പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളുടെ മികച്ച പ്രകടനത്തിനുള്ള മഹാത്മ പുരസ്‌ക്കാരത്തിന് മൈലപ്ര, കൊടുമണ്‍, ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തുകള്‍ അര്‍ഹരായി. ഒന്നാം സ്ഥാനം മൈപ്രയും കൊടുമണും പങ്കിട്ടു. രണ്ടാം സ്ഥാനം ഓമല്ലൂര്‍ നേടി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് മൈലപ്ര പഞ്ചായത്ത് ജില്ലയില്‍ ഒന്നാം സ്ഥാനം നേടുന്നത്.
എം.ജി.എന്‍.ആര്‍.ഇ 2022-23 സാമ്പത്തിക വര്‍ഷം തൊഴിലിന് അപേക്ഷിച്ച 100 ശതമാനം തൊഴിലാളികള്‍ക്കും തൊഴില്‍ നല്‍കി. 78 7 ശരാശരിതൊഴില്‍ ദിനങ്ങള്‍ ഉണ്ടായി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഉപജീവന മാര്‍ഗമായി കാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട് തുടങ്ങിയ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കി. മാലിന്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി കമ്പോസ്റ്റ് നടപ്പിലാക്കി. പ്രസിഡന്റ് രജനി ജോസഫും വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസുമാണ്.
മൈലപ്രയ്‌ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട കൊടുമണ്‍ ഗ്രാമപഞ്ചായത്തിന് ഇത് തുടര്‍ച്ചയായ നാലാമത്തെ പുരസ്‌ക്കാരമാണ്. പഞ്ചായത്തില്‍ 2610 സജീവ തൊഴിലാളികള്‍ ഈ പദ്ധതിയില്‍ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കാന്‍ സാധിച്ചു. 1110 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കി. ആകെ ചെലവഴിച്ച തുക 6.5 കോടി രൂപയാണ്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വ്യക്തിഗത ആനുകൂല്യങ്ങളായ കാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, അസോള ടാങ്ക്, കിണര്‍, കിണര്‍ റീചാര്‍ജ്, കുളങ്ങള്‍, തീറ്റപ്പുല്‍ കൃഷി എന്നിവ ഏറ്റവും കൂടുതല്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് സല്‍കുവാന്‍ കഴിഞ്ഞു. കേരഗ്രാമത്തിന്റെ ഭാഗമായി 26000 തെങ്ങിന്‍ തൈകള്‍ ഉത്പാദിപ്പിച്ച് ഓരോ വാര്‍ഡിലും വിതരണം ചെയ്യാന്‍ സാധിച്ചു. ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ കംപോസ്റ്റ് പിറ്റ്, സോക്പിറ്റ് എന്നിവ നല്‍കി. തുടര്‍ച്ചയായി നാലാം തവണയാണ്പുരസ്‌കാരത്തിന് തെരഞ്ഞെടുത്തിട്ടുള്ളത്. വര്‍ക്ക് ഷെഡ്, റോഡ് കോണ്‍ക്രീറ്റ് തുടങ്ങിയ പ്രവൃത്തികളും മണ്ണ് തട്ടു തിരിക്കല്‍, മഴക്കുഴി എന്നിവ നിര്‍മിച്ചു. സംരക്ഷണത്തിന് മണ്‍കൈയാലയും നിര്‍മിച്ചു. 2022-23 സാമ്പത്തിക വര്‍ഷം 154912 തൊഴില്‍ ദിനങ്ങളും സൃഷ്ടിക്കാന്‍ സാധിച്ചു. കെ. കെ. ശ്രീധരനാണ് പഞ്ചായത്ത് പ്രസിഡന്റ്. ധന്യാദേവി വൈസ് പ്രസിഡന്റ്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മഹാത്മ പുരസ്‌ക്കാരം ജില്ലയില്‍ രണ്ടാം സ്ഥാനം നേടിയത് ഓമല്ലൂരാണ്. 2022-23 സാമ്പത്തിക വര്‍ഷം 38054 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. ശരാശരി തൊഴില്‍ ദിനങ്ങള്‍ 74.47. ദിവസം 246 കുടുംബങ്ങള്‍ 100 ദിവസം പൂര്‍ത്തീകരിച്ചു. 31 ശതമാനം തുക മെറ്റീരിയല്‍ പ്രവൃത്തികള്‍ക്ക് വിനിയോഗിച്ചു. 69 ശതമാനംതുക തൊഴിലാളികള്‍ക്ക് വേതന ഇനത്തില്‍ ലഭിച്ചു. 54.67 ലക്ഷം രൂപയുടെ മെറ്റീരിയല്‍ പ്രവൃത്തികള്‍ നടപ്പിലാക്കി. 119.42 ലക്ഷം രൂപ തൊഴിലാളികള്‍ക്ക് വേതനം ഇനത്തില്‍ ലഭിച്ചു. 1000 മീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തു. ഗ്രാമീണ ശുചിത്വവുമായി ബന്ധപ്പെട്ടു എം.സി.എഫുകള്‍ 100 സോക്ക് പിറ്റുകള്‍ നിര്‍മിച്ചു. അമൃത് സരോവര്‍ പദ്ധതിയുമായി ചേര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയില്‍ രണ്ടു ചാലുകള്‍ നിര്‍മിച്ചു. 6000 തെങ്ങിന്‍ തൈകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്തു. കോളനികളില്‍ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി 16 കിണറുകള്‍ നിര്‍മിച്ചു. ഇവയ്ക്കു പുറമെ രണ്ടു പൊതു കിണറും ഒരു പൊതു കുളവും നിര്‍മിച്ചു. ഗ്രാമപഞ്ചായത്തില്‍ നിലവില്‍ ഇതു വരെ 52 കുളങ്ങള്‍ പുതിയതായി നിര്‍മിച്ചു. ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തൊഴുത്ത് നിര്‍മിച്ചു നല്‍കി. തീറ്റപ്പുല്ല് കൃഷി വ്യാപകമാക്കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഗ്രാമത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. അതിന്റെ ഭാഗമായി അംഗന്‍വാടികള്‍, സ്‌കൂളുകള്‍ക്ക് പാചകപ്പുരകള്‍, ഡൈനിങ് ഹാളുകള്‍, കുട്ടികള്‍ക്ക് കളിക്കുവാന്‍ കളിസ്ഥലങ്ങള്‍ എന്നിവ നിര്‍മിച്ചു. പ്രസിഡന്റ് അഡ്വ.ജോണ്‍സണ്‍ വിളവിനാല്‍, വൈസ് പ്രസിഡന്റ് സ്മിത സുരേഷ്.