തിരുവനന്തപുരം: വിവരാകാശ നിയമം അട്ടിമറിച്ച് തങ്ങള്‍ക്ക് വേണ്ടെപ്പെട്ടവരെയും സ്വാധീനമുള്ളവരെയും സംരക്ഷിക്കുന്ന പ്രവണത വര്‍ധിക്കുന്നു. ഇതിനായി നിയമത്തിലെ വകുപ്പുകള്‍ തന്നെയാണ് ദുര്‍വിനിയോഗം ചെയ്യുന്നത്. പല കാരണങ്ങള്‍ പറഞ്ഞ് മറുപടി വൈകിപ്പിക്കുകയോ നല്‍കാതെ ഇരിക്കുകയോ ചെയ്യും. അത്തരമൊരു നടപടിയാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.
വിവരാവകാശ അപേക്ഷയ്ക്ക് കൃത്യമായ മറുപടി കൊടുത്താല്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കുടുങ്ങും. ഇയാള്‍ക്കെതിരായ വിവരം റെയില്‍വേയുടെ കൈവശം ഉണ്ടു താനും. നല്‍കുന്നതിന് നിയമ തടസവുമില്ല. പക്ഷേ, അപേക്ഷയ്ക്ക് കിട്ടിയ മറുപടി വിവരങ്ങള്‍ വ്യക്തിഗതമായതിനാല്‍ നല്‍കാന്‍ കഴിയില്ല. ഇനി അപേക്ഷകന്‍ അപ്പീലുമായി അലയണം. ഏതെങ്കിലുമൊരു കാലത്ത് കൃത്യമായ മറുപടി കിട്ടിയാലായി, കിട്ടിയില്ലെങ്കിലായി. ഇങ്ങനെയാണ് സ്വാധീനമുള്ളവര്‍ ഓരോ നിയമങ്ങള്‍ അട്ടിമറിക്കുന്നത്.
സ്‌റ്റോപ്പില്ലാത്ത റെയില്‍വേ സ്‌റ്റേഷനില്‍ രാജധാനി എക്‌സ്പ്രസ് ചങ്ങല വലിച്ച് നിര്‍ത്തുകയും ലോക്കോപൈലറ്റിനോട് മോശമായി പെരുമാറുകയും ചെയ്ത കേസില്‍ പ്രതിയായ ഡിവൈ.എസ്.പിയെക്കുറിച്ചും സംഭവത്തിന്റെ വിശദാംശങ്ങള്‍ തേടിയും നല്‍കിയ വിവരാവകാശ അപേക്ഷ മറുപടി നല്‍കാതെ നിരസിച്ചിരിക്കുകയാണ് റെയില്‍വേയിലെ വിവരാവകാശ ഉദ്യോഗസ്ഥന്‍. ഇത് വ്യക്തിഗത വിവരങ്ങളാണെന്നും വിവരാവകാശ നിയമം 8(1)(ജെ) പ്രകാരം നല്‍കാന്‍ കഴിയില്ലെന്നുമാണ് അറിയിച്ചിട്ടുള്ളത്.
നിലവില്‍ ഐപിഎസ് കണ്‍ഫര്‍ ചെയ്തു കിട്ടിയിട്ടുള്ള, മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണിത്താന്‍ വധശ്രമക്കേസ് പ്രതി എന്‍. അബ്ദുള്‍ റഷീദ് ആണ് രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ ചങ്ങല പിടിച്ചു നിര്‍ത്തിയത്. 2010 ഡിസംബര്‍ 28 നായിരുന്നു സംഭവം. ഗോവയില്‍ അവധി ആഘോഷിച്ച് മടങ്ങിയ അബ്ദുള്‍ റഷീദിനും കുടുംബത്തിനും കൊല്ലത്താണ് ഇറങ്ങേണ്ടിയിരുന്നത്. ഇവിടെ രാജധാനി എക്‌സ്പ്രസിന് സ്‌റ്റോപ്പ് ഇല്ല. കൊല്ലത്തിനുള്ള യാത്രക്കാര്‍ തിരുവനന്തപുരത്ത് പോയി ഇറങ്ങി തിരികെ വരണം. എട്ടു മണിക്കൂര്‍ വൈകി ഓടിവന്ന ട്രെയിന്‍ കൊല്ലം സ്‌റ്റേഷന്‍ പിന്നിടാന്‍ ഒരുങ്ങുമ്പോഴാണ് അബ്ദുള്‍ റഷീദ് ചങ്ങല വലിച്ചു നിര്‍ത്തിയത്. തുടര്‍ന്ന് ഇദ്ദേഹം കുടുംബാംഗങ്ങളുമായി ഇവിടെ ഇറങ്ങുകയും ചെയ്തു.
