കൊച്ചി: ഒരു വശത്തു കൂടി പോലീസിലെ ക്രിമിനലുകളുടെ പട്ടിക പുറത്തു വിടും. ഇവരെ വച്ചു പൊറുപ്പിക്കില്ലെന്ന് മുട്ടിന് മുട്ടിന് പ്രസ്താവന ഇറക്കും. മറുവശത്തുകൂടി ക്രിമിനലുകളെ പോലീസിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കും. ഇതാണ് പിണറായി സര്‍ക്കാര്‍ കേരളാ പോലീസില്‍ ചെയ്യുന്നത്. പത്രപ്രവര്‍ത്തകന്‍ ഉണ്ണിത്താന്‍ വധശ്രമക്കേസ് അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എന്‍. അബ്ദുള്‍ റഷീദിന് ഐപിഎസ് നല്‍കി ‘ബഹുമാനിച്ച’ കേന്ദ്ര-കേരളാ സര്‍ക്കാര്‍ വീണ്ടും ഒത്തു പിടിക്കുകയാണ് ഇതേ ഗണത്തില്‍പ്പെട്ട മറ്റൊരു ഉദ്യോഗസ്ഥന് ഐപിഎസ് നല്‍കാന്‍. നടക്കാത്ത കൊലക്കേസിന്റെ പേരില്‍ നാലു നിരപരാധികളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച ജെ. കിഷോര്‍കുമാര്‍ എന്ന ഉദ്യോഗസ്ഥന് ഐപിഎസ് കിട്ടാന്‍ വേണ്ടിയുള്ള നീക്കം കൊണ്ടു പിടിച്ചു നടക്കുന്നു.
വകുപ്പ് തലത്തിലും കോടതിയിലും ഇയാള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാനുള്ള ശ്രമങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അതേ സമയം, വേറെ യാതൊരു കുഴപ്പവുമില്ലാത്ത, കോടതി ഐപിഎസ് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശിപാര്‍ശ ചെയ്ത ബാസ്റ്റിന്‍ സാബു എന്ന എസ്പിയെ പ്രാദേശിക സിപിഎം നേതാവിനെ ബഹുമാനിച്ചില്ല എന്ന കാരണം പറഞ്ഞ് പടിക്കു പുറത്താക്കിയിരിക്കുകയാണ്. സര്‍ക്കാരിന്റെ വീഴ്ചകള്‍ക്കെതിരേ കോടതിയെ സമിപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചു എന്നത് മാത്രമാണ് ഈ ഉദ്യോഗസ്ഥനെതിരായ നീക്കത്തിന് പിന്നില്‍.
ഉണ്ണിത്താന്‍ വധശ്രമക്കേസ് പ്രതി എന്‍. അബ്ദുള്‍ റഷീദിന് ഐപിഎസ് നല്‍കിയതിന് എതിരായ ഹര്‍ജി ജനുവരി ആറിന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബഞ്ചില്‍ പരിഗണനയ്ക്ക് വച്ചിരുന്നു. ഈ കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഹാജരാകേണ്ടത് യുപിഎസ്‌സി സ്റ്റാന്‍ഡിങ് കോണ്‍സല്‍ അഡ്വ. തോമസ് മാത്യു നെല്ലിമൂട്ടില്‍ ആയിരുന്നു. ഇതേ ദിവസം തന്നെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ (ക്യാറ്റ്) ജെ. കിഷോര്‍ കുമാര്‍ തനിക്ക് ഐപിഎസിന് അര്‍ഹതയുണ്ടെന്ന് കാട്ടി നല്‍കിയ ഹര്‍ജിയും പരിഗണനയിലുണ്ടായിരുന്നു. ഇവിടെയും തോമസ് മാത്യു നെല്ലിമൂട്ടില്‍ ആയിരുന്നു ഹാജരാകേണ്ടിയിരുന്നത്. ചീഫ് ജസ്റ്റിന്റെ പരിഗണനയിലുള്ള കേസിന് അവധി നല്‍കി ക്യാറ്റില്‍ ഹാജരാവുകയാണ് യുപിഎസ്‌സി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ചെയ്തത്. എന്തു വില കൊടുത്തും കിഷോറിന് ഐപിഎസ് വാങ്ങി നല്‍കുക എന്ന അജണ്ടയുടെ ഭാഗമായിരുന്നു ഇതെന്ന് ഇവര്‍ക്ക് എല്ലാം എതിരേ വിവിധ കേന്ദ്രങ്ങളില്‍ പരാതി നല്‍കിയിട്ടുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ജി. വിപിനന്‍ പറയുന്നു.
