ബാഹ്യഇടപെടലുകള്‍ നീങ്ങി: നിയമയുദ്ധത്തിനൊടുവില്‍ ബാസ്റ്റിന്‍ സാബുവിന് ഐപിഎസ്: ഒരു വര്‍ഷത്തെ മുന്‍കാലപ്രാബല്യം

0 second read
Comments Off on ബാഹ്യഇടപെടലുകള്‍ നീങ്ങി: നിയമയുദ്ധത്തിനൊടുവില്‍ ബാസ്റ്റിന്‍ സാബുവിന് ഐപിഎസ്: ഒരു വര്‍ഷത്തെ മുന്‍കാലപ്രാബല്യം
0

തിരുവനന്തപുരം: വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ മുന്‍ എസ്പി ബാസ്റ്റിന്‍ സാബുവിന് ഐപിഎസ് ലഭിച്ചു. 2020 ലെ പട്ടികയില്‍ ഒന്നാം നമ്പരുകാരനായി മുന്‍കാല പ്രാബല്യത്തോടെയാണ് നിയമനം. ഇതു സംബന്ധിച്ച് കേന്ദ്രആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഇന്ന് പുറത്തിറങ്ങി.

സ്‌റ്റേഷനില്‍ വന്ന പ്രാദേശിക രാഷ്ട്രീയ നേതാവിനെ ബഹുമാനിച്ചില്ലെന്ന പേരില്‍ ബാസ്റ്റിനെതിരേ വകുപ്പു തല നടപടി ഉണ്ടായിരുന്നുവെന്നും അത് തീര്‍പ്പാക്കിയില്ലെന്നും ചുണ്ടിക്കാട്ടിയാണ് ബാസ്റ്റിന് ഐപിഎസ് നിഷേധിച്ചത്. തുടര്‍ന്ന് ബാസ്റ്റിന്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ (ക്യാറ്റ്) സമീപിച്ചു. 2020 ലെ ഐപിഎസ് പട്ടികയില്‍ ബാസ്റ്റിന് വേണ്ടി ഒരു ഒഴിവ് നീക്കി വയ്ക്കണമെന്ന് ക്യാറ്റ് ഉത്തരവിട്ടു. എന്നാല്‍, കഴിഞ്ഞ വര്‍ഷം പുറത്തു വന്ന 2019, 20 വര്‍ഷങ്ങളിലെ പ്രമോഷന്‍ പട്ടികയില്‍ ബാസ്റ്റിന്റെ പേര് ഉള്‍ക്കൊള്ളിച്ചില്ല. വീണ്ടും ബാസ്റ്റിന്‍ ക്യാറ്റിനെ സമീപിക്കുകയും ഐപിഎസ് പട്ടികയില്‍ ഉള്‍ക്കൊളളിക്കാന്‍ ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം ചേര്‍ന്ന യു.പി.എസ്.സിയുടെ സെലക്ഷന്‍ കമ്മറ്റി ബാസ്റ്റിന് ഐപിഎസ് നല്‍കാന്‍ ഉത്തരവിട്ടു. 2019, 20 വര്‍ഷങ്ങളിലെ പട്ടിക പുനഃപരിശോധിച്ചതിന് ശേഷമാണ് ബാസ്റ്റിനെ 2020 ലെ പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 16 ന് വന്ന പട്ടികയില്‍ ബാസ്റ്റിന് വേണ്ടി ഒരു സ്ഥാനം ഒഴിച്ചിട്ടിരുന്നു. ഈ പട്ടിക പുനഃപരിശോധിച്ച് മുന്‍കാല പ്രാബല്യത്തോടെയാണ് ഇപ്പോള്‍ നിയമനം.

ബാസ്റ്റിന്‍ സാബുവിനെ അണ്‍ഫിറ്റാക്കിയത് ഇങ്ങനെ..

2006 ല്‍ പയ്യോളി സ്‌റ്റേഷനില്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ബാസ്റ്റിന്‍ സാബു കേസുമായി ബന്ധപ്പെട്ട് വന്ന സിപിഎം പ്രാദേശിക നേതാവിനോട് മോശമായി പെരുമാറിയത്രേ. നേതാവിനെ അസഭ്യം വിളിക്കുകയും കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. നേതാവ് അക്കാലത്തെ വൈദ്യുതി മന്ത്രിക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കി. അദ്ദേഹം അത് മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചത് പ്രകാരം കോഴിക്കോട് റൂറല്‍ എസ്.പി, ബാസ്റ്റിന്‍ സാബുവിനെതിരേ അന്വേഷണം നടത്തി. വകുപ്പുതല നടപടിക്ക് ശിപാര്‍ശ ചെയ്ത് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാസ്റ്റിനെതിരേ തുടരന്വേഷണത്തിന് ഉത്തരമേഖലാ ഐജി നിര്‍ദേശിച്ചു. അന്വേഷണത്തില്‍ ബാസ്റ്റിന്റെ ഭാഗത്ത് വീഴ്ച കണ്ടെത്തി. ബാസ്റ്റിന്റെ ഇന്‍ക്രിമെന്റ് ഒരു വര്‍ഷത്തേക്ക് തടഞ്ഞു കൊണ്ട് നടപടി വന്നു. ഇതേ സമയം തന്നെ സര്‍ക്കാരിനും ബാസ്റ്റിനെതിരായ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ ഒരു വാച്യാന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഉത്തരമേഖലാ ഐജി ഇതു സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാക്കിയതും നടപടി എടുത്തതും അറിയാതെയായിരുന്നു സര്‍ക്കാരിന്റെ നടപടി ക്രമം.

