
കോഴഞ്ചേരി: റാന്നി-കോഴഞ്ചേരി റൂട്ടിലെ യാത്രാദുരിതത്തിന് താല്‍ക്കാലിക ശമനം നല്‍കിക്കൊണ്ട് പുതമണില്‍ താല്‍ക്കാലിക പാലം തുറന്നു. ഇതു വഴി ബസുകള്‍ ഓടിത്തുടങ്ങി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പാലത്തിന് തകര്‍ച്ച കണ്ടതോടെ നിര്‍ത്തി വച്ചിരുന്ന ബസുകള്‍ പുതുതായി നിര്‍മ്മിച്ച താത്ക്കാലിക പാലം തുറന്നതോടെയാണ് വീണ്ടും ഓടിത്തുടങ്ങിയത്. ഇതിനൊപ്പം പഴയ പാലം വഴിയും വലിയ വാഹനങ്ങള്‍ ഓടുന്നത് അപകട സാധ്യതും ഉണ്ടാക്കുന്നു.
പാലം തകര്‍ച്ചയില്‍ ആയതോടെ റാന്നി കോഴഞ്ചേരി റൂട്ടില്‍ വാഴക്കുന്നം, ചെറുകോല്‍ വഴി നടത്തിയിരുന്ന ബസ് സര്‍വീസുകള്‍ എല്ലാം പേരുച്ചാല്‍, അയിരൂര്‍, ചെറുകോല്‍പ്പുഴ വഴി തിരിച്ചു വിട്ടിരുന്നു. പമ്പാ നദിക്ക് അക്കരെ വഴി ബസുകള്‍ പോയതോടെ യാത്രക്ക് മാര്‍ഗമില്ലാത്ത അവസ്ഥയാണ് ഉണ്ടായത്. പിന്നീട് പുതമണ്ണില്‍ നിന്നും കോഴഞ്ചേരിയിലേക്ക് കെ.എസ് ആര്‍ ടി സി സര്‍വീസ് നടത്തി. ഇതായിരുന്നു ഇന്നാട്ടുകാരുടെ ഏക ആശ്രയം. വാഹനങ്ങളും ഗതാഗതവും ഇല്ലാതെ വന്നതോടെ വ്യാപാരികളും ചെറുകിട കച്ചവടക്കാരും എല്ലാം പ്രതിസന്ധിയിലായിരുന്നു.ഇവയ്‌ക്കെല്ലാം താത്ക്കാലിക പരിഹാരമായാണ് പാലം തുറന്നത്.
ചെറുകോല്‍ പഞ്ചായത്തില്‍ പെരുന്തോടിനു കുറുകെ ഒരു മീറ്റര്‍ വ്യാസമുള്ള നാലു പൈപ്പുകള്‍ സ്ഥാപിച്ചാണ് താല്‍ക്കാലിക പാലം ഒരുക്കിയിരിക്കുന്നത്. തോട്ടില്‍ 12 മീറ്ററും ഇരുകരകളിലും 60 മീറ്റര്‍ നീളവുമാണ് പാതയ്ക്കുള്ളത്. മൂന്നു മീറ്ററാണ് വീതി. ഒരു സമയം ഒരു വശത്തേക്കു മാത്രമേ ഗതാഗതം സാധ്യമാകൂ. ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അനുവദിച്ചിട്ടുണ്ടെകിലും അമിത ഭാരം കയറ്റി വരുന്ന ചരക്കു വാഹനങ്ങള്‍ കടത്തി വിടില്ല. അവ ചെറുകോല്‍പ്പുഴ റോഡിലൂടെ തന്നെ തുടര്‍ന്നും യാത്ര നടത്തണം.
റാന്നിയില്‍ നിന്ന് കോഴഞ്ചേരിക്കു പോകുമ്പോള്‍ പുതമണ്‍ പാലത്തിന്റെ ഇടതു വശത്തായിട്ടാണ് താല്‍ക്കാലിക പാത നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തിന് ഇരുവശത്തെയും ഭൂഉടമകള്‍ താല്‍ക്കാലികമായി സ്ഥലം വിട്ടു നല്‍കിയാണ് പാത നിര്‍മ്മിച്ചത്. 30.8 ലക്ഷംരൂപയാണ് താല്‍ക്കാലിക പാതയ്ക്കായി സര്‍ക്കാര്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷം ജനുവരി 25 ന് വൈകിട്ടാണ് പുതമണ്‍ പാലത്തില്‍ തകര്‍ച്ച കാണപ്പെട്ടത്. പഴയ പാലത്തിന്റെ ബീമിനു പൊട്ടലുണ്ടാവുകയായിരുന്നു. തുടര്‍ന്ന് വാഹന ഗതാഗതം നിരോധിച്ചിരുന്നു. ഇവിടെ പുതിയ പാലത്തിനായി എസ്റ്റിമേറ്റും രൂപരേഖയും സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്.
താത്ക്കാലിക പാലം തുറന്നതോടെ നേരത്തെ അടച്ചിരുന്നു. പഴയ പാലം വഴിയും വാഹനങ്ങള്‍ ഓടുന്നുണ്ട്. ഇത് അപകടത്തിന് കാരണമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ ഗതാഗതം തടഞ്ഞ് പാലം കെട്ടി അടച്ചിരുന്നു.ഇത് ഭാഗികമായി പൊളിച്ചു നീക്കിയാണ് ഇത് വഴി വാഹനങ്ങള്‍ കടന്നു പോകുന്നത്.ഇത് അപകടത്തിന് കാരണമാകും.