പത്തനംതിട്ട: കെ.പി. കുമാരന്‍ സംവിധാനം ചെയ്ത് കുമാരനാശാന്റെ ജീവിത കഥ പറയുന്ന ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്ന ചിത്രത്തിന് മികച്ച പ്രതികരണം. കുമാരനാശാന്റെ ചരമശതാബ്ദിയോട് അനുബന്ധിച്ച് ജനുവരി 16 മുതല്‍ 18 വരെ അഞ്ചു പ്രദര്‍ശനമാണ് ട്രിനിറ്റി മൂവിമാക്‌സില്‍ നടന്നത്. ആശാന്റെ 150-ാം ജന്മദിനത്തോട് അനുബന്ധിച്ച് 2022 ഏപ്രിലിലാണ് ചിത്രം റിലീസ് ചെയ്തത്. അന്ന് കാര്യമായ പ്രേക്ഷക പ്രതികരണം ചിത്രത്തിന് നേടാന്‍ കഴിഞ്ഞിരുന്നില്ല. പത്തനംതിട്ട പ്രസ് ക്ലബ് ആന്‍ഡ് മീഡിയ റിസര്‍ച്ച് സെന്റര്‍, ദേശത്തുടി സാംസ്‌കാരിക വേദി, ഫിലിം ലവേഴ്‌സ് ക്ലബ് എന്നിവരുടെ നേതൃത്വത്തില്‍ സ്വാഗതസംഘം രൂപീകരിച്ച് എസ്.എന്‍.ഡി.പി യൂണിയനും നഗരസഭയുമായി സഹകരിച്ചാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. നിറഞ്ഞ സദസിലാണ് പ്രദര്‍ശനം നടന്നത്.
മുട്ടത്തുകോണം എസ്.എന്‍.ഡി.പി.എച്ച്.എസ്.എസ്, ചെന്നീര്‍ക്കര എസ്.എന്‍.ഡി.പി. എച്ച്.എസ്.എസ്, അട്ടച്ചാക്കല്‍ സെന്റ് ജോര്‍ജ് വി.എച്ച്.എസ്.എസ്, ചെറുകോല്‍ എന്‍.എസ്.എസ് ടി.ടി.ഐ ആന്‍ഡ് യു.പി.എസ് എന്നീ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ രണ്ടു ദിവസങ്ങളിലായി പ്രദര്‍ശനം കാണാനെത്തിയിരുന്നു. മല്ലശേരി വൈസ്‌മെന്‍സ് ക്ലബ്ബിന്റെയും വിവിധ എസ്.എന്‍.ഡി.പി ശാഖകളുടെയും പങ്കാളിത്തവുമുണ്ടായി. സംഘാടക സമിതി ചെയര്‍മാന്‍ ജി. വിശാഖന്റെ അധ്യക്ഷതയില്‍ എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് കെ. പത്മകുമാര്‍ ആണ് പ്രദര്‍ശനോദ്ഘാടനം നിര്‍വഹിച്ചത്. വിവിധ ദിവസങ്ങളിലായി എം.എസ്. സുരേഷ്, ജിനു ഡി. രാജ്, രഘുനാഥന്‍ ഉണ്ണിത്താന്‍, രാജേഷ് ഓമല്ലൂര്‍, എ. ഗോകുലേന്ദ്രന്‍, അഡ്വ. സുരേഷ് സോമ, ഉണ്ണികൃഷ്ണന്‍ പൂഴിക്കാട്, ബിനു ജി. തമ്പി എന്നിവര്‍ ആമുഖ പ്രഭാഷണം നടത്തി. 19 ന് മൂന്നു പ്രദര്‍ശനങ്ങളാണ് നടന്നത്.
കുമാരനാശാന്റെ കുടുംബജീവിതവും പ്രശസ്തകൃതികള്‍ രചിക്കാനിടയായ സാഹചര്യവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആത്മകഥാപരമായ രീതിയിലാണ് അവതരണം. ആശാന്റെ ഒട്ടുമിക്ക കാവ്യങ്ങളിലെ വരികളും ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയില്‍ തുടങ്ങി ആശാന്റെ അന്ത്യത്തിന് ഇടയാക്കിയ ബോട്ടപകടത്തിലാണ് ചിത്രം അവസാനിക്കുന്നത്. ഗായകനും സംഗീത സംവിധായകനുമായ ശ്രീവല്‍സന്‍ ജെ. മേനോനാണ് കുമാരനാശാനെ അവതരിപ്പിച്ചത്. ഭാര്യ ഭാനുമതിയായി ഗാര്‍ഗി അനന്തനും വേഷമിട്ടു. കെ.ജി. ജയനാണ് ഛായാഗ്രഹണം. കെ.പി. കുമാരന്റെ ഭാര്യ ശാന്തമ്മ എം. പിളളയാണ് നിര്‍മാണ നിര്‍വഹണം. ചിത്രം കാണാന്‍ കഴിയാത്തവര്‍ക്കായി ഒരു പ്രദര്‍ശനം കൂടി സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.