തങ്കമണിയെ അപമാനിക്കുവാന്‍ അനുവദിക്കില്ല: മാധ്യമ പ്രവര്‍ത്തകന്റെ ഹര്‍ജിയില്‍ തങ്കമണി സിനിമയുടെ അണിയറക്കാര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു

0 second read
Comments Off on തങ്കമണിയെ അപമാനിക്കുവാന്‍ അനുവദിക്കില്ല: മാധ്യമ പ്രവര്‍ത്തകന്റെ ഹര്‍ജിയില്‍ തങ്കമണി സിനിമയുടെ അണിയറക്കാര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു
0

കൊച്ചി: തങ്കമണി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും സെന്‍സര്‍ ബോര്‍ഡിനും ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കും ഹൈക്കോടതിയുടെ നോട്ടീസ്. സിനിമയുടെ പേരില്‍ നാടിന്റെ പേരും തങ്കമണിയിലെ സ്ത്രീകളെയും നാണം കെടുത്തുന്നുവെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകനായ വി.ആര്‍. ബിജു അഡ്വ. ജോമി കെ. ജോസ് മുഖേനെ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍, സംസ്ഥാന പൊലീസ് മേധാവി, ഇടുക്കി ജില്ലാ പൊലീസ് മേധാവി, സംവിധായകന്‍ രതീഷ് രഘുനന്ദന്‍, നിര്‍മാതാവ് ആര്‍.ബി.ചൗധരി, നടന്‍ ദിലീപ് എന്നിവരാണ് ഒന്നു മുതല്‍ ആറു വരെ എതിര്‍ കക്ഷികള്‍. നാട്ടില്‍ നടക്കാത്ത കാര്യങ്ങള്‍ നടന്നു എന്ന് പറഞ്ഞ് കച്ചവട ചരക്കാക്കി മാറ്റാനുള്ള നീക്കത്തിനെതിരേയാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. സിനിമയുടെ ടൈറ്റില്‍ ഗാനത്തില്‍ പറയുന്നതുപോലെ ഒരു സ്ത്രീയും ഇവിടെ ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല.
1986 ലുണ്ടായ യഥാര്‍ഥ സംഭവം ആസ്പദമാക്കിയാണ് രതീഷ് രഘുനന്ദന്‍ സിനിമ ചെയ്യുന്നത്. നാട്ടുകാരന്‍ എന്ന നിലയില്‍ ഇതിനോട് യോജിക്കാന്‍ കഴിയില്ല. ഒരു സ്ത്രീയെങ്കിലും ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട് എങ്കില്‍ അത് സംബന്ധിച്ച് എഫ്.ഐ.ആര്‍ എവിടെ? ആ സ്ത്രീക്ക് എന്തുകൊണ്ട് ഇത്രയും കാലമായി സംസ്ഥാന ഗവണ്‍മെന്റ് ഒരു രൂപ പോലും നഷ്ടപരിഹാരം കൊടുത്തില്ല? സ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന് പറയുന്നതിന് എന്താണ് രേഖ? സംസ്ഥാന, ജില്ലാ പൊലീസ് മേധാവിമാര്‍ മറുപടി നല്‍കണമെന്നും ബിജു പറയുന്നു.

തങ്കമണി സംഭവവുമായി ബന്ധപ്പെട്ട അക്രമം ഉണ്ടായി എന്നത് സത്യം. പല വീടുകളിലും പോലീസ് കയറി ആണുങ്ങള്‍ എവിടെയെന്ന് സ്ത്രീകളെ ചോദ്യം ചെയ്തു. അവരെ ബലാത്സംഗം ചെയ്തു എന്ന് ഒരിടത്തും പറയുന്നില്ല.
കേസ് ജയിക്കാന്‍ ചില കിംവദന്തികള്‍ ഉണ്ടായി എന്നത് ശരിയാണ്.പക്ഷേ ഇത് സംബന്ധിച്ച് ആധികാരികത ഇല്ല. സംഭവ കഥ എന്ന പേരില്‍ തങ്കമണി എന്ന സിനിമ നിര്‍മ്മിച്ചത് ഒരു നാടിനെയും നാട്ടാരുടേയും അഭിമാനത്തെയും സ്ത്രീകളുടെ മാനത്തെയും കച്ചവട ചരക്കാക്കി മാറ്റുന്നു എന്ന് തിരിച്ചറിവിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് പ്രകാശ് സ്വദേശിയായ ബിജു പറഞ്ഞു.

