റാന്നി: ഇടമണ്ണില്‍ പാറ ഉത്പന്നവുമായി ഇറക്കം ഇറങ്ങി വന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് തിട്ടയിലിടിച്ച് മറിഞ്ഞു. വ്യാഴം പുലര്‍ച്ചെ അഞ്ചരയോടെ ഇടമണ്‍ സോബാറിലാണ് സംഭവം. അപകടത്തില്‍ ഡ്രൈവര്‍ വെച്ചൂച്ചിറ കൂത്താട്ടുകുളം സ്വദേശി ജിനീഷ് കുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെമ്പനോലിയിലെ അടഞ്ഞു കിടക്കുന്ന സ്വകാര്യ ക്രഷറില്‍ നിന്നും പാറമക്കുമായി വന്ന ടിപ്പറാണ് അപകടത്തില്‍ പെട്ടത്.
മന്ദമരുതി-വെച്ചൂച്ചിറ റോഡില്‍ ഇടമണ്‍ സോബാര്‍ പള്ളിക്കു സമീപമാണ് അപകടം. നിരവധി അപകടങ്ങളും മരണങ്ങളും നടന്നിട്ടുള്ള ഇവിടെ കുത്തിറക്കവും വലിയ വളവുകളുമാണുള്ളത്. ആനമാടം ഇറക്കത്തില്‍ അമിത വേഗതയില്‍ ലോറി കടന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. അപകട സ്ഥലത്തിന് 200 മീറ്റര്‍ മുകളില്‍ നിന്നും ലോറി പൂര്‍ണമായും വലതു വശത്തെ തിട്ടയോടു ചേര്‍ന്നാണ് വന്നിരിക്കുന്നത്. റോഡിലെ കലുങ്കിന്റെ പാരപ്പറ്റ് ഇടിച്ചു തകര്‍ത്ത ലോറി വലിയപാറയില്‍ തട്ടിയാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ ലോറി പൂര്‍ണമായും തകര്‍ന്നു.