ചോദ്യം ചെയ്ത ലോക്കോ പൈലറ്റ്, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ എന്നിവരോട് റഷീദ് മോശമായി പെരുമാറി. ആര്‍പിഎഫ് എസ്‌ഐ ടി. മനോഹരന്‍ ക്രൈം നമ്പര്‍ 1/2011 ആയി റെയില്‍വേ ആക്ട് 1989 പ്രകാരം 141-ാം വകുപ്പിട്ട് റഷീദിനെതിരേ കേസ് എടുത്തു. എന്നാല്‍, പിന്നീട് ഈ ഉദ്യോഗസ്ഥന്‍ തന്റെ നിലപാട് പാടേ മാറ്റി. ട്രെയിന്റെ ചങ്ങല വലിച്ചത് ആരെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ് 2011 ഡിസംബറില്‍ കേസ് അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കി. തിരുവനന്തപുരം ആര്‍പിഎഫ് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മിഷണര്‍ ഇതേ നിലപാട് റെയില്‍വേ കോടതിയിലും ആവര്‍ത്തിച്ചു.
റഷീദ് ട്രെയിനിന്റെ ചങ്ങല വലിച്ച് നിര്‍ത്തിയതിന് ഒരു സാക്ഷി വന്നതോടെ കേസിന് വീണ്ടും ജീവന്‍ വച്ചു. 2013 മേയ് 10 ന് എസ്.ഐ ടി. മനോഹരന്‍ അബ്ദുള്‍ റഷീദിന് എതിരേ കോടതിയില്‍ കുറ്റപത്രം നല്‍കി. ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ പ്രതിയായപ്പോള്‍ അബ്ദുള്‍ റഷീദിനെതിരേ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഈ വിവരങ്ങള്‍ പ്രതിപാദിക്കുകയും മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കുകയും ചെയ്തിരുന്നു.
ഈ സംഭവം സംബന്ധിച്ചാണ് അപേക്ഷകന്‍ ഒമ്പതു ചോദ്യങ്ങള്‍ റെയില്‍വേയിലെ വിവരാവകാശ ഉദ്യോഗസ്ഥനോട് ചോദിച്ചത്. ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ റഷീദ് ചെയിന്‍ വലിച്ചു ട്രെയിന്‍ നിര്‍ത്തിയത് പരാമര്‍ശിക്കുന്ന ഭാഗം സഹിതമായിരുന്നു ചോദ്യം. എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തിഗത വിവരം ആയതിനാല്‍ നല്‍കാന്‍ കഴിയില്ലെന്ന മറുപടിയാണ് ആര്‍പിഎഫ് സീനിയര്‍ ഡിവിഷണല്‍ സെക്യൂരിറ്റി ഓഫീസര്‍ നല്‍കിയത്. ഇവിടെയാണ് അട്ടിമറി നടന്നത്. ഈ കേസിന് എന്തു സംഭവിച്ചു എന്നറിയാനുള്ള സാധാരണ പൗരന്റെ അവകാശമാണ് ഹനിക്കപ്പെട്ടത്. അട്ടിമറിക്ക് പിന്നില്‍ ഇദ്ദേഹത്തിന്റെ തന്നെ സഹപ്രവര്‍ത്തകന്റെ പങ്കുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ഡിവൈ.എസ്.പി പബ്ലിക് സെര്‍വന്റ്, മറുപടി നിഷേധിച്ചത് വിവരാവകാശത്തിന് വിരുദ്ധം
താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നിഷേധിച്ചതിനെതിരേ അപേക്ഷകന്‍
അപ്പീല്‍ നല്‍കിയിട്ടുണ്ട്. അട്ടിമറി മറുപടിയില്‍ നിന്ന് വ്യക്തമാണെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. പൊതുജനസേവകനായ ഡിവൈ.എസ്പിയെ സംബന്ധിച്ച വിവരങ്ങള്‍, പ്രത്യേകിച്ചും ഒരു കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഒരിക്കലും വ്യക്തിഗതമല്ല. സര്‍ക്കാരിന്റെ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന പൊതുജനസേവകനായ ഡിവൈ.എസ്.പി ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി കൈപ്പറ്റിയതിന് ശേഷമാണ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇത് കാരണം വിവരം നല്‍കുന്നത് നിഷേധിക്കാനാവില്ല. അബ്ദുള്‍ റഷീദ് നിലവില്‍ ഐ.പി.എസ് നേടിക്കഴിഞ്ഞു. അദ്ദേഹത്തിന് ഐപിഎസ് ലഭിക്കുന്നതിന് മുന്നോടിയായി ഈ കേസ് തീര്‍ക്കേണ്ടതാണ്. എങ്ങനെയാണ് കേസ് തീര്‍ത്തത് എന്ന് അറിയാന്‍ പൊതുജനത്തിന് താല്‍പര്യമുണ്ട്. ഇതൊന്നും വ്യക്തിഗതമല്ല. പൊതുതാല്‍പര്യമുള്ളതാണ്. ആ വിവരം മറച്ചു വയ്ക്കാന്‍ വിവരാവകാശ നിയ പ്രകാരം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് കഴിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.