കിഷോര്‍ കുമാറിന് ഐപിഎസ് കിട്ടിയാല്‍ ബാസ്റ്റിന്‍ സാബു എന്ന അര്‍ഹതപ്പെട്ട ഉദ്യോഗസ്ഥന്‍ പുറത്തു നില്‍ക്കും. റഷീദ് അടക്കമുള്ള പോലീസ് സേനയിലെ ക്രിമിനലുകള്‍ക്ക് വേണ്ടി വഴി വിട്ടു പ്രവര്‍ത്തിക്കുന്ന തോമസ് മാത്യു നെല്ലിമൂട്ടിലിനെതിരേ ജി. വിപിനന്‍ നല്‍കിയ പരാതിയില്‍ കേന്ദ്രവിജിലന്‍സും എന്‍ഫോഴ്‌സ്‌മെന്റും അന്വേഷണം നടത്തി വരികയാണ്. 1996 മുതല്‍ ഇപ്പോള്‍ വരെ ഇയാള്‍ യു.പി.എസ്.സി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആയി നില കൊള്ളുന്നു. കേന്ദ്രം ഭരിക്കുന്നത് ആരായാലും തോമസ് മാത്യുവിന്റെ കോണ്‍സല്‍ സ്ഥാനത്തിന് ഇളക്കം തട്ടില്ല എന്നതാണ് ശ്രദ്ധേയം. ഇയാള്‍ക്കെതിരേ ബിജെപി അനുഭാവികളായ അഭിഭാഷകര്‍ നിരവധി തവണ പരാതി സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ക്ക് നല്‍കിയിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല.
കിഷോര്‍ കുമാര്‍ നാലു നിരപരാധികളെ കേസില്‍ കുടുക്കിയത് ഇങ്ങനെ:
2001 ജൂണ്‍ നാലിന് പെരുമ്പടപ്പ് പോലീസ് സ്‌റ്റേഷനില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്യുന്നു. സൂരൂര്‍ എന്ന ചെറുപ്പക്കാരനെ കാണാനില്ല. ലോക്കല്‍ പോലീസ് അന്വേഷിച്ചിട്ട് തുമ്പൊന്നുമില്ലാതെ വന്നപ്പോള്‍ 2003 ല്‍ ഈ തിരോധാന കേസ് ക്രൈംബ്രാഞ്ചിന്റെ നരഹത്യാ വിഭാഗത്തിന് കൈമാറുന്നു. 2008 സെപ്റ്റംബര്‍ മൂന്നിന് ഈ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈ.എസ്പിയായ ജെ. കിഷോര്‍ കുമാര്‍ ഏറ്റെടുക്കുന്നു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. 2001 ഫെബ്രുവരി 15 ന് പെരുമ്പടപ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത അസ്വാഭാവിക മരണക്കേസില്‍ കാണപ്പെട്ട മൃതദേഹം സുരൂരിന്റെയാണെന്ന് കിഷോര്‍ കുമാര്‍ ഉറപ്പിക്കുന്നു. നാലു പേര്‍ ചേര്‍ന്ന് സുരൂരിനെ വകവരുത്തിയെന്ന് പറഞ്ഞ് അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇനിയാണ് ട്വിസ്റ്റ് കിഷോറിന് ശേഷം ഡിവൈ.എസ്പിയായി വന്ന മുരളീധരന്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മൃതദേഹം സുരൂരിന്റെയല്ലെന്ന് കണ്ടെത്തി. പ്രതികളെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കാന്‍ കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കി.
