്‍ വച്ച് തമ്പിക്കുട്ടന് മര്‍ദ്ദനമേറ്റത്. വീടിനടുത്തുള്ള കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ വരും വഴി കനാല്‍ പാലത്തിന്റെ തിട്ടയിലിരുന്ന് പ്രതികള്‍ മദ്യപിക്കുന്നതു കണ്ടു. ജോലി ചെയ്തതിന് കിട്ടാനുള്ള പണം ചോദിച്ചപ്പോള്‍ തടഞ്ഞു നിര്‍ത്തി ചീത്ത വിളിച്ചു കൊണ്ട് ഇരുവരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
പരുക്കേറ്റ തമ്പിക്കൂട്ടനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടൂര്‍ ഡിവൈ.എസ്.പി ആര്. ജയരാജിന്റെ മേല്‍നോട്ടത്തിലുള്ള സംഘം പറപ്പെട്ടിയില്‍ നിന്നും പ്രതികളെ കസ്റ്റഡിയിലെടുത്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ വി.എസ്.പ്രവീണ്‍, എസ്.ഐ. രതീഷ് കുമാര്‍, എസ്.സി.പി.ഓ ശിവപ്രസാദ്, സി.പി.ഓമാരായ അജിത് കുമാര്‍, പ്രദീപ് എന്നിവരാണ് അന്വേഷണ സംഘത്തി ഉണ്ടായിരുന്നത്.