
പത്തനംതിട്ട: സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് വനിതാഡ്രൈവര്‍ മരിച്ചു. നാലു കുട്ടികള്‍ക്ക് പരുക്കേറ്റു. ചിറ്റാര്‍ കൊടുമുടി തൈക്കൂട്ടത്തില്‍ അഞ്ജുവിന്റെ ഭാര്യ അനിതയാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ തെക്കേക്കരയിലെ കുത്തനെയുള്ള ഇറക്കത്തില്‍ വാഹനം നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഉടന്‍ തന്നെ ചിറ്റാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് പത്തനംതിട്ട ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. ചിറ്റാര്‍ ഗവ. സ്കൂളിലേക്കുള്ള കുട്ടികളുമായി പോയ ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. അനിതയുടെ മകനും ഓട്ടോയില്‍ ഉണ്ടായിരുന്നു. കുട്ടികളുടെ പരുക്ക് സാരമുള്ളതല്ല. അനിതയും ഭര്‍ത്താവ് അഞ്ജുവും ഓട്ടോഡ്രൈവര്‍മാരാണ്. രണ്ടു പേര്‍ക്കും സ്വന്തമായി ഓട്ടോയുണ്ട്.