അന്വേഷണത്തില്‍ ഗുരുതരമായ കൃത്യവിലോപം നടത്തിയ കിഷോര്‍ കുമാര്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയില്‍ എസ്പിയാണ്. ഇദ്ദേഹത്തിനെതിരേ ഈ സംഭവത്തില്‍ വകുപ്പു തല അന്വേഷണം നടന്നു വരുന്നു.ഈ വിവരം മറച്ചു വച്ച് ഇയാളെ ഐപിഎസിന് പരിഗണിക്കാനുള്ളവരുടെ പട്ടികയിലും കയറ്റി. സകല സഹായവും സര്‍ക്കാര്‍ ചെയ്തു കൊടുത്തു. ഐപിഎസ് പടിവാതിലില്‍ എത്തി നില്‍ക്കുന്ന സമയത്താണ് ഈ സംഭവത്തില്‍ ഇയാള്‍ക്കെതിരേ കുറ്റാരോപണമെമ്മോ കൊടുക്കുന്നത്. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് ആ കടമ്പയും കിഷോര്‍ മറികടന്നു. ഇതിനായി സര്‍ക്കാര്‍ അഭിഭാഷകര്‍ കൈ അയച്ച് സഹായിക്കുകയും ചെയ്തു.
സുരൂര്‍ തിരോധാനക്കേസ് കൊലപാതകം ആക്കിയത് ഇങ്ങനെ…
സുരൂര്‍ കൊല്ലപ്പെട്ടതാണെന്ന് കിഷോര്‍ കുമാര്‍ ഉറപ്പിച്ചത് നുണ പരിശോധന, സൂപ്പര്‍ ഇമ്പോസിഷന്‍ എന്നീ ടെസ്റ്റുകള്‍ നടത്തിയായിരുന്നു. സാഹചര്യത്തെളിവുകളും പരിശോധിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ സുരൂറുമായി ബന്ധമുള്ളവരും വിരോധമുള്ളവരുമായ പ്രസാദ്, ബിജോയ്, സുരേഷ്, പ്രകാശ് എന്നിവരെ പ്രതിസ്ഥാനത്ത് ചേര്‍ത്ത് അന്വേഷണം നടത്തി. ഒന്നാം പ്രതി പ്രസാദിനെ സെപ്റ്റംബര്‍ 26 നും നാലാം പ്രതി പ്രാശനനെ സെപ്റ്റംബര്‍ 24 നും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രണ്ടും മൂന്നും പ്രതികളായ ബിജോയിയും സുരേഷും ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ അറസ്റ്റ് വരിച്ച് ജാമ്യത്തില്‍പ്പോയി.
ഈ കേസില്‍ കിഷോര്‍ കുമാറിന് പിന്നീട് അന്വേഷണം നടത്തിയ ഡിവൈ.എസ്പി കെ.വി. സന്തോഷ് മരിച്ചത് സുരൂര്‍ തന്നെയെന്ന് നിസംശയം ഉറപ്പു വരുത്തുന്നതിന് തലയോട്ടി 2014 ഫെബ്രുവരി 12 ന് ഓടോണ്‍ടോളജി ടെസ്റ്റ് നടത്തുന്നതിനായി കൊച്ചി എഐഐഎംഎസില്‍ അയച്ചു കൊടുത്തു. അതിന്റെ ഫലം മരിച്ചത് ഏകദേശം 37 വയസ് തോന്നിക്കുയാളെന്നായിരുന്നു. കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി സുരൂരിന്റെ തലയോട്ടിയും ഉമ്മയുടെ രക്തവും ഡിഎന്‍എ പരിശോധന നടത്തുന്നതിനായി സിഡിഎഫ്ഡിയിലേക്ക് അയച്ചു. ഡിഎന്‍എ തമ്മില്‍ സാമ്യമില്ലെന്നായിരുന്നു പരിശോധനാ ഫലം. ഇതോടെ കിഷോര്‍ കുമാര്‍ അറസ്റ്റ് ചെയ്ത നാലു പ്രതികളും നിരപരാധികളാണെന്ന് തെളിഞ്ഞു.
