ഇലന്തൂര്‍ ഭഗവതിക്കുന്നില്‍ മോഷ്ടാക്കളുടെ വിളയാട്ടം: കാണിക്കവഞ്ചികള്‍ കുത്തിത്തുറന്നു: വിഗ്രഹങ്ങള്‍ വലിച്ചെറിഞ്ഞു

0 second read
Comments Off on ഇലന്തൂര്‍ ഭഗവതിക്കുന്നില്‍ മോഷ്ടാക്കളുടെ വിളയാട്ടം: കാണിക്കവഞ്ചികള്‍ കുത്തിത്തുറന്നു: വിഗ്രഹങ്ങള്‍ വലിച്ചെറിഞ്ഞു
0

പത്തനംതിട്ട: കാണിക്ക വഞ്ചികള്‍ കൊള്ളയടിച്ചിട്ടും കാര്യമായി ഒന്നും കിട്ടാതെ വന്നപ്പോള്‍ ക്ഷേത്രത്തില്‍ മോഷ്ടാക്കളുടെ അഴിഞ്ഞാട്ടം. ഉപദേവതാ നടകളിലെ വിഗ്രഹങ്ങള്‍ തകര്‍ത്തു. അടുത്തുള്ള പള്ളിയുടെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ചു. അയല്‍വീട്ടിലെ പോര്‍ച്ചില്‍ കിടന്ന കാര്‍ കമ്പി കൊണ്ട് വരഞ്ഞ് വികൃതമാക്കി. ഇലന്തൂര്‍ ഭഗവതിക്കുന്ന ദേവീക്ഷേത്രത്തിലും സമീപത്തുമാണ് മോഷ്ടാക്കളുടെ വിളയാട്ടം ഉണ്ടായത്. രാവിലെ നട തുറക്കാനെത്തിയ മേല്‍ശാന്തിയാണ് അക്രമം ആദ്യം കണ്ടത്.

ഭഗവതിക്കുന്ന് ക്ഷേത്രത്തിന്റെ ടി.കെ റോഡ് അരികിലെ കാണിക്കവഞ്ചിയാണ് ആദ്യം കുത്തിത്തുറന്നത്. പാലച്ചുവട്ടിലെ കാണിക്ക വഞ്ചി, ഉപദേവത നടകളിലെ കാണിക്കവഞ്ചികള്‍ എന്നിവ തകര്‍ത്തു. ഒരാഴ്ച മുന്‍പ് വഞ്ചി തുറന്ന് ക്ഷേത്രം ഭാരവാഹികള്‍ പണം എടുത്തിരുന്നതിനാല്‍ മോഷ്ടാക്കള്‍ക്ക് കാര്യമായി ഒന്നും ലഭിച്ചില്ല. ഇതില്‍ പ്രകോപിതരായിട്ടാണ് വിഗ്രഹത്തില്‍ അതിക്രമം നടത്തിയത് എന്നു കരുതുന്നു. യക്ഷിയമ്മയുടെ നടയിലെയും ഗണപതിയുടെ നടയിലെയും വിഗ്രഹങ്ങളുടെ പ്രഭ മോഷ്ടാക്കള്‍ കൊണ്ടുപോയി. അഞ്ചോളം ഓട്ടുവിളക്കുകളും എടുത്തിട്ടുണ്ട്. നാഗരാജത്തറയിലെ നാഗയക്ഷിയമ്മുടെയും യോഗീശ്വര ക്ഷേത്രത്തിലെയും വിഗ്രഹങ്ങളാണ് ഇളക്കി കളഞ്ഞത്. തിടപ്പള്ളിയിലും ചുറ്റമ്പലത്തിലും സ്‌ട്രോങ് റൂമിന് സമീപവും സിസിടിവി ഉള്ളതിനാല്‍ ഇവിടേക്ക് കടന്നിട്ടില്ല.

റോഡരികിലെ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ കുരിശടിയിലെ കാണിക്ക വഞ്ചി തകര്‍ക്കാനും ശ്രമം നടന്നു. തൊട്ടടുത്ത ഒരു വീട്ടിലെ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തി വരച്ചിട്ടുമുണ്ട്.

മോഷണമുതല്‍ കാര്യമായി ലഭിച്ചില്ലെങ്കില്‍ ഇത്തരം അതിക്രമങ്ങള്‍ മോഷ്ടാക്കളുടെ രീതിയാണെന്ന് പോലീസ് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ക്ഷേത്രം സന്ദര്‍ശിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഇലന്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു ആവശ്യപ്പെട്ടു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…