
പത്തനംതിട്ട: സംസ്ഥാനത്തെ സ്‌കൂളുകളില്‍ കെട്ടിക്കിടക്കുന്ന ഇലക്‌ട്രോണിക് മാലിന്യവും ( ഇ വേസ്റ്റ് ) മറ്റ് ഉപയോഗശൂന്യമായ ഖര മാലിന്യങ്ങളും ശാസ്ത്രീയമായി തരംതിരിച്ച് നിര്‍മാര്‍ജനം ചെയ്യാനുള്ള സത്വര നടപടികള്‍ ആറു മാസത്തിനകം സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകളില്‍ ഐ.ടി. ഉപകരണങ്ങളും മറ്റ് പാഴ് വസ്തുക്കളും കൂട്ടിയിട്ട് അപകടം ക്ഷണിച്ചു വരുത്തുന്നുവെന്ന പരാതിയിലാണ് കമ്മിഷന്‍ അംഗം വി.കെ.ബീനാകുമാരിയുടെ ഉത്തരവ്. കൈറ്റ് മേധാവിയില്‍ നിന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് വാങ്ങി.
2017 ജൂണ്‍ 20 ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഇ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി വഴി ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൈറ്റ് ക്രമീകരണം ഒരുക്കിയിട്ടുണ്ട്. 2019 ജൂണ്‍ 14 വരെ സ്‌കൂളുകളില്‍ നിന്നും ഉള്‍പ്പെടെ 741 ടണ്‍ ഇ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ടിലുള്ളത് ഐ.ടി. ഉപകരണങ്ങളുടെ നിര്‍മാര്‍ജനത്തെ കുറിച്ച് മാത്രമാണെന്നും ഇ-വേസ്റ്റിനെ കുറിച്ച് പരാമര്‍ശമില്ലെന്നും പരാതിക്കാരന്‍ അറിയിച്ചു. വയല അറുകാലിക്കല്‍ സ്വദേശി കെ. ഹരിപ്രസാദ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.