കിഷോര്‍ എഴുതിയ കേസ് പ്രകാരം 2001 ഫെബ്രുവരി ആറിന് രാത്രി പത്തരയോടെ രണ്ടും നാലും പ്രതികള്‍ ചേര്‍ന്ന് സുരൂറിനെ കൊലപ്പെടുത്തി മാറാഞ്ചേരി ഭാഗത്തെ് വെള്ളക്കെട്ടില്‍ കൊണ്ടു ചെന്നിട്ടു എന്നാണ്. എന്നാല്‍, പ്രാഥമികാന്വേഷണ വേളയില്‍ സുരുറിന്റെ അമ്മ ഐഷ നല്‍കിയ മൊഴി ആറിന് രാത്രി 10.30 നാണ് സുരൂര്‍ പുറത്തു പോയതെന്നും എട്ടിന് ഇയാള്‍ വിളിച്ച് വാഹനത്തിന്റെ കാര്യത്തിനായി സേലത്താണ് നില്‍ക്കുന്നതെന്നും കുറച്ചു ദിവസത്തിന് ശേഷം തിരികെ വരുമെന്നുമാണ്. ഈ മൊഴികള്‍ പരിശോധിക്കാതെയായിരുന്നു കിഷോര്‍ നാലു പേരെ പ്രതികളാക്കിയത്.
മാറാഞ്ചേരിയിലെ ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഒരു വര്‍ഷത്തിന് ശേഷം കണ്ടെടുത്ത പാന്റും ഷര്‍ട്ടും സുരൂരിന്റേതാണെന്ന് അമ്മ ഐഷ സ്ഥിരീകരിച്ചുവെന്നാണ് കിഷോറിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇക്കാര്യത്തിലും കിഷോര്‍ വ്യക്തമായ അന്വേഷണം നടത്തിയില്ല. ഈ ട്രൗസറും ഷര്‍ട്ടും സുരൂരിന്റേതല്ലെന്ന് താന്‍ നേരത്തേ പോലീസിനോട് പറഞ്ഞിരുന്നുവെന്ന് ഐഷ പിന്നീട് അറിയിച്ചു. ലോക്കല്‍ പോലീസ് മുന്നോട്ടു വച്ച തെളിവ് കിഷോര്‍ പരിശോധിച്ചില്ല. ഇങ്ങനെ അന്വേഷണത്തില്‍ പരമപ്രധാനമായ ഏഴോളം സംഗതികള്‍ വേണ്ട രീതിയില്‍ പരിശോധിക്കാതെയായിരുന്നു കിഷോറിന്റെ അന്വേഷണം. ലോക്കല്‍ പോലീസും മുന്‍ഗാമികളും നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ വ്യക്തത വരുത്താതെ അവയെ അടിസ്ഥാനമാക്കി റിപ്പോര്‍ട്ട് തയാറാക്കി നാലു നിരപരാധികളെ പ്രതികളാക്കി തന്റെ ജോലി എളുപ്പം തീര്‍ക്കുകയായിരുന്നു ഡിവൈ.എസ്പി എന്നാണ് കുറ്റാരോപണ മെമ്മോയില്‍ പറയുന്നത്.
ഈ കുറ്റാരോപണ മെമ്മോയില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഏറ്റവും അവസാനം ഇറങ്ങിയ ഐപിഎസ് പട്ടികയില്‍ പേരുണ്ടായിട്ടും നിയമനം വിജ്ഞാപനം ചെയ്തില്ല. ആദ്യം ഇറങ്ങിയ പട്ടികയില്‍ കിഷോറിന്റെ പേരിന് നേര്‍ക്ക് നക്ഷത്ര ചിഹ്‌നം ഇട്ട് വകുപ്പുതല അന്വേഷണം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് പരിഗണിക്കാമെന്നുണ്ടായിരുന്നു. മിനുട്ടുകള്‍ക്ക് അകം ഈ ഉത്തരവ് തിരുത്തി കിഷോറിനെ പൂര്‍ണമായും ഒഴിവാക്കിയുള്ള പട്ടിക ഇറക്കി. നിലവില്‍ കുറ്റാരോപണ മെമ്മോയിലുള്ള അന്വേഷണം പൂര്‍ത്തിയായെന്നും കിഷോറിന് ഐപിഎസ് നല്‍കാമെന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് ക്യാറ്റിനെ അറിയിച്ചുവെന്നാണ് പറയുന്നത്.