ഉടല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രതീഷ് രഘുനന്ദന്‍. ദിലീപിനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്യുന്ന തങ്കമണി ദി ബ്ലീഡിങ് വില്ലേജ് എന്ന ചിത്രത്തിന്റെ മോഷന്‍ സോങ് പുറത്തിറങ്ങിയിരുന്നു. സൂപ്പര്‍ഗുഡ് ഫിലിംസിന് വേണ്ടി നടന്‍ ജീവയുടെ പിതാവ് ആര്‍ബി ചൗധരിയാണ് സിനിമ നിര്‍മിക്കുന്നത്.

മോഷന്‍ പോസ്റ്റര്‍ ഒരുഗാനത്തിന്റെ അകമ്പടിയോടെയാണ് വന്നിരിക്കുന്നത്. ഈ ഗാനത്തിന്റെ വരികളില്‍ ചിലതാമ് വിവാദമായത്. പെണ്ണിന്റെ പേരല്ല തങ്കമണി എന്ന് തുടങ്ങുന്ന ഗാനമാണ് വിവാദമായിരിക്കുന്നത്.

പാതിരാ നേരത്ത് കാരിരുള്‍ കൈയുമായ് കാക്കി കൂത്താടിയ തങ്കമണി
ലാത്തിക്കും രാത്രിക്കും പേ പിടിച്ചു നല്ല നാടിന്റെ നട്ടെല്ല് തച്ചുടച്ചു
മാനം കവര്‍ന്നവര്‍ ചോര മോന്തി മേലെ വാനം മനംനൊന്ത് കണ്ണുപൊത്തി

എന്നിങ്ങനെയുള്ള ഗാനം തങ്കമണിയിലെ സ്ത്രീകളെ അധിക്ഷേപിക്കുന്നതാണെന്നും ചിത്രത്തിനെതിരേ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ബിജു പറയുന്നു.

എണ്‍പതുകളില്‍ ഇടുക്കിയിലെ ഒരു ഗ്രാമത്തില്‍ ബസ് റൂട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് പിന്നീട് കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച തങ്കമണി സംഭവമായി മാറിയത്. കേരളത്തിലെ പൊലീസ് ക്രൂരതകളുടെ ഏറ്റവും വലിയ ഉദാഹരണമായി ഇപ്പോഴും തങ്കമണി സംഭവം പലരും ചൂണ്ടിക്കാണിക്കാറുണ്ട്.

1986 ഒക്ടോബര്‍ 21 നായിരുന്നു സംഭവങ്ങളുടെ തുടക്കം. കാമാക്ഷി പഞ്ചായത്തിലെ തങ്കമണി ഗ്രാമത്തില്‍ ഒരു സ്വകാര്യ ബസിന്റെ റൂട്ട് സര്‍വീസുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളും ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കട്ടപ്പന-തങ്കമണി റൂട്ടില്‍ പാറമടയില്‍ നിന്നും തങ്കമണി വരെയുള്ള റോഡ് ഗതാഗതയോഗ്യമല്ലായിരുന്നു. അതിനാല്‍ കട്ടപ്പനയില്‍ നിന്നും തങ്കമണിയിലേക്ക് സര്‍വീസ് നടത്തുന്ന മിക്ക ബസുകളും പാറമട കഴിയുമ്പോള്‍ ആളുകളെ അവിടെ ഇറക്കി വിടുകയായിരുന്നു പതിവ്. എന്നാല്‍ തങ്കമണി വരെയുള്ള പണം ഈടാക്കിയിരുന്നു. ഇതില്‍ നാട്ടുകാര്‍ക്കിടയില്‍ അമര്‍ഷവുമാണ്ടായിരുന്നു. പ്രത്യേകിച്ചും സ്ഥിരമായി യാത്ര ചെയ്യുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക്.