സര്‍ക്കാര്‍ തലത്തിലുള്ള അന്വേഷണ ഉത്തരവ് കിട്ടിയതിന് പിന്നാലെ സംസ്ഥാന പോലീസ് മേധാവി ബാസ്റ്റിനെതിരേ ചുമത്തിയ നടപടി ക്രമങ്ങള്‍ റദ്ദാക്കാന്‍ ഉത്തരമേഖലാ ഐജിയോട് നിര്‍ദേശിച്ചു. ഇതിന്‍ പ്രകാരം ഐജി ആ നടപടി ക്രമങ്ങള്‍ റദ്ദാക്കുകയും ചെയ്തു. ഈ വിവരം സംസ്ഥാന പോലീസ് മേധാവി സര്‍ക്കാരിനെ അറിയിച്ചതുമില്ല.

ഐപിഎസിന് പരിഗണിക്കപ്പെടുമെന്ന് അറിയാമായിരുന്ന ബാസ്റ്റിന്‍ സാബു, 2006 ലെ തനിക്കെതിരായ സര്‍ക്കാരിന്റെ അച്ചടക്ക നടപടി (വാച്യാന്വേഷണ ഉത്തരവ്) അതിനൊരു തടസമാകാതിരിക്കാന്‍ ആ നടപടി ക്രമങ്ങള്‍ റദ്ദാക്കുന്നതിന് വേണ്ടി 2016 ല്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സര്‍ക്കാരിന്റെ വാച്യാന്വേഷണം റദ്ദാക്കി. ഇതോടെ ബാസ്റ്റിനെതിരായ രണ്ട് അന്വേഷണങ്ങളും റദ്ദായി. ആദ്യത്തേത് നോര്‍ത്ത് സോണ്‍ ഐജി നടത്തിയ അന്വേഷണം ഡിജിപിയുടെ നിര്‍ദേശ പ്രകാരം 2006 ല്‍ തന്നെ റദ്ദാക്കപ്പെട്ടു. രണ്ടാമത്തേതത് സര്‍ക്കാര്‍ ഉത്തരവിട്ട വാച്യാന്വേഷണം 2016 ലെ ഹൈക്കോടതി വിധി പ്രകാരവും റദ്ദാക്കപ്പെട്ടു.

അതിന് ശേഷം, ഉത്തരമേഖലാ ഐജിയുടെ 2006 ലെ അന്വേഷണത്തില്‍ തനിക്കെതിരായി ശിപാര്‍ശ ചെയ്ത നടപടികളെ കുറിച്ചുളള പരാമര്‍ശം ഒഴിവാക്കി കിട്ടാന്‍ വേണ്ടി ബാസ്റ്റിന്‍ സാബു സര്‍ക്കാരില്‍ അപേക്ഷ നല്‍കി. രണ്ട് അച്ചടക്ക നടപടികളും റദ്ദാക്കപ്പെട്ടുവെങ്കിലും ഈ ഉദ്യോഗസ്ഥനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയത് നിലനില്‍ക്കുന്നുവെന്ന് മനസിലാക്കിയ സര്‍ക്കാര്‍ 2006 ലെ ഉത്തരമേഖലാ ഐജിയുടെ അച്ചടക്ക നടപടി പുനഃസ്ഥാപിച്ചു. ഒരു വര്‍ഷത്തെ ശമ്പള വര്‍ധനവ് തടഞ്ഞു കൊണ്ടുളള ഉത്തരവ് പുനഃസ്ഥാപിച്ചതോടെ അധിക ശമ്പളമായി കൈപ്പറ്റിയ 5016 രൂപ തിരികെ അടയ്ക്കാന്‍ ബാസ്റ്റിനോട് നിര്‍ദേശിച്ചു. 2021 മാര്‍ച്ച് 12 ന് ബാസ്റ്റിന്‍ പണം അടച്ചു.

അതിന് ശേഷവും ബാസ്റ്റിന് ഐപിഎസ് കിട്ടാതിരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. എന്നാല്‍ ക്യാറ്റിന്റെ ഇടപെടലോടെ അവസാനം ബാസ്റ്റിന് നീതി ലഭിച്ചിരിക്കുകയാണ്.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…