ബാസ്റ്റിന്‍ സാബു അണ്‍ഫിറ്റായത് ഇങ്ങനെ..
2006 ല്‍ പയ്യോളി സ്‌റ്റേഷനില്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ബാസ്റ്റിന്‍ സാബു കേസുമായി ബന്ധപ്പെട്ട് വന്ന സിപിഎം പ്രാദേശിക നേതാവിനോട് മോശമായി പെരുമാറിയത്രേ. നേതാവിനെ അസഭ്യം വിളിക്കുകയും കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. നേതാവ് അക്കാലത്തെ വൈദ്യുതി മന്ത്രിക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കി. അദ്ദേഹം അത് മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചത് പ്രകാരം കോഴിക്കോട് റൂറല്‍ എസ്.പി ബാസ്റ്റിന്‍ സാബുവിനെതിരേ അന്വേഷണം നടത്തി. വകുപ്പുതല നടപടിക്ക് ശിപാര്‍ശ ചെയ്ത് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാസ്റ്റിനെതിരേ തുടരന്വേഷണത്തിന് ഉത്തരമേഖലാ ഐജി നിര്‍ദേശിച്ചു. അന്വേഷണത്തില്‍ ബാസ്റ്റിന്റെ ഭാഗത്ത് വീഴ്ച കണ്ടെത്തി. ബാസ്റ്റിന്റെ ഇന്‍ക്രിമെന്റ് ഒരു വര്‍ഷത്തേക്ക് തടഞ്ഞു കൊണ്ട് നടപടി വന്നു. ഇതേ സമയം തന്നെ സര്‍ക്കാരിനും ബാസ്റ്റിനെതിരായ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ ഒരു വാച്യാന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഉത്തരമേഖലാ ഐജി ഇതു സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാക്കിയതും നടപടി എടുത്തതും അറിയാതെയായിരുന്നു സര്‍ക്കാരിന്റെ നടപടി ക്രമം.
സര്‍ക്കാര്‍ തലത്തിലുള്ള അന്വേഷണ ഉത്തരവ് കിട്ടിയതിന് പിന്നാലെ സംസ്ഥാന പോലീസ് മേധാവി ബാസ്റ്റിനെതിരേ ചുമത്തിയ നടപടി ക്രമങ്ങള്‍ റദ്ദാക്കാന്‍ ഉത്തരമേഖലാ ഐജിയോട് നിര്‍ദേശിച്ചു. ഇതിന്‍ പ്രകാരം ഐജി ആ നടപടി ക്രമങ്ങള്‍ റദ്ദാക്കുകയും ചെയ്തു. ഈ വിവരം സംസ്ഥാന പോലീസ് മേധാവി സര്‍ക്കാരിനെ അറിയിച്ചതുമില്ല.
ഐപിഎസിന് പരിഗണിക്കപ്പെടുമെന്ന് അറിയാമായിരുന്ന ബാസ്റ്റിന്‍ സാബു, 2006 ലെ തനിക്കെതിരായ സര്‍ക്കാരിന്റെ അച്ചടക്ക നടപടി (വാച്യാന്വേഷണ ഉത്തരവ്) അതിനൊരു തടസമാകാതിരിക്കാന്‍ ആ നടപടി ക്രമങ്ങള്‍ കാന്‍സല്‍ ചെയ്യുന്നതിന് വേണ്ടി 2016 ല്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സര്‍ക്കാരിന്റെ വാച്യാന്വേഷണം റദ്ദാക്കി. ഇതോടെ ബാസ്റ്റിനെതിരായ രണ്ട് അന്വേഷണങ്ങളും റദ്ദായി. ആദ്യത്തേത് നോര്‍ത്ത് സോണ്‍ ഐജി നടത്തിയ അന്വേഷണം ഡിജിപിയുടെ നിര്‍ദേശ പ്രകാരം 2006 ല്‍ തന്നെ റദ്ദാക്കപ്പെട്ടു. രണ്ടാമത്തേതത് സര്‍ക്കാര്‍ ഉത്തരവിട്ട വാച്യാന്വേഷണം 2016 ലെ ഹൈക്കോടതി വിധി പ്രകാരവും റദ്ദാക്കപ്പെട്ടു.
