
പത്തനംതിട്ട: വിപ്പ് ലംഘിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യയാക്കി. പന്തളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി.പി ലീനയ്ക്കാണ് കമ്മിഷന്‍ അയോഗ്യത കല്‍പ്പിച്ചത്. ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുമേര്‍പ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത് 12-ാം ഡിവിഷന്‍ അംഗമാണ് ലീന. എല്‍.ഡി.എഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്ത് അഞ്ചാം ഡിവിഷന്‍ അംഗം ലാലി ജോണ്‍ മത്സരിക്കണമെന്നാണ് ഡി.സി.സി നേതൃത്വം വിപ്പ് നല്‍കിയിരുന്നത്.
ഇത് ലംഘിച്ച് ലീന മത്സരിക്കുകയും എല്‍.ഡി.എഫ് അംഗത്തിന്റെ വോട്ടു നേടി അധ്യക്ഷ സ്ഥാനത്തേക്ക് വിജയിക്കുകയും ചെയ്തു. വിപ്പ് ലംഘിച്ചത് കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് കാട്ടി ലാലി ജോണ്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് അയോഗ്യത കല്‍പ്പിച്ചിരിക്കുന്നത്. വിപ്പ് തനിക്ക് യഥാസമയം ലഭിച്ചിരുന്നില്ലെന്നുള്ള ലീനയുടെ വാദം കമ്മിഷന്‍ അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമാണ് വിപ്പ് വീടിന്റെ ഭിത്തിയില്‍ കൊണ്ടു വന്നത് പതിപ്പിച്ചതെന്നും ഇക്കാര്യം തെളിയിക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തണമെന്നുമുള്ള ലീനയുടെ അഭിഭാഷകന്‍ വി.ആര്‍. സോജിയുടെ ആവശ്യം കമ്മിഷന്‍ തള്ളി. ബാബു ജോര്‍ജ് ഡി.സി.സി പ്രസിഡന്റും അഡ്വ. കെ. പ്രതാപന്‍ കെ.പി.സി.സി അംഗവുമായിരിക്കുമ്പോഴാണ് ഈ സംഭവം നടക്കുന്നത്. നിലവില്‍ കെ. പ്രതാപന്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും ബാബു ജോര്‍ജ് കോണ്‍ഗ്രസിന് പുറത്തുമാണ്. 14 ന് നടക്കുന്ന സമ്മേളനത്തില്‍ ബാബു ജോര്‍ജ് സി.പി.എം അംഗത്വം സ്വീകരിക്കാനിരിക്കുകയുമാണ്. ഇരുവരും കമ്മിഷന്‍ മുന്‍പാകെ ഹര്‍ജിക്കാരിക്ക് അനുകൂലമായി മൊഴി നല്‍കി. അതേ സമയം, ആറന്മുള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ.എന്‍. രാധാചന്ദ്രനും മറ്റ് നേതാക്കളും ലീനയ്ക്ക് അനുകൂലമായിട്ടാണ് മൊഴി കൊടുത്തത്.
എല്‍.ഡി.എഫിന് മൃഗീയ ഭൂരിപക്ഷമുള്ള ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസിന് മൂന്ന് അംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. എല്‍.ഡി.എഫുമായുള്ള സമവായത്തിന്റെ പുറത്താണ് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി കോണ്‍ഗ്രസിന് കിട്ടിയത്. ഇവിടെ ലീന അധ്യക്ഷയാകണമെന്നായിരുന്നുവത്രേ രഹസ്യ ധാരണ. എന്നാല്‍, അധ്യക്ഷ സ്ഥാനം അവകാശപ്പെട്ട് ലാലി ജോണ്‍ വരികയും ഡി.സി.സി അതിനുള്ള വിപ്പ് പുറപ്പെടുവിക്കുകയുമായിരുന്നു. ഇത് ലംഘിച്ച് ലീന മത്സരിച്ചു. ലാലി ജോണ്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയുമായി. ശേഷിച്ച എല്‍.ഡി.എഫ് അംഗത്തിന്റെ വോട്ടു കൂടി നേടി ലീന വിജയിച്ചു.
കമ്മിഷന്റെ വിധിയില്‍ തൃപ്തിയില്ലെന്നും ഇത് മറികടക്കുന്നതിന് വേണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും അഡ്വ. വി.ആര്‍. സോജി പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് പുറത്തു പോയ രണ്ടു നേതാക്കള്‍ ചേര്‍ന്ന് പാര്‍ട്ടിക്കുണ്ടായിരുന്ന ഒരു സ്ഥാനം നഷ്ടപ്പെടുത്തുകയായിരുന്നുവെന്നും അതിന് വേണ്ടി ലാലി ജോണിനെ കരുവാക്കിയെന്നും സോജി ആരോപിച്ചു.