ഒരിക്കല്‍ പതിവു പോലെ തങ്കമണി റൂട്ടില്‍ ഓടിക്കൊണ്ടിരുന്ന ‘എലൈറ്റ്’ എന്ന സ്വകാര്യ ബസിലെ ജീവനക്കാര്‍ യാത്രക്കാരെ പാറമടയില്‍ ഇറക്കി വിട്ടപ്പോള്‍ ഒരു കോളേജ് വിദ്യാര്‍ത്ഥി ചോദ്യം ചെയ്തത് വാക്കു തര്‍ക്കമായി. ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് ബസില്‍ നിന്നും പുറത്താക്കി. വിവരമറിഞ്ഞ പ്രദേശവാസികള്‍ അടുത്ത ദിവസം ബസ് തടയുകയും ബലം പ്രയോഗിച്ച് തങ്കമണിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു. വിദ്യാര്‍ത്ഥിയെ ആക്രമിച്ച ജീവനക്കാര്‍ മാപ്പ് പറയാതെ ബസ് തിരികെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ നിലപാട് എടുത്ത് തങ്കമണിയില്‍ സംഘടിക്കുകയും ചെയ്തു.

പ്രകോപിതനായ ഉടമ ദേവസ്യ പൊലീസുമായെത്തി ബസ് ബലമായി കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇത് പൊലീസും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. പൊലീസ് നാട്ടുകാര്‍ക്ക് നേരെ ലാത്തിവീശി. ജനങ്ങള്‍ തിരിച്ച് കല്ലെറിഞ്ഞു. പോലീസുകാര്‍ കൂടുതല്‍ പ്രകോപിതരായി.
പഞ്ചായത്ത് പ്രസിഡന്റ് മാത്യു മത്തായി തേക്കമലയും തങ്കമണി സീറോ മലബാര്‍ സഭ വികാരി ഫാ. ജോസ് കോട്ടൂരും അന്ന് പീരുമേട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ഐ.സി. തമ്പാനുമായി ചര്‍ച്ച നടത്തി.

പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടെങ്കിലും തമ്പാന്‍ വഴങ്ങിയില്ല. തമ്പാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിറ്റേ ദിവസം തങ്കമണിയിലെത്തുകയും യാതൊരു മുന്നറിയിപ്പുമില്ലാതെ ജനങ്ങള്‍ക്ക് നേരെ വെടിവയ്ക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. വെടിവെപ്പില്‍ കോഴിമല അവറാച്ചന്‍ എന്നയാള്‍ സംഭവസ്ഥലത്ത് മരിച്ചു. ഉടുമ്പയ്ക്കല്‍ മാത്യുവിന് ഇരു കാലുകളും നഷ്ടപ്പെടുകയും ചെയ്തു. പരിഭ്രാന്തരായ നാട്ടുകാര്‍ പലയിടങ്ങളിലായി സംഘടിച്ചു. ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ നിന്നായി നിരവധി വാഹനങ്ങളില്‍ നൂറുകണക്കിന് പൊലീസുകാര്‍ വൈകിട്ടോടെ വീണ്ടും തങ്കമണിയില്‍ വന്നിറങ്ങി.