അതിന് ശേഷം, ഉത്തരമേഖലാ ഐജിയുടെ 2006 ലെ അന്വേഷണത്തില്‍ തനിക്കെതിരായി ശിപാര്‍ശ ചെയ്ത നടപടികളെ കുറിച്ചുളള പരാമര്‍ശം ഒഴിവാക്കി കിട്ടാന്‍ വേണ്ടി ബാസ്റ്റിന്‍ സാബു സര്‍ക്കാരില്‍ അപേക്ഷ നല്‍കി. രണ്ട് അച്ചടക്ക നടപടികളും റദ്ദാക്കപ്പെട്ടുവെങ്കിലും ഈ ഉദ്യോഗസ്ഥനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയത് നിലനില്‍ക്കുന്നുവെന്ന് മനസിലാക്കിയ സര്‍ക്കാര്‍ 2006 ലെ ഉത്തരമേഖലാ ഐജിയുടെ അച്ചടക്ക നടപടി പുനഃസ്ഥാപിച്ചു. ഒരു വര്‍ഷത്തെ ശമ്പള വര്‍ധനവ് തടഞ്ഞു കൊണ്ടുളള ഉത്തരവ് പുനഃസ്ഥാപിച്ചതോടെ അധിക ശമ്പളമായി കൈപ്പറ്റിയ 5016 രൂപ തിരികെ അടയ്ക്കാന്‍ ബാസ്റ്റിനോട് നിര്‍ദേശിച്ചു. 2021 മാര്‍ച്ച് 12 ന് ബാസ്റ്റിന്‍ പണം അടച്ചു.
കുഴപ്പം തന്റെയല്ല…ബാസ്റ്റിന്‍ ക്യാറ്റില്‍
സര്‍ക്കാരിന്റെയും ആഭ്യന്തരവകുപ്പിന്റെയും ഭാഗത്ത് നിന്ന് വന്ന വീഴ്ചയുടെ പേരില്‍ തന്നെ ക്രൂശിക്കരുതെന്നും ഐപിഎസ് ലിസ്റ്റില്‍ പരിഗണിക്കണമെന്നും കാട്ടി ബാസ്റ്റിന്‍ സാബു സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ (ക്യാറ്റ്) സമീപിച്ചതോടെ കളി മാറി. ഹര്‍ജി പരിഗണിച്ച ക്യാറ്റ് ബാസ്റ്റിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. മറ്റ് തടസമില്ലെങ്കില്‍ ബാസ്റ്റിനെ പരിഗണിക്കണം. അല്ലെങ്കില്‍ അയാള്‍ക്കുള്ള ഒരു തസ്തിക നീക്കി വച്ചിട്ട് നിയമനം നടത്തണമെന്നും ഉത്തരവിട്ടു.
യുപിഎസ്‌സി സ്റ്റാന്‍ഡിങ് കോണ്‍സലിന്റെ ഉരുണ്ടു കളി
ക്യാറ്റിനെ സമീപിച്ചത് ബാസ്റ്റിന്‍ സാബു മാത്രമായിരുന്നില്ല. എന്‍. അബ്ദുള്‍ റഷീദ്, ജെ. കിഷോര്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. യുപിഎസ്‌സി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആയ അഡ്വ. തോമസ് മാത്യു നെല്ലിമുട്ടില്‍ ക്യാറ്റില്‍ ബാസ്റ്റിന്റെ ഹര്‍ജിയില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. അതേ സമയം, കിഷോര്‍ കുമാറിനും അബ്ദുള്‍ റഷീദിനും അനുകൂലമായ നിലപാട് എടുക്കുകയും ചെയ്തു. ഇതേ നിലപാട് കേരളത്തില്‍ നിന്നുള്ള സെലക്ഷന്‍ കമ്മറ്റിയംഗങ്ങളും സ്വീകരിച്ചതാണ് റഷീദിന് ഐപിഎസ് കിട്ടാന്‍ കാരണമായത്. ക്യാറ്റ് പറഞ്ഞിട്ടും ബാസ്റ്റിന്‍ സാബുവിന് ഐപിഎസ് കൊടുത്തിട്ടുമില്ല.