പത്തനംതിട്ട: മൈലപ്രയിലെ പുതുവല്‍ സ്റ്റോഴ്സ് ഉടമ ജോര്‍ജ് ഉണ്ണൂണ്ണിയെ കൊലപ്പെടുത്തി സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ ഒളിവിലായിരുന്ന നാലാം പ്രതിയും അറസ്റ്റില്‍. തെങ്കാശി സ്വദേശി മുത്തുകുമാരനെ (24)യാണ് തമിഴ്നാട്ടിലെ ഒളിസങ്കേതത്തില്‍ നിന്ന് പൊലിസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി.
പത്തനംതിട്ട വലഞ്ചുഴി പള്ളിമുരുപ്പേല്‍ ക്വാര്‍ട്ടര്‍, ആരിഫ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഹരീബ് ആണ് കൊലപാതകം ആസുത്രണം ചെയ്തത്. ഇയാള്‍ക്ക് പുറമേ തെങ്കാശി സ്വദേശി മദ്രാസ് മുരുകന് എന്നറിയപ്പെടുന്ന മുരുകന് (42), മധുരൈ മുനിച്ചലാല്‍ സിന്താമണി ചിന്നഅനുപ്പനാടി കാമരാജര്‍ സ്ട്രീറ്റില്‍ വീട്ടുനമ്പര്‍ 2/119 ല്‍ ബാലസുബ്രഹ്മണി എന്നു വിളിക്കുന്ന എം. സുബ്രഹ്മണ്യന് (24), പത്തനംതിട്ട വലഞ്ചുഴി ജമീല മന്‍സിലില്‍ നിയാസ് അമാന്‍ (33) എന്നിവരെയാണ് ജനുവരി ആറിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.
കൊടുംക്രിമിനലായ മുത്തുകുമാരനെ തമിഴ്നാട് വിരുതനഗര്‍ ശ്രീവള്ളിനഗറില്‍ നിന്നാണ് പത്തനംതിട്ട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്. മുത്തു കുമാരനുമായി പൊലീസ് സംഭവ സ്ഥലത്ത് തിങ്കളാഴ്ച തെളിവെടുപ്പ് നടത്തും.
ഡിസംബര്‍ 30 ന് വൈകിട്ട് മൂന്നിനും നാലിനുമിടയ്ക്കാണ് കവര്‍ച്ചാ ശ്രമത്തിനിടെ ജോര്‍ജ് ഉണ്ണൂണ്ണിയെ കടയ്ക്കുള്ളിലിട്ട് കൊന്നത്. ഏഴു പവന്റെ സ്വര്‍ണ മാലയും കടയില്‍ സൂക്ഷിച്ച 50000 രൂപയും അപഹരിച്ചു. നാലു പ്രതികള്‍ നേരത്തേ പിടിയിലായിരുന്നു. ഇവര്‍ ഇപ്പോള്‍ തെളിവെടുപ്പിന് പൊലീസ് കസ്റ്റഡിയില്‍ ഉണ്ട്.
കൊലപാതകത്തില്‍ നിര്‍ണായക തെളിവ് ആയ വ്യാപാരിയുടെ കടയിലെ സി.സി.ടി.വി ഹാര്‍ഡ് ഡിസ്ക് കഴിഞ്ഞ ദിവസം അച്ചന്‍കോവില്‍ ആറ്റില്‍ നിന്ന് കണ്ടെടുത്തിരുന്നു. കൊല നടത്തിയ പ്രതികള്‍ സി.സി.വി ക്യാമറകള്‍ തകര്ത്ത്ഹാര്ഡ് ഡിസ്കും എടുത്തു കൊണ്ട് പോകുകയിരുന്നു. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി പൊലിസ് തെളിവെടുപ്പ് തുടരുന്നതിനിടെയാണ് അവസാന പ്രതിയും പിടിയിലായത്.