സര്‍വ സന്നാഹങ്ങളുമായെത്തിയ പൊലീസുകാര്‍ കണ്ണില്‍ കണ്ടവരെയെല്ലാം ക്രൂരമായി മര്‍ദിക്കുകയും അറസ്റ്റ് ചെയ്ത് കട്ടപ്പന പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പൊലീസുകാര്‍ സംഘങ്ങളായി തിരിഞ്ഞ് വിവിധ പ്രദേശങ്ങളിലെ വീടുകളില്‍ കയറിയിറങ്ങി വാതിലുകള്‍ ചവിട്ടിത്തുറന്നു. പൊലീസിന്റെ തേര്‍വാഴ്ചയില്‍ ഭയന്ന പ്രദേശത്തെ പുരുഷന്മാര്‍ കൃഷിയിടങ്ങളിലും മറ്റും ഒളിച്ചു രക്ഷപ്പെട്ടു. വീടുകളില്‍ സ്ത്രീകളും കുട്ടികളും തനിച്ചായി. ഇവിടെ കടന്നു കയറിയ പൊലീസുകാര്‍ സ്ത്രീകളെ അപമാനിച്ചുവെന്നാണ് പിന്നീട് പുറത്തു വന്ന വാര്‍ത്തകള്‍.

പൊലീസ് കസ്റ്റഡിയിലെടുത്ത് കട്ടപ്പനയിലേക്ക് കൊണ്ടുപോയ പുരുഷന്‍മാരും അതിക്രൂരമായ മൂന്നാംമുറയടക്കമുള്ള മര്‍ദനങ്ങള്‍ക്കിരയായിരുന്നു. ‘തങ്കമണി വെടിവെപ്പ്’ എന്നും ‘തങ്കമണി കൂട്ടബലാത്സംഗം’ എന്നുമാണ് സംഭവം പിന്നീട് അറിയപ്പെട്ടത്. എലൈറ്റ് ബസിന്റെ ഉടമയായിരുന്ന ദേവസ്യ (എലൈറ്റ് ദേവസ്യ) സാമ്പത്തികമായി തകര്‍ന്നതിനെ തുടര്‍ന്ന് കുമളി പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ താല്ക്കാലിക ജീവനക്കാരനായി ജോലി നോക്കി. ഈ കാലയളവിലാണ് സൂര്യനെല്ലി പീഡന കേസില്‍ ദേവസ്യ മുഖ്യ പ്രതിയുമായി.

സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ് ഡി. ശ്രീദേവിയെ കമ്മിഷനായി നിയമിച്ചു. കമ്മിഷന്റെ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതായിരുന്നു. പെലീസ് മാനഭംഗത്തിനിരയാക്കിയെന്ന് കമ്മിഷന് സ്ത്രീകള്‍ മൊഴി നല്‍കി. എന്നാല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ നടപടി കാര്യമായി ഉണ്ടായില്ലായെന്നതാണ് വസ്തുത.

കേരള രാഷ്ട്രീയം പിടിച്ചുകുലുക്കിയ തങ്കമണി

1987 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പാണ് തങ്കമണിയില്‍ വെടിവെപ്പുണ്ടായത്. പ്രതിപക്ഷ പാര്‍ട്ടികള്‍ സംഭവത്തെ രാഷ്ട്രീയ ആയുധമാക്കി. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചു. കെ കരുണാകരനായിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രി. തങ്കമണി വെടിവെപ്പ് തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് യുഡിഎഫിന് ഉണ്ടാക്കിയത്. ഇ കെ നായനാരുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുകയും ചെയ്തു.

അന്ന് പുറത്തു പ്രചരിച്ച കഥകള്‍ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ സിനിമ എടുക്കുന്നതെങ്കില്‍ അത് നാടിന് അപമാനകരമാണെന്നും തടയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതേ വിഷയത്തില്‍ 1987 മേയ് 15 ന് ഒരു സിനിമ പുറത്തിറങ്ങിയിരുന്നു. എസ്എല്‍ പുരം രചിച്ച ഇതാ സമയമായി എന്ന ചിത്രം പി.ജി.വിശ്വംഭരനാണ് സംവിധാനം ചെയ്തത്. രതീഷ്, ശാരി, ജഗതി, ഇന്നസെന്റ് എംജി സോമന്‍, രോഹിണി എന്നിവരാണ് അഭിനയിച്ചത്.

Load More Related Articles
Load More By Veena
Load More In SHOWBIZ
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…